
രണ്ട് തരം ജീവിതം നയിക്കുന്ന ആളുകളുണ്ട് നമുക്കിടയിൽ ലോകത്തിനു മുന്നിൽ ഒന്നും, എന്നാൽ മറ്റൊന്ന് രഹസ്യമായും. അത്തരത്തിലൊരു ജീവിതം നയിക്കുകയാണ് കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് സർവകലാശാലയിലെ 41 കാരനായ പ്രൊഫസർ ലിയു യാവോ. ഇദ്ദേഹം, തന്റെ പേരിൽ 80 അക്കാദമിക് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മിടുക്കനായ അധ്യാപകനാണ്. എന്നാൽ രാത്രിയാകുമ്പോൾ അധ്യാപകവേഷം അഴിച്ചുവെച്ച് മറ്റൊന്ന് എടുത്തണിയും, ഗായകന്റെ വേഷം! വിശ്വസിക്കാനാവുന്നില്ലല്ലേ . എങ്കിൽ സത്യമാണ്, ചൈനയിലെ സുറിയാക്കെ എന്ന ബാൻഡിലെ പ്രധാന ഗായകനാണ് പ്രൊഫസർ ആയ ലിയു യാവോ.
തന്റെ പഠനം പൂർത്തിയാക്കി 2012ലാണ് ഇദ്ദേഹം ഷാൻഡോംഗ് സർവകലാശാലയിൽ അധ്യാപകനായി ചുമതലയേൽക്കുന്നത്. അദ്ദേഹം ഇതുവരെ 80 അക്കാദമിക് പേപ്പറുകൾ പ്രസിദ്ധീകരിച്ചു, ഒന്നിലധികം പേറ്റന്റുകൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ലിയു യാവോയുടെ പ്രാഗത്ഭ്യത്തെ തെളിയിക്കുന്നതാണ്.
സുറിയാക്കെ ബാൻഡിന്‍റെ ആൽബങ്ങൾ ചൈനീസ് ഹെവി മെറ്റൽ സംഗീത ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കലും ബാൻഡിലുള്ളവർ തങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വൈക്കോൽ മഴ തൊപ്പികൾ, മുള തൊപ്പികൾ, മൂടുപടം എന്നിവ ധരിച്ചാണ് ഇവർ സ്റ്റേജിൽ എത്തുന്നത്. ഇവരുടെ ഇത്തരത്തിലുള്ള രീതികൾ ഇവരെ മറ്റുള്ള ബാൻഡുകളിൽ നിന്ന് വേർതിരിക്കുന്നു.
സുറിയാക്കയുടെ വരികൾ കാവ്യാത്മകം മാത്രമല്ല, പരമ്പരാഗത ചൈനീസ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതുമാണ്. ക്ലാസിക് ചൈനീസ് കവിതകൾ, ഐതിഹ്യങ്ങൾ, പുരാണങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് അവരുടെ ഗാനങ്ങൾ. ബ്ലഡ്ഫയർ, ബ്ലഡ്‌സീ, ഡ്രമ്മിൽ ഡെഡ്‌സ്‌ഫിയർ എന്നിങ്ങനെ ബാൻഡ് അംഗങ്ങൾക്ക് വിളിപ്പേരുകളുമുണ്ട്.