രാജ്യത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്നതാണ് ഇപ്പോഴത്തെ നിയമ നടപടികള്‍
ഇന്ത്യയില്‍ വലിയൊരു നിയമപോരാട്ടത്തിലാണ് വിക്കിപീഡിയ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് വിക്കിപീഡിയ ഉടമസ്ഥരായ വിക്കിമീഡിയ ഫൗണ്ടേഷന്‍ നിയമ നടപടി നേരിടുന്നത്. എഎന്‍ഐയുടെ പേജില്‍ അപകീര്‍ത്തിപ്പെടുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്ന കേസില്‍ വാദപ്രതിവാദം തുടരുകയാണ്. വിക്കിപീഡിയയെ മാത്രമല്ല, രാജ്യത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്നതാണ് ഇപ്പോഴത്തെ നിയമ നടപടികള്‍. വിവരശേഖരണത്തിനായി വെബ്സൈറ്റിനെ ആശ്രയിക്കുന്നവരെ എങ്ങനെയാവും അത് ബാധിക്കുക? ഓണ്‍ലൈന്‍ വിവരങ്ങള്‍ സത്യസന്ധമായും, സ്വതന്ത്രമായും എല്ലാവര്‍ക്കും അക്സസ് ചെയ്യാന്‍ പറ്റുന്ന സാഹചര്യം തുടര്‍ന്നും ഉണ്ടാകുമോയെന്നതാണ് പ്രധാന ആശങ്ക.
എഎന്‍ഐയുടെ പരാതി
വിക്കിപീഡിയയിലെ എഎന്‍ഐയുടെ പേജില്‍, അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ പരാതി. വിക്കിപീഡിയ ഉടമസ്ഥരായ വിക്കിമീഡിയ ഫൗണ്ടേഷനും അതിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് എഎന്‍ഐ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എഎന്‍ഐയുടെ വിക്കിപീഡിയ പേജില്‍ വന്ന വിശദാംശങ്ങളിലാണ് തര്‍ക്കം. വ്യാജ വാര്‍ത്താ വെബ്സൈറ്റുകള്‍, തെറ്റായ റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട ഉപകരണമായി എഎൻഐ പ്രവര്‍ത്തിക്കുന്നു എന്ന തരത്തിലായിരുന്നു വിക്കിപീഡിയ പേജിലെ വിവരങ്ങള്‍. വിമര്‍ശനങ്ങള്‍ക്കപ്പുറം, ഇത്തരം വിവരങ്ങള്‍ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു എഎന്‍ഐയുടെ വാദം. ഈ വിവരങ്ങള്‍ ഉള്ളടക്കത്തില്‍നിന്ന് നീക്കണം. ഇതുപോലെ, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ പേജില്‍ ഉള്‍പ്പെടുത്തുന്നതില്‍നിന്ന് വിക്കിപീഡിയയെ തടയണം. സംഭവിച്ച മാനനഷ്ടത്തിന് പരിഹാരമായി രണ്ട് കോടി രൂപ (237,874 ഡോളര്‍) വിക്കിപീഡിയ നല്‍കണം എന്നിങ്ങനെ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
എഎന്‍ഐയെ അലോസരപ്പെടുത്തിയ വിവരങ്ങള്‍
ഭരണത്തുടര്‍ച്ചയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട ടൂള്‍ ആയി വാര്‍ത്താ ഏജന്‍സി പ്രവര്‍ത്തിച്ചതായി ദി കാരവന്‍, ദി കെന്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എഎന്‍ഐയുടെ വിക്കിപീഡിയ പേജില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, എഎന്‍ഐയില്‍ കൃത്യമായ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം ഇല്ലെന്നും, ജോലിക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും ജോലിക്കാര്‍ തന്നെ ആരോപിക്കുന്നതായും വിവരമുണ്ട്. 2023 മണിപ്പുര്‍ കലാപത്തിനിടെ, രണ്ട് കുക്കി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതും ബലാത്സംഗം ചെയ്തതും മുസ്ലീങ്ങളാണെന്ന വ്യാജ ആരോപണം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നുവെന്നും വിക്കിപീഡിയ പേജില്‍ പറയുന്നു.
നശീകരണ, ദുരുപയോഗ ശ്രമങ്ങള്‍ ചെറുക്കുന്നതിനുള്ള extended confirmed protection എന്ന വിക്കിപീഡിയയിലെ ഫീച്ചറിനു കീഴിലാണ് എഎന്‍ഐ പേജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു നിശ്ചിത എണ്ണം തിരുത്തലുകള്‍ വരുത്തിയ അംഗങ്ങള്‍ക്ക് മാത്രമേ പേജില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനാകൂ എന്നതാണ് ഈയൊരു ഫീച്ചറിന്റെ പ്രത്യേകത. അതിനാല്‍ പുതിയൊരാള്‍ക്ക് പേജിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുമാകില്ല.
