
മലയാള സിനിമ തലയെടുപ്പോടെ നിന്ന വര്‍ഷമായിരുന്നു 2024. അതിന് കാരണമായത് വളരെ ലെയേഡായ ഡെപ്ത്തുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇത്തവണ ഉണ്ടായി എന്നുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും മലയാള സിനിമ ചര്‍ച്ചയായി. രംഗണ്ണനും കുട്ടേട്ടനും ചാത്തനുമെല്ലാം മലയാളികളുടെ മാത്രമല്ല മറിച്ച് എല്ലാവരുടെയും മനസ് കീഴടക്കി. മലയാള സിനിമയെ ദേശീയതലത്തില്‍ തലയെടുപ്പോടെ നിര്‍ത്തിയ 2024ലെ ആ ആണ്‍ കഥാപാത്രങ്ങളിലൂടെ....
കുട്ടേട്ടന്‍ (മഞ്ഞുമ്മല്‍ ബോയ്സ്)
നമുക്ക് എല്ലാവര്‍ക്കും അടുത്തറിയുന്ന ഒരാള്‍, അതാണ് മഞ്ഞുമ്മല്‍ ബോയ്സിലെ സൗബിന്റെ കുട്ടേട്ടന്‍. അയാളെ ആര്‍ക്കും അത്രപെട്ടന്ന് മറക്കാനാവില്ല. കാരണം നമ്മള്‍ എല്ലാവരും ഒരിക്കലെങ്കിലും കുട്ടേട്ടനെ പോലെ ഒരാളെ അടുത്തറിഞ്ഞിട്ടുണ്ടാകും. നമ്മുടെ എല്ലാ സൗഹൃദ വലയങ്ങളിലും അത്തരത്തിലുള്ള ഒരു സുഹൃത്ത് തീര്‍ച്ചയായും ഉണ്ടായിരിക്കും. ആ സുഹൃത്ത് വലയത്തെ ലീഡ് ചെയ്യുന്ന, ഒരു മുതിര്‍ന്ന വ്യക്തിയെ പോലെ എല്ലാവരെയും അടുത്തറിഞ്ഞ് നോക്കുന്ന കുട്ടേട്ടന്‍മാരെ നമ്മള്‍ റിയല്‍ ലൈഫില്‍ ഒരുപാട് കണ്ടിട്ടുണ്ട്. സൗബിന്റെ കുട്ടേട്ടനും അതുപോലെ തന്നെയാണ്. കൂട്ടത്തില്‍ ഏറ്റവും മെച്ച്വേഡ് ആയ, ഗ്രൂപ്പിലെ തീരുമാനങ്ങള്‍ക്ക് അവസാന വാക്കായ ആള്‍. അയാള്‍ക്ക് ഒരുപക്ഷെ അയാളെക്കാളും വലുതായിരിക്കും തന്റെ സുഹൃത്തുക്കള്‍. കുട്ടേട്ടന്‍ എന്തായാലും അങ്ങനെയാണ്. സിനിമയുടെ തുടക്കം മുതല്‍ തന്നെ കുട്ടേട്ടന്‍ സൗഹൃദത്തിന് നല്‍ക്കുന്ന വില നമുക്ക് മനസിലാക്കാന്‍ സാധിക്കും. പിന്നീട് കൊടേയ്ക്കനാലില്‍ നിന്ന് സുബാഷിന് അപകടം പറ്റുമ്പോഴാണ് കുട്ടേട്ടനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുന്നത്.
സ്വന്തം ജീവന് മേല്‍ ഉണ്ടാകുന്ന അപകടം പോലും വക വെക്കാതെ കുട്ടേട്ടന്‍ സുബാഷിനെ രക്ഷിക്കാന്‍ തയ്യാറാകുന്നുണ്ട്. സിനിമയിലും റിയല്‍ ലൈഫിലും. കുട്ടേട്ടന്‍ ആ ടീമിന് മുഴുവന്‍ നല്‍കിയ ഒരു ധൈര്യമുണ്ട്, അത് പ്രേക്ഷകരിലേക്കും കൃത്യമായി തന്നെ എത്തുന്നുണ്ട്. വള്‍ണറബിള്‍ ആണ് കുട്ടേട്ടന്‍. സെന്‍സിറ്റീവുമാണ്. ആണ്‍ അഹന്ദയുടെ ഒരു തരി പോലും ആ കഥാപാത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. എന്നും മലയാളി മനസില്‍ കുട്ടേട്ടന് ഒരു സ്ഥാനമുണ്ടാകുമെന്നതില്‍ സംശയമില്ല.
