
നമ്മൾ പല തരത്തിലുള്ള ലീവുകളെ പറ്റി കേട്ടിട്ടുണ്ട്. സിക്ക് ലീവ്, കാഷ്വല്‍ ലീവ്, മെൻസ്ട്രുവൽ ലീവ് അങ്ങനെ കുറെ. എന്നാൽ ആരെങ്കിലും അൺഹാപ്പി ലീവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ സത്യമാണ് ഇത്തരത്തിലും ഒരു ലീവ് കൊടുക്കാൻ തയ്യാറാവുകയാണ് ചൈനയിലെ ഒരു കമ്പനി. ചുരുക്കി പറഞ്ഞാൽ അസന്തുഷ്ടരല്ലാത്തവർ ജോലിക്ക് വരേണ്ട എന്നർഥം. വർഷത്തിൽ അത്തരത്തിൽ 10 ദിവസമാണ് അവധി തരിക.
കോറോണക്ക് ശേഷമാണ് പലരും മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകി തുടങ്ങിയത്. കമ്പനികളിൽ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യവും പ്രാധാന്യം നൽകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഹാപ്പിയസ്റ്റ് പ്ലെയ്സ് ടു വർക്ക് നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിൽ 70 % ആളുകളും തങ്ങളുടെ ജോലിയിൽ സന്തോഷവാന്മാരല്ല.
സാധാരണ നമുക്ക് ലഭിക്കുന്ന ലീവുകൾ ശാരീരിക അസ്വസ്ഥതകൾ വരുമ്പോൾ എടുക്കാവുന്നതാണ് എന്നാൽ, അൺഹാപ്പി ലീവ് മാനസിക അസ്വസ്ഥതകൾ വരുമ്പോൾ എടുക്കുന്നതാണ്.
അടുത്തിടെ, ഹെനാൻ പ്രവിശ്യയിലെ റീട്ടെയിൽ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ്, ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസത്തെ അൺഹാപ്പി ലീവ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. 'എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും അവർ സന്തുഷ്ടരല്ലാത്ത സമയങ്ങളുണ്ട്, നിങ്ങൾ സന്തോഷവാനല്ലെങ്കിൽ, ജോലിക്ക് വരരുത്," ഒരു ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യു ഡോംഗ്ലായ് പറഞ്ഞു. ജീവനക്കാർ അൺഹാപ്പി ലീവിന് അപേക്ഷിക്കുമ്പോൾ അതിനുള്ള കാരണങ്ങൾ വിശദീകരിക്കേണ്ടതില്ല. അഡ്മിനിസ്ട്രേഷന് ഒരിക്കലും അപേക്ഷ നിരസിക്കുവാനും സാധിക്കില്ല. ജീവനക്കാരെ അവരുടെ വിശ്രമ സമയം സ്വതന്ത്രമായി തീരുമാനിക്കാൻ അനുവദിക്കുക എന്നതാണ് യുവിൻ്റെ ലക്ഷ്യം.
അതേസമയം, അൺഹാപ്പി ലീവുകൾ പലയിടത്തും പലപേരുകളിലും നിലനിൽക്കുന്നുണ്ട്. ഭീമൻ ടെക് കമ്പനികളായ ഗൂഗിളും ലിങ്ക്ഡ്ഇന്നും മെന്റല്‍ ഹെല്‍ത്ത് ഡേ അനുവദിക്കുന്നുണ്ട്. മാനസിക അസ്വസ്ഥത അനുഭവിക്കുന്ന അവസരത്തില്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്ത്യയിലെ ചില കമ്പനികളും ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. പലരും വര്‍ക് ഫ്രം ഹോമും മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികളും സംഘടിപ്പിക്കാനും താല്‍പ്പര്യം കാണിക്കുന്നുണ്ട്.