ഒക്ടോബര്‍ 31നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ തിയേറ്ററിലെത്തുന്നത്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തനിക്ക് പാന്‍ ഇന്ത്യന്‍ എന്ന വാക്കിനോട് വെറുപ്പാണെന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ലക്കി ഭാസ്‌കറിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എത്തരത്തിലുള്ള ചിത്രങ്ങളായിരിക്കണം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.
'എനിക്ക് പാന്‍ ഇന്ത്യന്‍ എന്ന വാക്കിനോട് വെറുപ്പാണ്. കാന്താര എന്ന സിനിമയുടെ വിജയം ശരിക്കും മികച്ചതാണ്. ഓരോ സിനിമയും എവിടെയെങ്കിലും വേരൂന്നിയിരിക്കണം. സിനിമ പറയുന്നത് ഒരിടത്തെ കഥയായിരിക്കും. എന്നാല്‍ അത് ഡബ്ബിംഗിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പരിചിതമായ മുഖങ്ങള്‍ സിനിമയില്‍ കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. ഉദാഹരണത്തിന് സീതാരാമത്തില്‍ വിവിധ സിനിമ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ ഭാഷയിലും പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരാള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ചിത്രം ഒരിടത്ത് വേരൂന്നിയിരുന്നു. കാന്താരയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. ദക്ഷിണേന്ത്യയിലെ ആളുകള്‍ക്ക് ഇത് ഇപ്പോഴും പരിചിതമായ കാര്യമാണെങ്കിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ഇത് സാംസ്‌കാരികമായ കണ്ടെത്തിലിന്റെ ഒരു നിമിഷമായിരുന്നു. നമ്മുടെ സംസ്‌കാരം ആഘോഷിക്കേണ്ടത് പ്രധാനമാണ്. ഒരു ആക്ഷന്‍ സിനിമ അതിരുകള്‍ ഭേദിക്കുന്നത് കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം രാജ്യത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയ ചിത്രങ്ങള്‍ അത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്', എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ഒക്ടോബര്‍ 31നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ തിയേറ്ററിലെത്തുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണിത്.
'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിന്റെ ലോകത്തേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.
സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി എത്തുമ്പോള്‍ തന്റെ അതിശയകരമായ ദൃശ്യങ്ങള്‍ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകന്‍ നിമിഷ് രവിയും ബ്രഹ്‌മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്‌ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകന്‍ ജി. വി. പ്രകാശ് കുമാറിന്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീന്‍ നൂലി. ഒക്ടോബര്‍ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.