വാദം
മാനനഷ്ടക്കേസില്‍ ജൂലൈയില്‍ വാദം ആരംഭിച്ചു. വിക്കിപീഡിയയ്ക്ക് അഭിപ്രായങ്ങള്‍ പറയാം, പക്ഷേ അതിനൊരു വിശദീകരണം ആവശ്യമാണെന്നായിരുന്നു കോടതിയുടെ ആദ്യ നിരീക്ഷണം. തികച്ചും അപകീര്‍ത്തിപ്പെടുത്തുന്നൊരു കേസാണിത്. അതിനാല്‍ അവര്‍ കോടതിയിലെത്തി കാര്യം വിശദീകരിക്കണമെന്നും കോടതി നിലപാടെടുത്തു. ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുള്ള എഎന്‍ഐ ഹര്‍ജിയില്‍ ജസ്റ്റിസ് നവീന്‍ ചൗള വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചു. എഎന്‍ഐ പേജില്‍ അപകീർത്തികരമായ തിരുത്തലുകൾ വരുത്തിയത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മറുപടി നല്‍കാനോ, കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കാനോ വിക്കിപീഡിയ തയ്യാറാകാതിരുന്നതോടെ, കോടതി ഉത്തരവ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എഎൻഐ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതോടെ കോടതി വീണ്ടും ഇടപെട്ടു.
ഹര്‍ജി പരിഗണിച്ച കോടതി, കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി. വിക്കിപീഡിയയെ രൂക്ഷഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യേണ്ടതില്ല. കോടതി ഉത്തരവുകള്‍ പാലിക്കാത്ത സമീപനമാണെങ്കില്‍, വെബ്സൈറ്റ് അടച്ചുപൂട്ടും. അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ, വിക്കിപീഡിയയില്‍ തിരുത്തലുകള്‍ വരുത്തിയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ സീല്‍വെച്ച കവറില്‍ കൈമാറാമെന്ന് വിക്കിപീഡിയ കോടതിയെ അറിയിച്ചു.
പ്രതിവാദം
വെബ്സൈറ്റിലെ ഉള്ളടക്കം പൂര്‍ണമായും കൈകാര്യം ചെയ്യുന്നത് വൊളന്റീയര്‍മാരാണ്, ഫൗണ്ടേഷന് അതില്‍ നിയന്ത്രണങ്ങളൊന്നുമില്ല എന്നിങ്ങനെ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു വിക്കിപീഡിയയുടെ വിശദീകരണം. പൊതുവായി ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതാണെങ്കിലും, കൃത്യമായ വസ്തുതാപരിശോധനാ സംവിധാനങ്ങളുണ്ടെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. സ്വയം നിയന്ത്രണ മാതൃകയിലാണ് പ്രവര്‍ത്തനം. പ്രസിദ്ധീകരിക്കപ്പെട്ടതും ആധികാരികവുമായ ഉറവിടത്തിന്റെ പിന്തുണയോടെ, പേജുകള്‍ എഡിറ്റ് ചെയ്യാനും, നിഷ്പക്ഷമായൊരു കാഴ്ചപ്പാടില്‍ എഴുതാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കുന്നു. ഒരാള്‍ക്ക് പുതുതായി അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാത്തൊരു വിവരം ചേര്‍ക്കാമെന്ന് അതിനര്‍ത്ഥമില്ല. അതേസമയം, അനോമിനിറ്റി (അജ്ഞാതത്വം) നിലനിര്‍ത്തിക്കൊണ്ടാണ് ഓരോ യൂസേഴ്സും വിവരങ്ങള്‍ ചേര്‍ക്കുന്നതും എഡിറ്റ് ചെയ്യുന്നതും. ഇത്തരം തിരുത്തലുകള്‍ സംബന്ധിച്ച് വൊളന്റീയര്‍മാര്‍ക്കിടയിലുള്ള ഏതൊരു സംവാദവും പേജ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും കാണാനുമാകും. വിയോജിപ്പുകള്‍ ഉള്ള പക്ഷം, തര്‍ക്കത്തിന് എങ്ങനെ പരിഹാരം കാണാമെന്ന മാര്‍ഗനിര്‍ദേശങ്ങളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ബോട്ടുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വൊളന്റീയര്‍മാരുമായി നേരിട്ട് ബന്ധമില്ല. അവര്‍ക്കാവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിക്കിപീഡിയ ഫൗണ്ടേഷന്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ വാദംകേള്‍ക്കല്‍ തുടരുകയാണ്.
