ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനങ്ങളെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് നിഹോണ്‍ ഹിഡാൻക്യോ
ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാൻക്യോയ്ക്കാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനങ്ങളെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് നിഹോണ്‍ ഹിഡാൻക്യോ. അണുബോംബ് സ്ഫോടനങ്ങളെ അതിജീവിച്ചവരുടെ (ജാപ്പനീസില്‍ ഹിബാകുഷ) ദുരവസ്ഥയ്ക്ക് പരിഹാരം തേടുകയും, ആണവായുധ വിമുക്തലോകത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് നിഹോണ്‍ ഹിഡാൻക്യോ ശ്രദ്ധിക്കപ്പെടുന്നത്. ആണവായുധങ്ങള്‍ ലോകത്തുനിന്ന് ഇല്ലാതാക്കുകയും ആണവയുദ്ധങ്ങള്‍ തടയുകയുമാണ് സംഘടനയുടെ ലക്ഷ്യം. ആഗോളതലത്തില്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.
നിഹോണ്‍ ഹിഡാൻക്യോയുടെ തുടക്കം
1945, ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിക്കപ്പെട്ട വര്‍ഷം. അന്ന് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച അണുബോംബ് കവര്‍ന്നത് 1,20,000 പേരുടെ ജീവനാണ്. പൊള്ളലും അണുവികിരണവുമേറ്റ നിരവധിപ്പേര്‍ പിന്നീട് പലപ്പോഴായി മരിക്കുകയും ചെയ്തു. ഏകദേശം 6,50,000 ആളുകള്‍ ആണവ സ്ഫോടനങ്ങളെ അതിജീവിച്ചെന്നാണ് കണക്ക്. അമേരിക്കയുടെ ആണവായുധ പരീക്ഷണങ്ങളില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും, അതിജീവിതരെക്കുറിച്ച് അത്രത്തോളം ശബ്ദമുയര്‍ന്നില്ല. കാലഗതിയില്‍ അവരുടെ കാര്യം വിസ്മരിക്കപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍, പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1956ല്‍, പ്രാദേശിക ഹിബാകുഷ സംഘങ്ങള്‍, പസിഫിക്കിലെ ആണവായുധ പരീക്ഷണങ്ങളില്‍ ഇരകളായവര്‍ക്കൊപ്പം ദി ജപ്പാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എ ആന്‍ഡ് എച്ച് ബോംബ് സഫറേഴ്സ് ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ സംഘടന രൂപീകരിച്ചു. അതിന്റെ ജാപ്പനീസ് ചുരുക്കപ്പേരാണ് നിഹോണ്‍ ഹിഡാന്‍ക്യോ. താഴേത്തട്ടില്‍ തുടക്കമിട്ട ഈ സംഘടന ചുരുങ്ങിയ കാലത്തിനിടെ, ജപ്പാനിലെ ഏറ്റവും വലുതും വ്യാപക പ്രാതിനിധ്യവുമുള്ള സംഘടനയായി മാറി.
ഇനിയൊരു ഹിബാകുഷ വേണ്ട
ആണവായുധ ശക്തി സംഭരിച്ച് ലോകം പോരടിച്ചു തുടങ്ങിയ കാലത്താണ്, ബോംബ് വര്‍ഷത്തിന്റെ ദുരന്താനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിഹോണ്‍ ഹിഡാന്‍ക്യോ രംഗപ്രവേശം ചെയ്യുന്നത്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളിലൂന്നിയാണ് അവരുടെ പ്രവര്‍ത്തനം. ജപ്പാനു പുറത്ത് താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ ഹിബാകുഷകളുടെയും സാമുഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഒന്നാമത്തേത്. ഹിബാകുഷയ്ക്ക് സംഭവിച്ച ദുരന്തത്തിന് ഇനിയൊരിക്കല്‍ കൂടി ആരും വിധേയരാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. അതിജീവിതരുടെ സാക്ഷ്യപ്രസ്താവനകള്‍ക്കൊപ്പം, ആണവായുധ ഉപയോഗത്തിന്റെ വിനാശകരമായ മാനുഷിക-സാമുഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിപുലമായ ബോധവത്കരണ പരിപാടികളും സംഘടന നടത്തുന്നു. ഇനിയൊരു ഹിബാകുഷ വേണ്ട എന്നതാണ് അവരുടെ മുദ്രാവാക്യം.
