'ദി ഒഡീസി' മുതല്‍ 'ഹാംലെറ്റ്' വരെയുള്ള മറ്റ് ക്ലാസിക്കുകള്‍ സിനിമയായും സീരീസായും എത്തി വിജയിച്ചിരുന്നു
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ലോക പ്രശസ്ത നോവലായ '100 years of solitude' നെറ്റ്ഫ്ലിക്‌സ് സീരീസാകുകയാണ്. ഡിസംബര്‍ 11ന് സീരീസ് നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ആദ്യമായാണ് 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' സ്‌ക്രീനിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചര്‍ച്ചകളും ആഗോള തലത്തില്‍ ഇതുസംബന്ധിച്ച് നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ്, മാര്‍ക്ക്വേസ് ഇത് സ്‌ക്രീനിലെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന വാദം. 2014ലാണ് മാര്‍ക്ക്വേസ് അന്തരിച്ചത്. അന്നു വരെ അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു ആശയം ഉണ്ടായിരുന്നില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്.
എന്നാല്‍ അത് അങ്ങനെ ആയിരുന്നോ????
ദി ഒഡീസി മുതല്‍ ഹാംലെറ്റ് വരെയുള്ള മറ്റ് ക്ലാസിക്കുകള്‍ സിനിമയായും സീരീസായും എത്തി വിജയിച്ചിരുന്നു. അവയെ പോലെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്കും പുസ്തകത്തിന് അപ്പുറത്തേക്ക് ഒരു ജീവിതമുണ്ട്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, ബാലെറ്റ്, ഒപേറ, നാടകം, പെയിന്റിംഗുകള്‍ എന്നീ കലകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഇനി അത് സ്‌ക്രീനിലേക്ക് എത്താനുള്ള സമയമാണ്.
നോവലിന്റെ അഡാപ്‌റ്റേഷന് അതിന്റേതായ രീതിയിലുള്ള വ്യത്യാസങ്ങളും ഉണ്ടാകാം. ഇന്നത്തെ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും സിനിമകള്‍ വിജയിപ്പിക്കുന്നതിന് അത് ഹോളിവുഡ് സ്റ്റാന്‍ഡേഡിലേക്ക് എത്തിക്കണമെന്നില്ല. പ്രേക്ഷകരുടെ താത്പര്യത്തിന് അനുസരിച്ചാണ് കണ്ടന്റുകള്‍ നിര്‍മിക്കപ്പെടുന്നത്. അതിന് 140 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ലിക്‌സും കാരണമാണ്. അതിനാല്‍ ഇവിടെ ചര്‍ച്ചയാകേണ്ട വിഷയം ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന സീരീസിന്റെ ക്വാളിറ്റിയിലോ അത് എത്രത്തോളം നോവലിനോട് നീതി പുലര്‍ത്തി എന്നതിലോ അല്ല മറിച്ച് 190ലധികം രാജ്യങ്ങളില്‍ മക്കോണ്ടോയുടെയും ബ്യൂണ്ടിയ കുടുംബത്തിന്റെയും കഥകള്‍ സ്വീകരിക്കപ്പെടുമോ എന്നതിലാണ്. നാര്‍ക്കോസ് എന്ന സീരീസിന്റെയും റോമ എന്ന ഫീച്ചര്‍ ഫിലിമിന്റെയും വിജയം ലാറ്റിന്‍ അമേരിക്കന്‍ കഥകള്‍ക്ക് നെറ്റ്ഫ്ലിക്‌സില്‍ മാര്‍ക്കറ്റുണ്ട് എന്ന് കാണിക്കുന്നതാണ്.
ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ സ്‌ക്രീനിലെത്തിക്കാന്‍ മാര്‍ക്ക്വേസിന് നേരത്തെയും ഓഫറുകള്‍ വന്നിരുന്നു. 1982ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഓഫറുകള്‍ ലഭിച്ചിരുന്നു എന്നത് മാര്‍ക്ക്വോസിന്റെ കത്തിടപാടുകളില്‍ നിന്ന് വ്യക്തമാണ്. സിനിമയോടുള്ള അവിശ്വാസം കാരണം അദ്ദേഹം ഓഫറുകള്‍ നിരസിച്ചു എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ അത് അങ്ങനെയായിരുന്നില്ല. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പാഷനില്‍ ഒന്നായിരുന്നു സിനിമ. 1963ല്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എഴുതുന്നതിന് രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം മെക്‌സിക്കോ സിറ്റിയില്‍ ഒരു തിരക്കഥാകൃത്തായി ജോലി ചെയ്തിരുന്നു. ആ വര്‍ഷം തന്നെ തന്റെ സുഹൃത്തായ പ്ലിനിയോ അപുലെയോ മെന്‍ഡോസയോട് മാര്‍ക്ക്വേസ് കത്തിലൂടെ താമസിയാതെ താന്‍ ഹോളിവുഡില്‍ ജോലി ചെയ്യുമെന്ന് പറഞ്ഞിരുന്നു.
