
ജോഫിൻ ടി. ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആസിഫ് അലി നായകനാകുന്ന ചിത്രം രേഖാചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മികച്ച അഭിപ്രായം ലഭിച്ച കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം പുറത്തിറങ്ങുന്ന ആസിഫ് അലി ചിത്രമായിരിക്കും രേഖാചിത്രം.
ഒരു മ്യൂസിക്ക് സിസ്റ്റത്തിനടുത്ത് പൊലീസ് വേഷത്തിൽ മേശപ്പുറത്ത് കാൽ കയറ്റി വച്ച് ഇരിക്കുന്ന ആസിഫ് അലിയെയാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക. 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനും സെക്കൻഡ് ലുക്ക് പോസ്റ്ററിൽ കാണാം. നേരത്തെ തലവൻ, കൂമൻ എന്നീ ചിത്രങ്ങളിലും ആസിഫ് പൊലീസ് വേഷത്തിലെത്തിയിരുന്നു.
വേണു കുന്നപ്പിള്ളിയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ ചിത്രം നിർമിക്കുന്നത്. നേരത്തെ, കാവ്യ ഫിലിം കമ്പനി ഒരുക്കിയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അനശ്വര രാജനും എത്തുന്നുണ്ട്. മനോജ് കെ. ജയൻ, ഭാമ, സിദ്ദീഖ്, ജഗദീഷ്, സായ് കുമാർ ഇന്ദ്രൻസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.