രംഗണ്ണന്‍ (ആവേശം)
ഫഹദിന്റെ രംഗണ്ണന്‍, സ്‌ക്രീനില്‍ അയാള്‍ നിറഞ്ഞാടുകയായിരുന്നു. അതുപോലെ തന്നെ പ്രേക്ഷകരുടെ മനസിലും. എല്ലാവര്‍ക്കും പേടിയും ആരാധനയുമുള്ള ഗ്യാങ്സ്റ്റര്‍. ആ നഗരത്തെ രംഗണ്ണന് വിറപ്പിച്ച് നിര്‍ത്താനാകും. അമ്പാന്‍ മുതല്‍ പരിവാരങ്ങള്‍ ഒരുപാടുണ്ട് രംഗണ്ണന്. എന്നാലും ടഫ് ആയ ആ പുറംചട്ടയ്ക്കുള്ളില്‍ വളരെ വള്‍ണറബിളായ ഒരു വ്യക്തി ഒളിഞ്ഞിരിപ്പുണ്ട്. സ്വന്തം അമ്മയില്‍ നിന്ന് കിട്ടാതെ പോയ സ്നേഹം മറ്റൊരു അമ്മയില്‍ നിന്നും കിട്ടുമ്പോള്‍ രംഗന്‍ സന്തോഷിക്കുന്നു. മോന്‍ ഹാപ്പിയല്ലേ എന്ന് ആ അമ്മ ചോദിക്കുമ്പോള്‍ അറിയാതെ അയാളുടെ മനസും കണ്ണും നിറയുന്നുണ്ട്. ഒരാളെ സ്നേഹിച്ചാല്‍ പിന്നെ മുന്നും പിന്നും നോക്കില്ല രംഗണ്ണന്‍. അവര്‍ക്ക് വേണ്ടി എന്തും ചെയ്യും. സെല്‍ഫ്ലെസ്സ് ആയ കഥാപാത്രം കൂടിയാണ് രംഗന്‍. അതുകൊണ്ട് തന്നെയാണ് കോളേജില്‍ പഠിക്കുന്ന അജുവിനെയും ബിബിയെയും ശാന്തനെയും രംഗന്‍ അകമഴിഞ്ഞ് സ്നേഹിച്ചത്.
സ്നേഹം ലഭിക്കാതെ ഒറ്റപ്പെട്ടതിന്റെ വേദന എന്നും അയാള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. അതിന് ഒരു പരിധിവരെ മാറ്റം വന്നത് അജുവും ബിബിയും ശാന്തനും അയാളുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്. പക്ഷെ അവരും തന്റെ അമ്മയെയും മറ്റുള്ളവരെയും പോലെ അകന്ന് പോവുകയാണ് എന്ന് അറിയുമ്പോള്‍ രംഗന്‍ വീണ്ടും വേദനിക്കുന്നു. ഈ ?ഗ്യാങ്സ്റ്റര്‍ രാജ്യത്തുടനീളം സോഷ്യല്‍ മീഡിയ ഭരിക്കുന്ന മീം മെറ്റീരിയലുമായി.
അജയന്‍ (കിഷ്‌കിന്ധാ കാണ്ഡം)
ആസിഫ് അലിയുടെ അജയന്‍ സംഘര്‍ഷഭരിതമായ ജീവിതമാണ് നയിക്കുന്നത്. അച്ഛന്‍, മകന്‍, ഭര്‍ത്താവ് എന്നീ മൂന്ന് നിലകളിലൂടെ അയാള്‍ കടന്ന് പോകുന്നുണ്ട്.. ഈ മൂന്ന് റോളിലും അയാള്‍ പൂര്‍ണ്ണമായും വിജയി ഒന്നുമല്ല. പക്ഷെ അയാള്‍ ജീവിതത്തില്‍ തോറ്റുപോയവനാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. സര്‍വ്വം സഹിച്ച് ഉള്ളിലൊതുക്കി ഉരുകുന്ന സ്ത്രീ കഥാപാത്രങ്ങളെ നമ്മള്‍ ഇഷ്ടം പോലെ മലയാളത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു പുരുഷ കഥാപാത്രം മലയാളത്തില്‍ വന്നിട്ട് കുറേ കാലമായി. അജയന്‍ തന്റെ ഉള്ളില്‍ ഇനി ഒതുക്കാന്‍ ബാക്കിയൊന്നുമില്ല. മകന്റെ മരണം ആരും അറിയാതിരിക്കാന്‍ അവന്‍ തന്റെ ജീവിതം തന്നെ മാറ്റി വെച്ചിരിക്കുകയാണ്. ഓരോ നിമിഷവും അയാള്‍ മരിച്ച് ജീവിക്കുകയാണ്. രഹസ്യങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അജയന്‍.
