രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു; സംഗീത പരിപാടി മാറ്റി വെച്ച് അരിജിത് സിംഗ്

രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു; സംഗീത പരിപാടി മാറ്റി വെച്ച് അരിജിത് സിംഗ്
Published on


പ്രശസ്ത പിന്നണി ഗായകന്‍ അരിജിത് സിംഗ് ഏപ്രില്‍ 27 ഞായറാഴ്ച ചെന്നൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും അവരുടെ കുടുംബത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായാണ് അരിജിത് സിങ്ങും സംഘാടകരും ഈ നടപടി സ്വീകരിച്ചത്. എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് സംഗീത പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

പാകിസ്ഥാന്‍ നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച അബിര്‍ ഗുലാല്‍ എന്ന സിനിമയില്‍ ഗാനം ആലപിച്ചതിന് നേരത്തെ അരിജിത് സിംഗിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക രാഷ്ട്രീയ സിനിമ-സംഗീത ലോകത്തെ നിരവധി പേരാണ് ആക്രമണത്തെ തുടര്‍ന്നുള്ള അനുശോചനവും അഭിപ്രായങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നിലവിലെ സാഹചര്യം പരിഗണിച്ച് തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ബെംഗളൂരുവില്‍ നടക്കാനിരുന്ന തന്റെ ഹുക്കും വേള്‍ഡ് ടൂര്‍ എന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരുവരുടേയും തീരുമാനത്തിന് വലിയ ആദരവാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെ കര്‍ശന നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. അതേസമയം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ നിരവധിപേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com