ദിവസവും ഹീൽസ് ധരിക്കുന്നവരാണോ നിങ്ങൾ, അറിയാം ഹീൽസ് ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ.

ഹൈ ഹീൽസിന്റെ തുടർച്ചയായ ഉപയോഗം കാലുകളുടെ ലിഗ്മെന്റുക്ളുടെ ശക്തിയെ ബാധിക്കാം. കഴിവതും ഉയർന്ന ഹീലുള്ള പാദരക്ഷകൾ ഒഴിവാക്കുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി.
ദിവസവും ഹീൽസ് ധരിക്കുന്നവരാണോ നിങ്ങൾ, അറിയാം ഹീൽസ് ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ.
Published on


2019 -ൽ ജപ്പാനിൽ നടന്ന #KuToo പ്രസ്ഥാനത്തെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും. തൊഴിലിടങ്ങളിൽ സ്ത്രീകൾ ഹൈഹീൽസ് നിർബന്ധമായും ധരിക്കണമെന്ന ജപ്പാൻ സർക്കാരിന്റെ നിബന്ധനയ്ക്ക് എതിരായായിരുന്നു KuToo മുന്നേറ്റം ആരംഭിച്ചത്. ജാപ്പനീസ് പദമായ 'കുത്‍സു' [വേദന] എന്നിൽ നിന്നുമാണ് Kutoo എന്ന പേര് വന്നത്. ദിവസവും ഹീൽസ് ധരിക്കുന്നതു മൂലം പാദങ്ങളിൽ വേദന വരുന്നു എന്ന അർത്ഥത്തിലാണ് കുത്‍സു എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സത്യത്തിൽ ഹൈ ഹീൽസ് ധരിക്കുന്നതു കൊണ്ട് കാലുകളിൽ വേദന വരുമോ?. ഈ പ്രസ്‌താവന അടിസ്ഥാനരഹിതമാണോ?

പുരുഷന്മാരിൽ നിന്നും സ്ത്രീകളുടെ ഇടയിൽ ജനപ്രിയമായി മാറിയ ഹീൽസ്

ഇന്ന് സ്ത്രീകളുടെ ഫാഷൻ സിംബൽ ആയി മാറിയ ഹീൽസുകൾ ഒരു കാലത്തു പുരുഷന്മാർ പാദരക്ഷകളായി ഉപയോഗിച്ചിരുന്നു എന്ന വസ്തുത പലരിലും ആശ്ചര്യം ഉളവാക്കും. പക്ഷെ ഇത് സത്യമാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പ്രഭുക്കളുടെ ഇടയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു ഹീൽസ്. ഫ്രാൻസിലെ ലൂയി പതിനാലാമൻ ഹൈ ഹീൽസിന്റെ വലിയൊരു ആരാധകനായിരുന്നു. രാജാവിന്റെ ഉയരം കൂട്ടുവാൻ മാത്രമല്ല രാജകീയ അധികാരം സൂചിപ്പിക്കുവാനും ഹൈ ഹീൽസ് ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഹീൽസ് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറുകയായിരുന്നു. യൂറോപ്പിൽ നവോത്ഥാന കാലഘട്ടം [renaissance ] ആരംഭിച്ചതോടുകൂടി പുരുഷസമൂഹത്തിന്റെ ഇടയിൽ ഹീൽസിന്റെ പ്രാമുഖ്യം കുറഞ്ഞു വരികയും, തുടർന്ന് പുരുഷന്മാരിൽ നിന്നും ഹീൽസ് സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

ഫാഷൻ എന്നതിലുപരി സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പ്രതിഫലനമായി കണ്ടുകൊണ്ടിരുന്ന ഹൈ ഹീൽസിനെ നിഷേധാത്മകമായിട്ടാണ് ഇന്ന് പലരും നോക്കി കാണുന്നത്. ഹീൽസ് ധരിക്കുന്നതു മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഇവയെ തള്ളി പറയുവാനും അവഗണിക്കാനുമുള്ള പ്രധാന കാരണമായി പറയുന്നത്.

സ്ത്രീകളുടെ ആരോഗ്യത്തിനു വെല്ലുവിളിയാകുന്ന ഹൈ ഹീൽസ്

ഹീൽസ് ധരിച്ചു നിങ്ങൾ നടക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ഭാരവും കാലിന്റെ ഉപ്പൂറ്റിയിൽ കേന്ദ്രികരിക്കപ്പെടും. ശരീര ഭാരം തുല്യമായി വ്യാപിക്കപ്പെടില്ല. ഇത് കൊണ്ടാണ് കാൽ പാദത്തിൽ വേദനയുണ്ടാകുന്നതായി പല സ്ത്രീകളും അഭിപ്രായപ്പെടുന്നത്. ഹൈ ഹീൽസ് ധരിക്കുന്നതു വഴി ചില സാഹചര്യങ്ങളിൽ പാദങ്ങളിൽ കുമിളകൾ, ഒടിവുകൾ, നഖങ്ങളിൽ പൊട്ടൽ എന്നിവ ഉണ്ടാവാനും സാധ്യതയുണ്ട്.