അച്ഛനുമായി അയാള്‍ക്കുള്ളത് വളരെ സംഘര്‍ഷഭരിതമായ ബന്ധമാണ്. എല്ലാവരെയും സംരക്ഷിക്കാനാണ് അയാള്‍ ജീവിതത്തില്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ അയാള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. അപ്പോഴും എന്നും നീറി നീറി ജീവിക്കാനാണ് അയാളുടെ വിധി. ഇത്തരമൊരു പുരുഷ കഥാപാത്രം മലയാള സിനിമയില്‍ വന്നിട്ട് കുറേ കാലമായി. പാട്ട്രിയാര്‍ക്കലായ സമൂഹത്തിന്റെ പ്രതിഫലനമായ പുരുഷ കഥാപാത്രങ്ങളെയാണ് നമ്മള്‍ കൂടുതലായും മലയാളത്തില്‍ കാണാറ്. അതിനൊരു മാറ്റം വന്നിരിക്കുകയാണ് ആസിഫ് അലിയുടെ അജയനിലൂടെ.
കൊടുമണ്‍ പോറ്റി (ഭ്രമയുഗം)
അധികാരത്തിന്റെ ഉന്മാദത്തില്‍ കഴിയുന്ന ചാത്തനാണ് മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റി. അധികാര മോഹിയായ, പാട്രിയാര്‍ക്കിയോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രം. എല്ലാവരെയും തന്റെ അധികാര പരിധിയില്‍ പെടുത്തി അവര്‍ക്ക് മേലെ കഴിയാനാണ് കൊടുമണ്‍ പോറ്റിക്ക് ഇഷ്ടം. കേരളത്തിന്റെ ഐതിഹ്യത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് ചാത്തന്‍. അയാള്‍ക്ക് മറ്റുള്ളവരെ അടിച്ചമര്‍ത്താനും മറ്റുള്ളവര്‍ക്ക് മേല്‍ അധികാരം കാണിക്കാനുമാണ് ഇഷ്ടം. ചാത്തന് രണ്ട് മുഖമുണ്ട്, ഒരേ സമയം ചാത്തന്‍ യജമാനനുമാണ് അടിമയുമാണ്. വികാരങ്ങള്‍ ചാത്തനുള്ളില്‍ മിന്നിമറിയും. അര്‍ജുന്‍ അശോകന്റെ തേവന്‍ എന്ന കഥാപാത്രത്തോട് ചാത്തന്‍ പെരുമാറുന്നതില്‍ നിന്ന് അത് വ്യക്തമാണ്. ഒരു നിമിഷത്തില്‍ തേവനോട് സ്നേഹത്തോടെ പെരുമാറുന്ന ചാത്തന്‍ അടുത്ത നിമിഷത്തില്‍ അവനോട് തന്റെ അധികാരത്തിന്റെ ശബ്ദത്തില്‍ പെരുമാറും. അധികാര ദാഹിയായ ചാത്തന് മുന്നില്‍ മറ്റാരും ഒന്നുമല്ല. അതിന് തടസം നില്‍ക്കുന്നവരെ നിഷ്പ്രഭമാക്കുക എന്നൊരൊറ്റ ചിന്ത മാത്രമെ ചാത്തനുള്ളൂ. ചാത്തന്‍ അവസാന നിമിഷത്തില്‍ അടിമയാകുമ്പോള്‍ അയാള്‍ പ്ലീഡ് ചെയ്യുന്ന രംഗമുണ്ട് സിനിമയില്‍. അടുത്ത നിമിഷം തന്നെ ചാത്തന്‍ തന്റെ പവര്‍ കാണിക്കുന്നുമുണ്ട്. ഒരു കഥാപാത്രത്തിന്റെ രണ്ട് എക്സ്ട്രീം നമുക്ക് മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയിലൂടെ കാണാന്‍ സാധിക്കും.
ഈ നാല് കഥാപാത്രങ്ങളും ഒരുപോലെ പ്രേക്ഷക-നിരൂപക പ്രശംസയും ബോക്‌സ് ഓഫീസില്‍ വിജയവുമായവരാണ്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് ആവശ്യം. 2025ലും ബോക്‌സ് ഓഫീസ് വാഴുന്ന ഡെപ്ത്തുള്ള സ്ത്രീ-പുരുഷ കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.