നമ്മുടെ എല്ലാവരുടെയും മാളൂട്ടി ഇന്ന് മനോഹരമായ ചിത്രങ്ങള്‍ വരക്കുകയും എക്‌സിബിറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്
കുട്ടിക്കാലം തൊട്ടെ ശ്യാമിലിയെ നമ്മളെല്ലാവരും സ്‌ക്രീനില്‍ കണ്ടിട്ടുള്ളതാണ്. നമുക്ക് എല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങള്‍ അവര്‍ സിനിമയിലൂടെ അവതരിപ്പിച്ചു. മാളൂട്ടിയായും അമ്മാളുവായുമെല്ലാം കുഞ്ഞു ശ്യാമിലി നമ്മുടെ മനസില്‍ ഇടം പിടിച്ചു. എന്നാല്‍ ഇപ്പോള്‍ ശ്യാമിലി അറിയപ്പെടുന്നത് നടി എന്ന നിലയില്‍ മാത്രമല്ല മറിച്ച് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടിയാണ്. അതെ നമ്മുടെ എല്ലാവരുടെയും മാളൂട്ടി ഇന്ന് മനോഹരമായ ചിത്രങ്ങള്‍ വരക്കുകയും എക്‌സിബിറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്.
സിങ്കപ്പൂരില്‍ ഫിലിം പ്രൊഡക്ഷനില്‍ മാസ്റ്റേഴ്‌സ് ചെയ്യുമ്പോഴാണ് ആര്‍ട്ടിനോട് ശ്യാമിലിക്ക് ഒരു ഇഷ്ടം തോന്നുന്നത്. ചെറുപ്പത്തിലെ തന്നെ തനിക്ക് ഉണ്ടായിരുന്ന ഒരു കഴിവല്ലായിരുന്നു അത്. ജീവിതത്തില്‍ പിന്നീട് എന്നിലേക്ക് വന്ന് ചേര്‍ന്നതാണ് എന്ന് ശ്യാമിലി തന്നെ പറഞ്ഞിട്ടുണ്ട്. 2016ലാണ് ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. ആ സമയത്ത് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ ശ്യാമിലി അഭിനയിച്ചു. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും ശ്യാമിലി തനിക്കിഷ്ടപ്പെട്ട ആര്‍ട്ട് പഠിക്കാനായി യാത്ര പോകുമായിരുന്നു. സിനിമ ചിത്രീകരണ വേളയില്‍ പോലും താന്‍ സ്‌കെച്ച് പെന്നും പുസ്തകങ്ങളുമെല്ലാം കൊണ്ടുപോകുമായിരുന്നു എന്ന് ശ്യാമിലി തന്നെ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ആരും തന്നെ ശ്യാമിലിയെ ആ കാര്യത്തില്‍ പ്രോത്സാഹിപ്പിച്ചില്ല. പലരും അവരോട് സിനിമയില്‍ ഫോക്കസ് ചെയ്യാനാണ് പറഞ്ഞത്. എന്നാല്‍ ആര്‍ട്ട് എന്നതാണ് തന്റെ വഴിയെന്ന് ശ്യാമിലിക്ക് സ്വയം തോന്നുകയായിരുന്നു.
പ്രശസ്ത ആര്‍ട്ടിസ്റ്റ് എവി എലാങ്കോയാണ് വരയുടെ കാര്യത്തില്‍ ശ്യാമിലിയെ സഹായിച്ച ഒരു വ്യക്തി. ശ്യാമിലിക്ക് അദ്ദേഹം ക്ലാസുകള്‍ എടുത്ത് കൊടുക്കുകയും ആര്‍ട്ട് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അതായിരുന്നു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്യാമിലിയെ വളരാന്‍ സഹായിച്ച പ്രധാന ഘടകം. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ വരച്ച ചിത്രങ്ങള്‍ ശ്യാമിലി പങ്കുവെക്കാറ്. അതുകൂടാതെ എക്‌സിബിഷനുകളും ചെയ്യാറുണ്ട്. ശ്യാമിലി കൂടുതലും വരയ്ക്കുന്നത് സ്ത്രീകളെയാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള സ്ത്രീകളെയാണ് ശ്യാമിലി വരയ്ക്കുന്നത്. അത് അവരുടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യക്തമാണ്.
ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിരവധി സിനിമകള്‍ ചെയ്ത വ്യക്തിയാണ് ശ്യാമിലി. രണ്ടാം വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. ഒരിക്കലും നടിയാകണം എന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ശ്യാമിലി തന്നെ പറഞ്ഞിട്ടുള്ളത്. സിനിമകള്‍ ചെയ്യാത്തത് താന്‍ ചെയ്യുന്ന എന്തോ വലിയ തെറ്റാണ് എന്ന നിലയിലാണ് ആളുകള്‍ ശ്യാമിലിയോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് ശ്യാമിലി സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒക്കെ താന്‍ ചെയ്യുമായിരിക്കും എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ തത്കാലം തീരുമാനിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ ശ്യാമിലി പറഞ്ഞിരുന്നു. നിലവില്‍ അവര്‍ വരയുടെ ലോകത്താണ്. അവിടെ നിന്ന് അതില്‍ കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും നടത്താനുള്ള ശ്രമത്തിലാണ് ശ്യാമിലി. ഒരു നടി എന്നതിലുപരി അവര്‍ ആഗ്രഹിക്കുന്നതും പെയിന്റര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ്.