ആദ്യമായി ഹീൽസ് ധരിച്ചു നടക്കുമ്പോൾ പലർക്കും അസ്വസ്ഥത അനുഭവപെടുന്നതായി പറയാറുണ്ട്. ഇതിനു കാരണം ഹീൽസ് ധരിക്കുമ്പോൾ വ്യക്തിയുടെ ഗുരുത്വാകർഷണകേന്ദ്രത്തിന് മാറ്റം സംഭവിക്കും. ഹീൽസിന്റെ ഉയരം കൂടുന്നതനുസരിച്ചു ഈ ഗുരുത്വാകർഷണകേന്ദ്രത്തിന്റെ ചരിവും കൂടും. അതിനാൽ നിങ്ങളുടെ പേശികൾക്കും ജോയിന്റുകൾക്കും വേദന അനുഭവപ്പെടുവാൻ തുടങ്ങും. ബാലൻസ് നഷ്ടപെടുന്നതിനെ തുടർന്ന് കാൽ തെറ്റി വീഴുവാനുള്ള സാധ്യതയും വർധിക്കും.

ഹൈ ഹീൽസ് ധരിക്കുന്നത് നിങ്ങളുടെ പാദങ്ങളെ മെലിഞ്ഞതും നീളമുള്ളതുമാക്കി കാണിക്കുന്നു. എന്നാൽ ചെരുപ്പിന്റെ ആകൃതി പാദത്തെ ഞെരുക്കുകയും ഇതിനെ തുടർന്ന് രക്തതക്കുഴലുകൾ സമ്മർദ്ദത്തിലാകുകയും ചില സമയങ്ങളിൽ അവ പൊട്ടിപ്പോവുന്ന അവസ്ഥയും ഉണ്ടാവുന്നു.

ഹൈ ഹീൽസിന്റെ തുടർച്ചയായ ഉപയോഗം കാലുകളുടെ ലിഗ്മെന്റുക്ളുടെ ശക്തിയെ ബാധിക്കാം. കഴിവതും ഉയർന്ന ഹീലുള്ള പാദരക്ഷകൾ ഒഴിവാക്കുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി.

ഹൈ ഹീൽസ് നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റൊരു പാർശ്വഫലം ആണ് കാൽ മുട്ടുകളിലും നട്ടെല്ലിനും വരുന്ന വേദന. കാൽമുട്ടുകളിലെ വേദന പിന്നീട് ആർത്രൈറ്റിസ് ആയി മാറുവാനുള്ള സാധ്യതയുണ്ട്.

ഹൈ ഹീൽസ് ഉപയോഗം മൂലം ഉടലെടുക്കുന്ന പാർശ്വഫലങ്ങളെ എങ്ങനെ പ്രതിരോധിക്കാം:-

ഹൈ ഹീൽസുകൾക്കു പകരം ഫ്ലാറ്റ് ആയ ഷൂസുകളോ ചെരുപ്പുകളോ ഉപയോഗിക്കുക.

രണ്ടു ഇഞ്ചു നീളമോ അതിനു താഴെയോ നീളമുള്ള ഹീൽസ് ചെരുപ്പുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക.

അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഹൈ ഹീൽസ് ചെരുപ്പുകൾ ധരിക്കുക, അല്ലാത്ത സമയം ഫ്ലാറ്റ് ഹീൽസുള്ള ചെരുപ്പുകൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

തുടർച്ചയായ ഹീൽസ് ഉപയോഗത്തിന് ശേഷം ഇരു കാലുകൾക്കും പാദങ്ങൾക്കും വിശ്രമം നൽകുക. ജോലിസ്ഥലത്തെ ഇടവേളകളിൽ കാലുകൾക്ക് വ്യായാമം കൊടുക്കുക.

ഇന്ന് ഒട്ടു മിക്ക തൊഴിലിടങ്ങളിലും ഹീൽസ് നിർബന്ധമായും ധരിക്കണമെന്നത് ഡ്രസ്സ്കോഡിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുൻപ് ആരോഗ്യവിദഗ്‌ധരുടെയോ സ്ത്രീകളുടേയോ അഭിപ്രായം തേടിയിട്ടില്ലായെന്നു വ്യക്‌തം. നിങ്ങൾ ഇനി തുടർച്ചയായി ഹൈ ഹീൽസ് ധരിക്കുന്നുണ്ടെങ്കിൽ മേൽ പറഞ്ഞ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com