പൂവിളി പൂവിളി പൊന്നോണമായി മുതല്‍ തിരുവാവണി രാവ് വരെ എത്തി നില്‍ക്കുന്നു സിനിമയിലൂടെ ശ്രദ്ധേയമായ ഓണപ്പാട്ടുകള്‍
ഓണക്കാലത്ത് പൂക്കളവും സദ്യയുമെല്ലാം പോലെ തന്നെ പ്രധാനമാണ് ഓണപ്പാട്ടുകളും. വാമൊഴിയായി പൂര്‍വികര്‍ സമ്മാനിച്ച ഓണപാട്ടുകള്‍ നിരവധിയുണ്ടെങ്കിലും സിനിമകളിലെ ഓണപ്പാട്ടുകള്‍ ഏറെ ശ്രദ്ധേയമാണ്. പൂവിളി പൂവിളി പൊന്നോണമായി മുതല്‍ തിരുവാവണി രാവ് വരെ എത്തി നില്‍ക്കുന്നു സിനിമയിലൂടെ ശ്രദ്ധേയമായ ഓണപ്പാട്ടുകള്‍. അത്തരത്തിലുളള സിനിമയിലെ ചില ഓണപ്പാട്ടുകളെ നമുക്ക് പരിചയപ്പെടാം.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ...
സഹോദരന്‍ അയ്യപ്പന്‍ എഴുതിയ കവിത 1955ല്‍ പുറത്തിറങ്ങിയ ന്യൂസ് പേപ്പര്‍ ബോയ് എന്ന ചിത്രത്തിലൂടെ സിനിമ ഗാനമായി മാറുകയായിരുന്നു. സിനിമയിലൂടെ പ്രേക്ഷകര്‍ ആദ്യമായി കേള്‍ക്കുന്ന ഓണപ്പാട്ടും ഇതാണെന്ന് പറയാം. എ.വിജയനും എ. രാമചന്ദ്രനും ഈണം നല്‍കി കമുകറ പുരുഷോത്തമനും ശാന്ത പി. നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി.....
1961ല്‍ പുറത്തിറങ്ങിയ മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. പി ഭാസ്‌കരന്‍മാഷിന്റെ വരികള്‍ക്ക് ബാബുരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കവിയൂര്‍ രേവമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു പൂമകളേ......
1973ല്‍ പഞ്ചവടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ഗാനമാണിത്. ശ്രീകുമാരന്‍ തമ്പി- എം കെ അര്‍ജുനന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്.
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍.....
'തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍' എന്ന ഗാനം മലയാളികള്‍ ആഘോഷമാക്കിയ ഓണപ്പാട്ടാണ്. 1975ല്‍ പുറത്തിറങ്ങിയ തിരുവോണം എന്ന ചിത്രത്തിലെ ഗാനമാണിത്. ശ്രീകുമാരന്‍ തമ്പിയുടെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ഈ ഗാനം ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്.
ഓണപ്പൂവേ പൂവേ പൂവേ.....
സലില്‍ ചൗധരി-ഒഎന്‍വി കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ഗാനമാണിത്. യേശുദാസ് ആലപിച്ച ഈ ഗാനം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
പൂവിളി പൂവിളി പൊന്നോണമായി....
വിഷുക്കണി എന്ന സിനിമയിലെ ഗാനമാണിത്. ശ്രീകുമാരന്‍ തമ്പിയുടെയും സലില്‍ ചൗധരിയുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ഗാനവും ഏറെ ശ്രദ്ധേയമാണ്.
മാവേലിക്കും പൂക്കളം....
ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ മാവേലിക്കും പൂക്കളം എന്ന ഗാനവും രസകരമായൊരു ഓണപ്പാട്ടാണ്. പി ഭാസ്‌കരന്റെ വരികള്‍ക്ക് ജോണ്‍സനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസ്.
പൂവേണം പൂപ്പട വേണം.....
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ പൂവേണം പൂപ്പട വേണം എന്ന് തുടങ്ങുന്ന ഗാനവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്‍സനാണ് സംഗീതം നല്‍കിയിരിക്കുന്നത്. യേശുദാസും ലതികയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണത്തുമ്പി പാടൂ.....
സൂപ്പര്‍മാനിലെ ഈ ഗാനം ഓര്‍മ്മയിലെ ഓണക്കാലത്തെ കുറിച്ച് പറയുന്ന ഗാനമാണ്. എസ് പി വെങ്കിടേഷ് സംഗീതം പകര്‍ന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എസ് രമേശന്‍ നായരാണ്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണവെയില്‍ ഓളങ്ങളില്‍....
ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലെ ഓണവെയില്‍ ഓളങ്ങളിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഓണപ്പാട്ടാണ് റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അഫ്സല്‍ യൂസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം.ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ...
2004ല്‍ പുറത്തിറങ്ങിയ കൊട്ടേഷന്‍ എന്ന ചിത്രത്തിലെ പാട്ടാണിത്. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ക്കിടയില്‍ ഹിറ്റായ ഓണപ്പാട്ടാണിത്. സബീഷ് ജോര്‍ജ് സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബ്രജേഷ് രാമചന്ദ്രനാണ്. കല്യാണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തിരുവാവണി രാവ്....
മലയാള സിനിമയിലെ ഓണപ്പാട്ടുകളുടെ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് തിരുവാവണി രാവ്. 2016 ല്‍ റിലീസായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന സിനിമയിലെ ഗാനം ഷാന്‍ റഹ്‌മാനാണ് ഈണമിട്ടിരിക്കുന്നത്. ഉണ്ണി മേനോനും സിത്താരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.