ഫോട്ടോഗ്രഫിയുടെ ചരിത്രം ആരംഭിക്കുന്നത് 200 വർഷങ്ങൾക്ക് മുൻപാണ്...
നമ്മളിൽ ആർക്കാണ് ഫോട്ടോയെടുക്കാൻ ഇഷ്ടമല്ലാത്തത്? ക്യാൻഡിഡ്, ഗ്രൂപ്പ് ഫോട്ടോ, സോളോ എന്നിങ്ങനെ പല പേരുകളിൽ നാമെല്ലാം ചിത്രങ്ങൾ എടുക്കാറുണ്ട്.. അല്ലേ? ചില ഓർമകളും നിമിഷങ്ങളും, എന്നും സൂക്ഷിക്കാൻ കൂടിയാണ് നമ്മൾ ചിത്രങ്ങളെടുത്ത് വെക്കുന്നത്. നമ്മുടെ ഓരോ ചിത്രങ്ങൾ കാണുമ്പോഴും അതിനു പിന്നിൽ പറയാൻ കുറച്ച് കഥകളുമുണ്ടാകും. ചിത്രമെടുക്കുക എന്ന് പറയുന്നത് ഒരു കലയാണ്. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് 'ലോക ഫോട്ടോഗ്രഫി ദിനം' ചരിക്കുന്നത്.
നമ്മൾ ഇന്ന് കാണുന്ന ഫോട്ടോഗ്രഫി അല്ലായിരുന്നു തുടക്കകാലത്ത്. അതിന് പിന്നിൽ ഒരു ചരിത്രം തന്നെയുണ്ട്. ഫോട്ടോഗ്രഫിയുടെ ചരിത്രം ആരംഭിക്കുന്നത് 200 വർഷങ്ങൾക്ക് മുൻപാണ്. 1837ൽ ഫ്രാൻസിലാണ് ജോസഫ് നൈസ്ഫോർ നീപ്സെ, ലൂയിസ് ഡാഗുറെ എന്നീ രണ്ട് വ്യക്തികൾ ചേർന്ന് ആദ്യമായി ഫോട്ടോഗ്രാഫിക് പ്രക്രിയ അല്ലെങ്കിൽ 'ഡാഗ്യൂറോടൈപ്പ്' വികസിപ്പിച്ചെടുത്തത്.
തുടർന്ന്, 1837 ജനുവരി 19ന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് ഈ കണ്ടുപിടിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തി 10 ദിവസങ്ങൾക്ക് ശേഷം ഫ്രഞ്ച് സർക്കാർ കണ്ടുപിടുത്തത്തിനുള്ള പേറ്റൻ്റ് വാങ്ങി. അതിനുശേഷം, ഫ്രഞ്ച് സർക്കാർ അത് ലോകത്തിന് സമ്മാനമായി നൽക്കുകയായിരുന്നു.
Read More: കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി... ഓര്‍മ്മകളില്‍ ജോണ്‍സണ്‍ മാസ്റ്റര്‍
അതുകൊണ്ട് തന്നെ ഫോട്ടോഗ്രഫിയുടെ ജനനം ഫ്രാൻസിലായിരുന്നു എന്ന് പറയാം. പിന്നീട് 1839ൽ വില്യം ഹെൻറി ഫോക്സ് ടാൽബോട്ട് എന്ന വ്യക്തി ഫോട്ടോഗ്രഫി സാങ്കേതികമായി ലളിതമാക്കി. കടലാസിൽ സാൾട്ട് പ്രിൻ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നതിനുള്ള ഒരു ശൈലിയും, കൂടുതൽ അനുയോജ്യവുമായ രീതിയും അദ്ദേഹം കണ്ടുപിടിച്ചു. ഈ രീതി ലോഹത്തെ അടിസ്ഥാനമാക്കിയുള്ള ഡാഗ്യൂറോടൈപ്പിന് ഒരു വെല്ലുവിളിയായി മാറി.
വർഷങ്ങൾ കൊണ്ട് ഫോട്ടോഗ്രഫിയുടെ ടെക്നോളജിയിൽ വലിയ മാറ്റമുണ്ടായി. ഇത് വെറും ഒരു വിനോദം മാത്രമായിരുന്നെങ്കിൽ ഇന്ന് പലർക്കും അതൊരു കരിയർ സാധ്യത കൂടിയാണ്. ഒരായിരം വാക്കുകള്‍ ഒരൊറ്റ സ്നാപ്പിൽ പറയാൻ ഫോട്ടോഗ്രഫിക്ക് കഴിയും. ഫോട്ടോഗ്രഫി കരിയറായി തെരഞ്ഞെടുത്ത എല്ലാവർക്കും ആദരമർപ്പിക്കാനും, അവരുടെ നേട്ടങ്ങളെ ആഘോഷിക്കുവാനുമാണ് 'ഫോട്ടോഗ്രഫി ദിനം' ആചരിക്കുന്നത്.