മുന്‍കാല കേസുകള്‍
വിക്കിപീഡിയ ഇത്തരം കേസുകള്‍ നേരിടുന്നത് ആദ്യമായല്ല. 13 രാജ്യങ്ങളിലെങ്കിലും ഇത്തരത്തിലുള്ളതോ, സമാനമോ ആയ സെന്‍സര്‍ഷിപ്പ് വിക്കിപീഡിയ നേരിടുന്നുണ്ട്. 2019ല്‍ ചൈനയും 2021ല്‍ മ്യാന്മറും വിക്കിപീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ സര്‍ക്കാരുമായും കോടതിയുമായും നിയമയുദ്ധം നടന്നിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി പേജുകള്‍ റഷ്യ തടഞ്ഞിരുന്നു. ലേഖനങ്ങള്‍ നീക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് റഷ്യന്‍ ഭരണകൂടവും കോടതിയും പിഴയും ഈടാക്കിയിരുന്നു. മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിനെ തുടർന്ന് 2023ൽ മൂന്ന് ദിവസത്തേക്ക് വിക്കിപീഡിയ വെബ്സൈറ്റ് പാകിസ്ഥാന്‍ ബ്ലോക്ക് ചെയ്തിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ നീക്കാത്തതിന്റെ പേരില്‍ 2017ല്‍ തുര്‍ക്കിയിലും വിക്കിപീഡിയ ബ്ലോക്ക് നേരിട്ടിരുന്നു. പിന്നീട് 2020ലാണ് കോടതി നിരോധനം നീക്കിയത്. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 2012 മുതലുള്ള സുതാര്യതാ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 5500 ഉള്ളടക്കം നീക്കാനോ തിരുത്താനോ ആഗോളതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അതില്‍ പത്തില്‍ താഴെ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ മാത്രമാണ് നടപടിയുണ്ടായത്. അതിലൊന്നു പോലും ഇംഗ്ലീഷ് വെബ്സൈറ്റില്‍ ആയിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എതിര്‍ത്തും ചേര്‍ത്തും
കേസിന്റെ ഭാവിയോ, വിധിയോ പ്രവചിക്കുക സാധ്യമല്ല. കോടതി വിധി വിക്കിപീഡിയയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം, ചിലപ്പോള്‍ പൂട്ടും വീണേക്കാം. എന്തായാലും, ഓണ്‍ലൈന്‍ വിവരസഞ്ചയത്തിലേക്കുള്ള ആളുകളുടെ സ്വതന്ത്രമായ പ്രവേശനത്തെ അത് ബാധിച്ചേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സെല്‍ഫ്-സെന്‍സര്‍ഷിപ്പിന്റെ ഗുണവും ദോഷവും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ആര്‍ക്കും എന്തും എഴുതിച്ചേര്‍ക്കാവുന്ന തരത്തിലേക്ക് വിക്കിപീഡിയ പേജുകള്‍ മാറിയിട്ടുണ്ടെന്ന ആക്ഷേപമാണ് അതില്‍ പ്രധാനം. വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, സംവിധാനങ്ങള്‍ക്കോ എതിരെ എന്ത് ആക്ഷേപവും എഴുതിപ്പിടിക്കാമെന്ന സ്വാതന്ത്ര്യം നല്ലതല്ലെന്നാണ് ഒരുപക്ഷം ചൂണ്ടിക്കാട്ടുന്നത്. അനാരോഗ്യകരമായ ഇത്തരം പ്രവണതകള്‍ വ്യക്തികള്‍ക്കും, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമൊക്കെ ഒരുപോലെ നാശം വിതയ്ക്കുമെന്ന് വാദിക്കുന്നവരാണ് വിക്കിപീഡിയ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്. എന്നാല്‍, ഭരണകൂട വിമര്‍ശനമാണ് വിക്കിപീഡിയയ്ക്കെതിരായ നിയമ നടപടികള്‍ക്കെല്ലാം കാരണമാകുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം. ഒരു വാര്‍ത്താ ഏജന്‍സി ഭരണകൂടത്തിന്റെ നാവായി പ്രവര്‍ത്തിക്കുകയും, അതിനനുകൂലമായി വാര്‍ത്തകള്‍ പുറത്തുവിടുന്നതിനെയുമാണ് വിക്കിപീഡിയ തുറന്നുകാട്ടിയിരിക്കുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളും, രേഖകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് വിക്കിപീഡിയ പേജുകളില്‍ തിരുത്തലുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുകൊണ്ടാണ് വിക്കിപീഡിയയ്ക്കെതിരായ നിയമ നടപടികളെ, ഭരണകൂട വിമര്‍ശനങ്ങള്‍ക്കും നിഷ്പക്ഷ നിലപാടുകള്‍ക്കും തടയിടാനുള്ള നീക്കമായി അവര്‍ വിലയിരുത്തുന്നത്.