മാജിക്കും യാഥാര്‍ത്ഥ്യവുമാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ പ്രധാന ഘടകങ്ങള്‍. അതിനെ രണ്ടിനെയും സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിനെ സഹായിച്ചത് സിനിമയാണ്. ഈ നോവല്‍ എഴുതുമ്പോള്‍ അതിനായി നിരവധി സിനിമാറ്റിക് ട്രിക്കുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പേജ് മുതല്‍ മാര്‍ക്ക്വേസ് അത് ചെയ്തിട്ടുണ്ട്. കേണല്‍ ഔറേലിയാനോ ബ്യൂണ്ടിയ ഫയറിംഗ് സ്‌ക്വാഡിന് മുന്നില്‍ നില്‍ക്കുന്ന നിമഷം ഒരു ഫ്‌ലാഷ് ബാക്കിലേക്കാണ് പോകുന്നത്. കുട്ടിക്കാലത്ത് അദ്ദേഹം ആദ്യമായ ഐസ് സ്പര്‍ശിച്ചപ്പോള്‍ മക്കോണ്ടോ ഒരു ചെറിയ ഗ്രാമമായിരുന്നു എന്ന ഫ്ലാഷ്ബാക്കിലേക്ക്.
മക്കോണ്ടോയുടെ കഥ പറയാന്‍ ഏത് ഓഡിയോ വിഷ്വല്‍ ഫോര്‍മാറ്റാണ് മികച്ചത് എന്ന തീരുമാനിക്കുന്നതില്‍ മാര്‍ക്ക്വേസിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തിലൊരു കൃതി ഒരിക്കലും ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് കാണിച്ച് ഫലിപ്പിക്കാനാവില്ലെന്ന് മാര്‍ക്ക്വേസിന് അറിയാമായിരുന്നു. അതിനാലാണ് അദ്ദേഹം നോവലിന്റെ ഫിലിം അഡാപ്‌റ്റേഷനെ എതിര്‍ത്തത്. എന്നാല്‍ ടെലിവിഷനിലേക്ക് നോവല്‍ അഡാപ്റ്റ് ചെയ്യുന്നതില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. 1989ല്‍ മാര്‍ക്ക്വേസ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത് ഇതാണ് : 'ഒരു രാത്രികൊണ്ട് നിങ്ങള്‍ക്ക് 10 ദശലക്ഷം കാഴ്ച്ചക്കാരിലേക്ക് എത്താന്‍ ടിവിയിലൂടെ സാധിക്കും', ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് ആ സാധ്യതയുണ്ടെന്ന് മാര്‍ക്ക്വേസിന് അറിയാമായിരുന്നു. നടന്‍ ആന്റണി ക്വിന്‍ ഈ നോവല്‍ സ്വീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ മാര്‍ക്ക്വേസ് പറഞ്ഞത് ഇങ്ങനെയാണ്, 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' 50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ സീരിയലിന് അനുയോജ്യമായിരിക്കും'.
എല്ലാ സാഹിത്യ ക്ലാസിക്കുകള്‍ക്കും തലമുറതലമുറയായി സ്വയം പുനര്‍നിര്‍മിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഓരോ ക്ലാസിക്കിനും സ്‌ക്രീന്‍ അഡാപ്‌റ്റേഷന്‍ ചെയ്യുന്നതില്‍ അതിന്റേതായ വെല്ലുവിളികളുണ്ട്. ഒരു മികച്ച അഡാപ്‌റ്റേഷനില്‍ പ്രാദേശികമായ ഭാഷയും സംസ്‌കാരവും കൃത്യമായി പറഞ്ഞുവെക്കേണ്ടതുണ്ട്. അതുപോലെ തന്നെ ആഗോള പ്രേക്ഷകര്‍ക്കായി ഒരു യൂണിവേഴ്‌സല്‍ ഡൈമന്‍ഷനിലേക്ക് അത് ട്രാന്‍സ്ലൈറ്റ് ചെയ്യപ്പെടുകയും വേണം. അതല്ലെങ്കില്‍ ഈ സീരീസും മാര്‍ക്ക്വേസിന്റെ ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്, ലൗ ഇന്‍ ദ ടൈം ഓഫ് കോളറ എന്നീ നോവലുകളുടെ ഫിലിം അഡാപ്‌റ്റേഷന്‍ പോലെ പരാജയമാകും.