ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ആഷിഖ് അബു; നിലപാടില്ലാത്ത നേതൃത്വത്തോട് ശക്തമായ വിയോജിപ്പും പ്രതിഷേധവും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് ഫെഫ്ക നേതൃത്വം സ്വീകരിച്ച ലാഘവത്തോടെയുള്ള സമീപനത്തിനെതിരെ ആഷിഖ് അബു മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു
ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ആഷിഖ് അബു; നിലപാടില്ലാത്ത നേതൃത്വത്തോട് ശക്തമായ വിയോജിപ്പും പ്രതിഷേധവും
Published on

സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് ഫെഫ്ക നേതൃത്വം സ്വീകരിച്ച ലാഘവത്തോടെയുള്ള സമീപനത്തിനെതിരെ ആഷിഖ് അബു മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി ആഷിഖ് അബു അറിയിച്ചു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടന സ്വീകരിച്ച കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങിയ വാചക കസർത്തുകൾ, ' പഠിച്ചിട്ടു പറയാം ' ' വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ' എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ തന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്ന് ആഷിഖ് അബു വ്യക്തമാക്കി.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും സ്വീകരിച്ച നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചത്.

ആഷിഖ് അബുവിന്‍റെ വാക്കുകള്‍ ...

പ്രിയപ്പെട്ട സിനിമ സംവിധായക യൂണിയൻ അംഗങ്ങൾ അറിയുവാൻ.

2009 ഒക്ടോബറിൽ FEFKA രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.  രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്.

2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിർമ്മാതാവിന്റെ മറ്റൊരു ചിത്രം നിർമ്മാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഇതേ നിർമ്മാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയില്‍ നിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന ഞങ്ങൾക്കവകാശപെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽ നിന്ന് 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫീസിൽ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ. വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് ശ്രീ സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതെ തുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്ക് തർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ. തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിന് കമ്മീഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പകലിൽ നിന്ന് 20 ശതമാനം ' സർവീസ് ചാർജ് ' സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.

ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘടനയില്‍ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്ന് പോന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങു്ന്ന കുറച്ചു വാചക കസർത്തുകൾ, ' പഠിച്ചിട്ടു പറയാം ' ' വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ' എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.

ബഹുമാനപൂർവ്വം

ആഷിഖ് അബു
സംവിധായകൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com