ALSO READ: സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്
തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് തെറ്റിദ്ധരിക്കുന്ന, ഇപ്പോഴും സംശയം മാറാത്ത സമൂഹത്തോട് ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അണുവികിരണ വിഷബാധ, അതിന്റെ പാര്‍ശ്വഫലങ്ങള്‍, ശാരീരിക-ആരോഗ്യ പ്രശ്നങ്ങള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള അപര്യാപ്തമായ സര്‍ക്കാര്‍ പിന്തുണ എന്നിവയെല്ലാം അതിജീവിതരുടെ ജീവിതത്തെ മറ്റൊരു രൂപത്തിലാക്കിയിരുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിലും, തങ്ങൾക്കുവേണ്ടി മാത്രമല്ല, ഭാവിതലമുറയ്ക്കുവേണ്ടി കൂടിയാണ് നിഹോണ്‍ ഹിഡാന്‍ക്യോ നീതി തേടുന്നത്. ആണവായുധ സ്ഫോടനങ്ങളെ അതിജീവിച്ചരെ അംഗീകരിക്കാനും, പിന്തുണയ്ക്കാനും പ്രേരിപ്പിക്കുന്നതിനൊപ്പം, തലമുറകള്‍ക്ക് നാശം വിതയ്ക്കുന്ന ആണവായുധങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനും അവര്‍ ലോകത്തോട് ആവശ്യപ്പെടുന്നു.
ആണവായുധ വിരുദ്ധ മുന്നേറ്റങ്ങളിലെ ആഗോള ശബ്ദം
അണുബോംബ് സ്ഫോടനങ്ങളിലേക്ക് നയിക്കപ്പെട്ട യുദ്ധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ജപ്പാന് പിന്മാറാനാവില്ലെന്നതാണ് നിഹോണ്‍ ഹിഡാന്‍ക്യോയുടെ വാദം. അക്കാര്യം ജപ്പാന്‍ ഭരണകൂടം സമ്മതിക്കണം. മാത്രമല്ല, അണുബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ആരോഗ്യം ക്ഷയിച്ചവര്‍ക്കും അര്‍ഹമായ സഹായം അനുവദിക്കണം എന്നിങ്ങനെ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചിരുന്നു. യുദ്ധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ജപ്പാന്‍ വിസമ്മതിച്ചെങ്കിലും ഹിബാകുഷയുടെ ആവശ്യങ്ങള്‍ ജപ്പാന് അംഗീകരിക്കേണ്ടിവന്നിരുന്നു. Act for Atomic Bomb Sufferers’ Medical Care 1957, Law Concering Special Measures for the Atomic Bomb Exposed 1968, Atomic survivor’s Assistance Act 1994 എന്നിങ്ങനെ നിയമങ്ങള്‍ കൊണ്ടുവന്നു.
ഒരു ആഭ്യന്തര സംഘടന എന്നതിനപ്പുറം, ആണവായുധ വിരുദ്ധ മുന്നേറ്റങ്ങളില്‍ ആഗോള ശബ്ദമായി നിഹോണ്‍ ഹിഡാന്‍ക്യോ മാറി. സംഘടനയിലെ അംഗങ്ങൾ ലോകമെമ്പാടും സഞ്ചരിച്ചു, ആള്‍ക്കൂട്ടങ്ങളോട് സംസാരിച്ചു. ഐക്യരാഷ്ട്രസഭയിൽ സാക്ഷ്യങ്ങള്‍ പ്രസ്താവിച്ചു, അന്താരാഷ്ട്ര സമാധാന സമ്മേളങ്ങളില്‍ പങ്കെടുത്തു, വിദേശ നേതാക്കളുമായും രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ചകള്‍ നടത്തി. ആ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരത്തിലൂടെ അവരിലേക്ക് എത്തിയിരിക്കുന്നത്.