World Photography Day : തമിഴ് സിനിമ അന്യനില്‍ വിക്രമിന്‍റെ നായികയായി എത്തിയ നന്ദിനിയെ പ്രേക്ഷകര്‍ അത്രപ്പെട്ടെന്ന് മറന്നുകാണില്ല
മനുഷ്യരുടെ താല്‍പര്യങ്ങള്‍ മാറിമറിയാന്‍ ചിലപ്പോള്‍ ഒരു യാത്ര മതിയാകും. അങ്ങനെ ഉണ്ടായ ഒരു യാത്രയിലൂടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരം സദ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് തന്‍റെ ജീവിതം മാറ്റിയത്. തമിഴ് സിനിമ അന്യനില്‍ വിക്രമിന്‍റെ നായികയായി എത്തിയ നന്ദിനിയെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറന്നുകാണില്ല. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിരക്കുള്ള താരമായി നില്‍ക്കവെ മധ്യപ്രദേശിലെ പന്ന നാഷണല്‍ പാര്‍ക്കിലേക്ക് നടത്തിയ യാത്രയാണ് സദയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഒരു സാധാരണ ജംഗിള്‍ സഫാരിയായി തുടങ്ങിയ യാത്ര കാടിനോടുള്ള തന്‍റെ ധാരണകളാകെ മാറ്റിയെന്ന് സദ തന്നെ പറഞ്ഞിട്ടുണ്ട്. കണ്‍മുന്നില്‍ നേരിട്ട് കണ്ട കാടിന്‍റെയും കാട്ടുജീവികളുടെയും കാഴ്ചകളെ ക്യാമറക്കണ്ണിലൂടെ പകര്‍ത്താന്‍ തീരുമാനിച്ച സദ 2021 ഒക്ടോബര്‍ മുതല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒന്‍പതോളം ദേശീയ ഉദ്യാനങ്ങളിലേക്കും ടൈഗര്‍ റിസര്‍വുകളിലേക്കും സദ യാത്ര ചെയ്തു. അവശ്വസനീയമായ ഈ യാത്രയില്‍ താന്‍ അത്രത്തോളം സന്തുഷ്ടയാണെന്ന് സദ പിന്നീട് പറഞ്ഞു.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ കടുവകളോടും പുലികളോടുമാണ് സദയ്ക്ക് പ്രിയം. 'സദ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ താനെടുത്ത ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സാണ് 'ഫോട്ടോഗ്രാഫര്‍ സദ'യെ ഇന്‍സ്റ്റഗ്രാമിലൂടെ പിന്തുടരുന്നത്.