fbwpx
പ്രണവും അയാളുടെ യാത്രകളും
logo

നന്ദന രാജ് സുഭഗന്‍

Last Updated : 13 Nov, 2024 01:15 PM

പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു എന്ന് വിശ്വസിച്ച സിനിമാവ്യവസായികള്‍ക്കുള്ള മറുപടിയായിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്ന ഹൃദയം

MALAYALAM MOVIE


'പ്രണവ് ഇപ്പോള്‍ സ്പെയിനിലെ ഒരു ഫാര്‍മില്‍ വര്‍ക്ക് എവേ [work away ] ആയി ജോലി ചെയ്യുകയാണ്. അവിടെ ആടുകളെയോ കുതിരകളേയോ പരിപാലിക്കുക തുടങ്ങിയ ജോലികളാണ് അവനുള്ളത്. ജോലിക്കു പൈസ ലഭിക്കില്ല പക്ഷെ ഭക്ഷണവും താമസവും സൗജന്യമാണ്' സുചിത്ര മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ മകന്‍ പ്രണവിനെകുറിച്ച് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

ഒരുപക്ഷെ, പ്രണവിന്റെ കഥാപാത്രങ്ങളേക്കാള്‍ ചെയ്ത യാത്രകളെക്കുറിച്ച് സംസാരിക്കാനാകും പുതിയ തലമുറയ്ക്ക് ഇഷ്ടം. പ്ലസ് ടു പഠനത്തിന് ശേഷമാണ് പ്രണവ് യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയത്. സോളോ ട്രിപ്പുകള്‍ ഇഷ്ടപ്പെടുന്ന, ജീവിതത്തില്‍ സാഹസികത വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് പ്രണവ് എന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. യാത്രയോടുള്ള ഇഷ്ടം പ്രണവിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും വ്യക്തമാണ്. താന്‍ എഴുതിയ കവിതകളും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളുമാണ് പേജില്‍ കൂടുതലുമുള്ളത്. ഒരു സിനിമയ്ക്ക് ശേഷം എടുക്കുന്ന ഇടവേള അയാള്‍ വിനിയോഗിക്കുന്നത് യാത്രകള്‍ക്കായാണ്.

2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലൂടെ കേരള സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പ്രണവ് സ്വന്തമാക്കിയിരുന്നു. ശേഷം ഒരു നീണ്ട ഇടവേള. പിന്നീട് ഓസ്‌ട്രേലിയയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദം നേടിയശേഷം സംവിധാന സഹായിയായാണ് പ്രണവിന്‍റെ സിനിമയിലേക്കുള്ള രണ്ടാം വരവ്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യത്തിന്റെ തമിഴ് റീമെയ്ക് ആയ പാപനാശം എന്നീ സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ആദി എന്ന മലയാള ചിത്രത്തിലൂടെ പ്രധാനവേഷത്തില്‍ ബിഗ്‌സ്‌ക്രീനില്‍ നായകനായി അരങ്ങേറ്റം. 2019ല്‍ വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു എന്ന് വിശ്വസിച്ച സിനിമാവ്യവസായികള്‍ക്കുള്ള മറുപടിയായിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്ന ഹൃദയം. ഹൃദയം ആഗോള മാര്‍ക്കറ്റില്‍ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലൂടെ മികച്ച കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. പല നിരൂപകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ വിജയമായിരുന്നു.

' A product of nepotism ' എന്ന് പലരും പ്രണവിനെ മുദ്രകുത്തിയിട്ടുണ്ട്. അച്ഛന്റെ കഴിവിന്റെ ഒരംശം പോലും അവകാശപ്പെടാന്‍ സാധിക്കാത്തവന്‍ തുടങ്ങി മോഹന്‍ലാലുമായി അയാളെ താരതമ്യം ചെയ്യുന്ന വ്യക്തികളും ഇവിടെയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ ചെവി കൊടുക്കാതെ തന്റെ ജീവിതം യാത്രകള്‍ക്കായും പുതിയ അനുഭവങ്ങള്‍ക്കായും വേണ്ടി മാറ്റി വച്ചിരിക്കുകയാണ് പ്രണവ്. സുചിത്ര മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത് പോലെ,'അവന്‍ ഞാന്‍ പറയുന്നത് പോലും കേള്‍ക്കാറില്ല. അവന് അവന്റേതായ ഒരു രീതിയുണ്ട്. അവന് ഒരു തരത്തിലുള്ള വാശിയുമില്ല. സിനിമകള്‍ തിരഞ്ഞെടുക്കുന്നതും അവന്റെ ഇന്റ്യൂഷന്‍ അനുസരിച്ചാണ്.'