സിനിമ റിലീസുമായി വിവാദങ്ങള്‍ക്ക് ബന്ധമില്ല: ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതില്‍ നിര്‍മാതാവ്

ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
സിനിമ റിലീസുമായി വിവാദങ്ങള്‍ക്ക് ബന്ധമില്ല: ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതില്‍ നിര്‍മാതാവ്
Published on


ഹണി റോസ് കേന്ദ്ര കഥാപാത്രമാകുന്ന റേച്ചല്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച വിവരം അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാവ് എന്‍.എം ബാദുഷയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നാണ് ബാദുഷ പറഞ്ഞത്. റേച്ചലിന്റെ ടെക്‌നിക്കല്‍ ജോലികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍മാതാവ് അറിയിച്ചു.

'റേച്ചലിന്റെ ടെക്നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം. ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും,' എന്നാണ് ബാദുഷ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ബോബി ചെമ്മണ്ണൂരിനെതിരെയുള്ള പരാതി ഹണി റോസ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണവുമായി നിര്‍മാതാവ് രംഗത്തെത്തിയത്.

ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ രാഹുല്‍ മണപ്പാട്ട്. എബ്രിഡ് ഷൈനും രാഹുലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com