
എന്തും സഹിക്കാം, പക്ഷെ കഴിക്കാൻ വെച്ചിരിക്കുന്ന ഐസ്ക്രീം എടുത്ത് കഴിച്ചാ പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ. അത് എത്ര അടുപ്പമുള്ളവര് ആയാലും ശരി. അത്രയേ അവനും ചിന്തിച്ചുള്ളൂ. സ്വന്തം ഐസ്ക്രീം എടുത്ത് കഴിച്ച അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വിസ്കോൺസിനിൽ നിന്നുള്ള നാല് വയസുകാരൻ.
"എൻ്റെ മമ്മി വളരെ മോശമാണ്. നിങ്ങൾ ഉടനെ വന്ന് മമ്മിയെ ഇവിടുന്ന് കൊണ്ടു പോകണം," വിസ്കോൺസൺ പൊലീസിൻ്റെ 911 എന്ന നമ്പറിലേക്ക് വന്ന നാല് വയസുകാരൻ്റെ ഫോൺ കാൾ കേട്ട് പൊലീസുകാർ അത്ഭുതപ്പെട്ടു.
കൂടുതൽ പറയാൻ തുടങ്ങും മുമ്പ്, അവന്റെ അമ്മ ഇടപെട്ട് എതിർപ്പ് വകവയ്ക്കാതെ ഫോൺ പിടിച്ചു വാങ്ങി. എന്നിട്ട് മകൻ്റെ പരാതിയുടെ കാരണവും വ്യക്തമാക്കി. മകന്റെ ഐസ്ക്രീം കഴിച്ചതായി കുറ്റസമ്മതം നടത്തിയ അമ്മ, അവന് വെറും നാല് വയസ് മാത്രമേ ആയിട്ടുള്ളൂവെന്നും പൊലീസിനെ അറിയിച്ചു. അപ്പോഴും അപ്പുറത്ത് അവൻ അമ്മയോട് ശാഠ്യം പിടിക്കുന്നതും വഴക്കിടുന്നതും കേൾക്കാമായിരുന്നു.
സംഭവം ഐസ്ക്രീം മോഷണം മാത്രമാണോ, വേറെന്തെങ്കിലും വലിയ പ്രശ്നമുണ്ടോ എന്ന് അറിയാനായി പൊലീസ് നാല് വയസുകാരൻ്റെ വീട്ടിലെത്തി. എന്തായാലും വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് കണ്ടെത്തിയതോടെ പൊലീസ് സംസാരിച്ച് കുട്ടിയുമായി ഒത്തുതീർപ്പിലെത്തി. അപ്പൊ കേസൊന്നും വേണ്ട, ഐസ്ക്രീം മാത്രം മതിയെന്നായി കുട്ടി.
അപ്പൊ തിരിച്ച് പോയ പൊലീസ് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ കാണാൻ വീണ്ടും വീട്ടിലെത്തി. കയ്യിൽ രണ്ട് സ്കൂപ്പ് ഐസ്ക്രീമുമായി.