ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണം; രഞ്ജിത്തിനെതിരെ നടപടിയെടുക്കുമ്പോൾ നാലുവശവും ശ്രദ്ധിക്കണം: അനൂപ് ചന്ദ്രന്‍

പാർവതിയെ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയി വിലക്കി. മൂന്ന് നേരം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും ഇത് മനസിലാവുമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണം; രഞ്ജിത്തിനെതിരെ നടപടിയെടുക്കുമ്പോൾ നാലുവശവും ശ്രദ്ധിക്കണം: അനൂപ് ചന്ദ്രന്‍
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാകാൻ കാരണം ആക്രമിക്കപ്പെട്ട നടിയെടുത്ത നിലപാടാണെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. പരാതി നൽകാൻ അവര്‍ കാണിച്ച ധൈര്യമാണ് ഇന്ന് ഹേമ കമ്മിറ്റി ആയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ നടപടികളുമായി മുന്നോട്ടു പോകണമെന്നും സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. പരാതി നൽകാൻ ഇരയാക്കപ്പെട്ടവർ തയ്യാറായാൽ അക്രമങ്ങൾക്ക് വിരാമം ആകുമെന്നും അനൂപ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലും അനൂപ് ചന്ദ്രന്‍ നിലപാട് വ്യക്തമാക്കി. രഞ്ജിത്തിനെതിരെ നടപടിയെടുക്കുമ്പോൾ നാലുവശവും ശ്രദ്ധിക്കണമെന്ന ഉത്തരവാദിത്വം സർക്കാരുണ്ട്. ആരോപണം ഉന്നയിച്ച നടി വ്യക്തമായ രാഷ്ട്രീയമുള്ള നിലപാട് ഉള്ള വ്യക്തിയാണ്. അവർ വെറുതെ എന്തെങ്കിലും പറയുമെന്ന് തോന്നുന്നില്ല. ആരോപണം വെറുതെ തള്ളി കളയേണ്ടതല്ല, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

അമ്മ അസോസിയേഷൻ ഒരു ചാരിറ്റി സംഘടനയാണ്. സിനിമയെ കുറിച്ചും സിനിമ മേഖലയെ കുറിച്ചും വ്യക്തമായി സംസാരിക്കേണ്ടത് സംവിധായകരാണ്. പട്ടാളവും പോലീസും ഒന്നുമല്ല അതൊരു ചാരിറ്റി സംഘടനയാണ്. സിനിമയിൽ ഉള്ളവർ എല്ലാം സംഘടനയിൽ ഇല്ല. റിപ്പോർട്ട് പഠിക്കാൻ എടുത്തതാണ് പ്രതികരിക്കാൻ വൈകിയത്. സർക്കാർ നടപടി എടുത്തോട്ടെ എന്നാണ് സിദ്ദിഖ് പറഞ്ഞതെന്നും അനൂപ് ചന്ദ്രന്‍ പ്രതികരിച്ചു.

നടി പാര്‍വതി തിരുവോത്തിന് മലയാള സിനിമയിൽ ഉണ്ടായ വിലക്ക് വ്യക്തമാണ്. പാർവതിയെ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയി വിലക്കി. മൂന്ന് നേരം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും ഇത് മനസിലാവും. ഒരു സുപ്രഭാതത്തിൽ കറിവേപ്പില പോലെ അവരെ എടുത്ത് പുറത്ത് കളഞ്ഞു. അതുകൊണ്ട് നഷ്ടം മലയാള സിനിമയ്ക്ക് ആണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com