ഫ്രാൻസ്, ജർമനി എന്നീ നഗരങ്ങളുമായി അതിർത്തി പങ്കിടുന്ന ബേസലിനോട് സഞ്ചാരികൾക്ക് പ്രിയമേറുകയാണ്.
ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങി എണ്ണമെടുക്കാൻ ആഗ്രഹമുണ്ടോ? പ്രത്യേക വിസയും ഫ്ലൈറ്റും ഒന്നും ആവശ്യമില്ലാതെ 10 സെക്കൻ്റിൽ മൂന്ന് രാജ്യങ്ങൾ കാണാമെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടുമോ? സ്വിറ്റ്സർലാൻഡിലെ ബേസലിലെത്തിയാൽ ഇത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് രാജ്യങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഫ്രാൻസ്, ജർമനി എന്നീ നഗരങ്ങളുമായി അതിർത്തി പങ്കിടുന്ന ബേസൽ നഗരത്തോട് സഞ്ചാരികൾക്ക് പ്രിയമേറുകയാണ്. ഇതിന് പുറമെ സഞ്ചാരികൾക്കായി നിരവധി അത്ഭുതങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് ബേസൽ.
'ഇഎംഎസ് ബജറ്റ് ട്രാവൽ' എന്ന ട്രാവൽ ഇൻഫ്ലുവൻസർ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ സംഗമസ്ഥലമായ ബേസലിനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതോടെയാണ് സ്ഥലം വൈറലായത്. മൂന്ന് രാജ്യങ്ങളിലേക്ക് തൽക്ഷണം കടന്നുപോകാൻ കഴിയുമെന്ന പ്രത്യേകത തന്നെയാണ് സ്ഥലത്തെ പ്രശസ്തമാക്കിയത്.
ഓൾഡ് ടൗൺ
ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടാതെ, സ്വിറ്റ്സർലാൻഡിലെ സംസ്കാരത്തിൻ്റെ ശേഷിപ്പുകളും ബേസലിൽ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ബേസലിൻ്റെ മധ്യകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഓൾഡ് ടൗൺ, കോബ്ലെസ്റ്റോൺ തെരുവുകൾ, വർഷം തോറും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന പ്രസിദ്ധമായ കാർണിവൽ ഓഫ് ബേസൽ എന്നിവയും നഗരത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്.
പൊതുവായി ജീവിക്കാൻ ചെലവേറിയ രാജ്യമാണ് സ്വറ്റ്സർലാൻഡ്. എന്നാൽ ബേസലിൽ സ്ഥിതി മറിച്ചാണ്. നാല് ദിവസത്തേക്കുള്ള താമസം, ഭക്ഷണം, യാത്രാ ചെലവുകൾക്ക് വെറും 15,000 രൂപ മാത്രം മതി. ബേസലിലെത്തിയാൽ മറ്റ് ചിലവുകളില്ലാതെ ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും കാണാം.
റൈൻ നദി
ഇതിനെല്ലാം മുകളിൽ ബേസലിലെ റൈൻ നദി നഗരത്തിൻ്റെ മനോഹാരിത വർധിപ്പിക്കുന്നു. നല്ല കാലാവസ്ഥയാണെങ്കിൽ പ്രദേശവാസികൾ പ്രത്യേകതരം വാട്ടർപ്രൂഫ് ബാഗുകൾ ധരിച്ച് നദിയിലുടെ നീന്തി ആസ്വദിക്കുന്ന കാഴ്ചയും നിങ്ങൾക്ക് കാണാൻ സാധിക്കും. പ്രദേശവാസികൾക്കെല്ലാം ഇത്തരത്തിലുള്ള 'വിക്കൽഫിഷ്' ബാഗുകളുണ്ടെന്നതാണ് മറ്റൊരു കൗതുകം.
നദിയിൽ ഉല്ലസിക്കുന്ന പ്രദേശവാസികൾ