1992 ൽ യുഎസിലാണ് ആദ്യമായി ഇത്തരമൊരു അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബ്യൂട്ടി പാർലറിൽ പോകുന്നവരാണോ നിങ്ങൾ? എങ്കിൽ ഒന്ന് സൂക്ഷിച്ചോ ...നിങ്ങൾക്കും വരാം ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം.
എന്താണ് ബ്യൂട്ടിപാർലർ സ്‌ട്രോക് സിൻഡ്രോം. പലരും ഈയിടെയായി ഇതിനെ പറ്റി കേട്ടിട്ടുണ്ടാകും. ചിലർ ആദ്യമായും. കഴിഞ്ഞ വർഷങ്ങളിലായി ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നവരുടെ വാർത്ത നമ്മൾ നിരന്തരം അറിയുന്നുമുണ്ട് . 1992 ൽ യുഎസിലാണ് ആദ്യമായി ഇത്തരമൊരു അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സലൂണിലും ബ്യൂട്ടി പാർലറിലുമൊക്കെ ഹെയർ വാഷ് ചെയ്യുന്നത് ഒരു ബേസിനിലേക്ക് തല കിടത്തിയിട്ടാണ്. ബേസിനിലേക്ക് മുടി വച്ച് നമ്മളെ കിടത്തുമ്പോള്‍ നമ്മുടെ കഴുത്തിന്‍റെ പിൻഭാഗം ചിലപ്പോള്‍ വല്ലാതെ അമര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. കഴുത്ത് അധികസമയം അമര്‍ന്നുപോകുമ്പോള്‍ തലച്ചോറിലേക്ക് രക്തയോട്ടം തടസപ്പെടുകയും രക്തക്കുഴലിന് പ്രശ്നം സംഭവിക്കുകയും ചെയ്യാം. ഇതുമൂലം സ്ട്രോക്കും സംഭവിക്കാം. ഇതിനെയാണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് വിളിക്കുന്നത്.
എന്നിരുന്നാലും, സൗന്ദര്യസംരക്ഷണത്തിനായി പാർലറിൽ പോകുന്നതിനെ കുറിച്ച് പേടിക്കേണ്ട ആവശ്യമില്ല. ഈ രോഗം വളരെ അപൂർവമാണ്, എല്ലാവരേയും ബാധിക്കില്ല. എന്നാൽ, പുകവലി, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ ഇത് വരാനുള്ള സാധ്യതയുണ്ട്.
ഇനി ബ്യൂട്ടി പാർലർ സന്ദർശിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്യൂട്ടി പാർലർ സ്ട്രോക്ക് വരുന്നതിൽ നിന്ന് തടയാം:
സുഖകരമായ രീതിയിലാണ് തല വെച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. 20 ഡിഗ്രിയിൽ കൂടുതൽ തല പുറകോട്ട് വലിക്കരുത്.
അപകട സാധ്യത കുറയ്ക്കാന്‍ കഴുത്തിന് അധിക സപ്പോർട്ട് നല്‍കുക.
നിങ്ങൾക്ക് മുടികഴുകുമ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ തെന്നെ ബ്യൂട്ടീഷനോട് പറഞ്ഞ് അത് നിർത്തിക്കുക.
ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിൻ്റെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടുക.