സ്ത്രീകളുടെ കഴിവുകളെയും തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തെയും അടുക്കളപ്പണിയില്‍ പരിമിതപ്പെടുത്തുന്ന പ്രവണതയെ തനിക്ക് പരിചിതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുകയാണ് ഫാസില്‍ മുഹമ്മദ്.
പൊന്നാനിക്കാരനായ ഫാസില്‍ മുഹമ്മദിന്റെ ആദ്യ സിനിമ, ഫെമിനിച്ചി ഫാത്തിമ (Feminst Fathima), സംസാരിക്കുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയായ ഫാത്തിമയുടെ 'ഫെമിനിച്ചി' ആയുള്ള മാറ്റമാണ്. തുല്യ വേതനം, ആത്മാഭിമാനം, അന്തസ് എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളെ 'ഫെമിനിച്ചി' എന്ന് പരിഹസിച്ചു വിളിക്കാന്‍ ആരംഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഈ വിളിക്കൊപ്പം 'വറുത്ത മീനും വട്ട പൊട്ടും' സമൂഹ മാധ്യമങ്ങളിലെ ആക്ഷേപങ്ങള്‍ക്ക് നിറംകൊടുത്തു. എന്നാല്‍ ഇത്തരം ഫെമിനിച്ചി വിളികളെയും ബിംബങ്ങളേയും അപനിര്‍മിക്കുകയും അങ്ങനെ വിളിക്കുന്നവരെ നര്‍മത്തിലൂടെ വിമര്‍ശിക്കുകയുമാണ് ഫാസിലിന്റെ സിനിമ.
പൊന്നാനിയിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ അഷ്റഫ് എന്ന പിന്തിരിപ്പനായ ഉസ്താദിന്റെ ഭാര്യയാണ് ഫാത്തിമ. സിനിമ ആരംഭിക്കുന്നത് തന്നെ ഭര്‍ത്താവിനും മകനും ഒപ്പം ഒരു ഇടുങ്ങിയ കട്ടിലില്‍ കിടന്നുറങ്ങുന്ന ഫാത്തിമയെ കാണിച്ചു കൊണ്ടാണ്. പിന്നീട് ചിത്രത്തില്‍ ഉടനീളം ഫാത്തിമയ്ക്ക് ഈ ഉറക്കം നഷ്ടമാകുന്നു. മൂത്ത മകന്‍ ഉറക്കത്തില്‍ കിടന്ന് മൂത്രമൊഴിക്കുന്നത് വളരെ സ്വഭാവികമായാണ് സിനിമയുടെ ആദ്യ സീനുകളില്‍ കാണിക്കുന്നത്. എന്നാല്‍ ആ മൂത്രം വീണ മെത്ത കഥയുടെ കേന്ദ്ര ബിന്ദുവായി മാറുന്നു. തിരക്കുകള്‍ക്കിടയില്‍ മെത്ത കഴുകി ഉണക്കാനിടുന്ന ഫാത്തിമയ്ക്ക് അതില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. പരിണതഫലമോ മകന്‍ മൂത്രമൊഴിച്ചതിന്റെ മേലെ ജബ്ബാറെന്ന നായയും മൂത്രം ഒഴിക്കുന്നു. ജബ്ബാറിന്റെ മൂത്രത്തെ ഉസ്താദ് തന്റെ മതപരമായ അറിവുകള്‍ വെച്ച് അളന്നു നോക്കി അശുദ്ധമായി പ്രഖ്യാപിക്കുന്നു. അവിടം മുതലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ആ മെത്ത ഒന്ന് നന്നായി കഴുകിയാല്‍ തീരുന്ന പ്രശ്‌നം മതപരമായ വിശ്വാസങ്ങളും പുരുഷാധിപത്യവും ചേര്‍ന്ന് സങ്കീര്‍ണമാക്കി ഫാത്തിമയുടെ ഉറക്കം കെടുത്തുന്നു.
ഫാത്തിമയെ ഫെമിനിച്ചി ആക്കിയ മെത്ത
മെത്ത ഒരു മനുഷ്യന്റെ ജീവിതത്തിലെ അത്ര അവിഭാജ്യമായ ഘടകമാണോ? ഈ കഥ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയമാണിത്. എന്നാല്‍ ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ അത്തരത്തിലുള്ള എല്ലാ സംശയങ്ങളും നീങ്ങും. മക്കള്‍ക്കും ഭര്‍ത്താവിനുമായി വീട്ടിലെ ശേഷിച്ച മെത്ത വിട്ടുകൊടുത്ത് മരക്കട്ടിലില്‍ പായ വിരിച്ചു കിടക്കുന്ന ഫാത്തിമയ്ക്ക് നഷ്ടമാകുന്നത് ഉറക്കമാണ്. നില്‍ക്കാതെ ഓടിനടന്ന് പണിയെടുക്കുന്ന സ്ത്രീയെ സംബന്ധിച്ച് 'ജീവനേക്കാള്‍ വിലയുണ്ട്' ഉറക്കത്തിന്. അതിലും ഉപരിയായി ഗാഢ നിദ്രയിലാണ് അവള്‍ പൂര്‍ണമായ അര്‍ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഇങ്ങനെ നേരെ ചൊവ്വേ നടുനിവര്‍ത്താന്‍ സാധിക്കാത്തതാണ് ഫാത്തിമയെ ഫെമിനിസ്റ്റ് ആക്കുന്നത്. കാരണം ഉറക്കം നഷ്ടപ്പെടുന്ന ഫാത്തിമ ഒരു തീരുമാനത്തില്‍ എത്തുന്നു - പുതിയൊരു മെത്ത വാങ്ങണം. വാങ്ങല്‍ ശേഷി (Purchasing Power) എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. ആണ്‍ ഭരിക്കുന്ന ഇടങ്ങള്‍ സ്ത്രീയില്‍ നിന്നും കവര്‍ന്നെടുക്കുന്നതും ഈ ശേഷിയാണ്. മെത്ത വാങ്ങാന്‍ തീരുമാനിക്കുന്നിടത്താണ് ഫാത്തിമ തനിക്ക് സ്വന്തമായി എന്തെങ്കിലും വാങ്ങാനുള്ള പണമോ അനുഭവിക്കാനുള്ള സ്വാതന്ത്ര്യമോ ഇല്ലെന്ന് മനസിലാക്കുന്നത്. ഇത് ഈ കഥാപാത്രത്തെ സ്വാധീനിക്കുന്നു. അയല്പക്കത്തെ ബാംഗ്ലൂരില്‍ പഠിക്കുന്ന പെണ്‍കുട്ടി, പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ വരുന്ന തമിഴത്തി എന്നിവര്‍ മൊബൈലും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നതും പണം സാമ്പാദിക്കുന്നത് കാണുന്നതും ഫാത്തിമയ്ക്ക് പ്രചോദനമാകുന്നു. എന്നാല്‍ ഈ തീരുമാനവും പ്രചോദനവും അഷ്‌റഫ് ഉസ്താദ് നല്ല രീതിയിലല്ല ഉള്‍ക്കൊള്ളുന്നത്. 'നരകത്തിലെ വിറകുകൊള്ളിയായി മാറും'എന്ന് അയാള്‍ ഭയപ്പെടുത്തുന്നു.
സ്ത്രീയെ ആശ്രിതയായി നിര്‍ത്തിയാല്‍ മാത്രമേ പുരുഷന്മാര്‍ക്ക് ഭരണം സാധ്യമാകുകയുള്ളൂ. അഷ്റഫ് ഉസ്താദിനും അങ്ങനെ തന്നെ. അതിനയാള്‍ കൂട്ട് പിടിക്കുന്നത് മത നിയമങ്ങളെയും തന്റെ പിന്തിരിപ്പന്‍ യുക്തിയേയുമാണ്. അയാളുടെ കാഴ്ചപ്പാടില്‍ സ്ത്രീ പ്രസവിക്കാനും വെച്ചു വിളമ്പാനും തുണി തിരുമ്പാനും ദൈവം നടത്തിയ മനോഹര സൃഷ്ടിയാണ്. സന്താനോല്പാദനം എന്നത് സാമൂഹിക സ്ഥാനത്തെ കുറിക്കുന്നുവെന്ന ചിന്ത പോലും അഷ്റഫ് ഉസ്താദിനുണ്ട്. അയാള്‍ തന്റെ പഞ്ഞിമെത്തവിട്ട് ഫാത്തിമയുടെ മരക്കട്ടില്‍ തേടി എത്തുന്നത്, പെറ്റ് തന്നെ പെരുമയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഫാത്തിമ അത് നിഷ്‌കരണം തള്ളി കളയുന്നു.
സിനിമ വിശ്വാസയോഗ്യമാക്കുന്ന കഥാപാത്രങ്ങള്‍
സിനിമയിലെ നര്‍മവും, സന്ദര്‍ഭങ്ങളും പ്രേക്ഷകന് ആസ്വാദ്യകരമാകാന്‍ കാരണം കഥാപരിസരമാണ്. ഈ സിനിമയെ സാധാരണക്കാരന് മനസിലാകുന്ന ചുറ്റുപാടിലാണ് സംവിധായകന്‍ സ്ഥാപിച്ചിരിക്കുന്നത്. ഫാത്തിമയുടെ അയല്പക്കവും അവള്‍ പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വിധവും മലയാളിക്ക് പരിചിതമാണ്. പെണ്ണുങ്ങളുടെ കുറിപ്പണം എത്ര മലയാളി വീടുകളിലെ കടം വീട്ടിയിരിക്കുന്നു. അയാള്‍ വീടുകളിലെ സ്ത്രീകള്‍ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ടല്ലോ. മാത്രമല്ല ഈ കഥാപാത്രങ്ങള്‍ക്കായി സംവിധായകന്‍ കണ്ടെത്തിയിരിക്കുന്ന അഭിനേതാക്കള്‍ രൂപം കൊണ്ടും പ്രകടനം കൊണ്ടും നമ്മുടെ പരിചയക്കാര്‍ തന്നെ. കൃത്യമായ മീറ്ററിലാണ് ഫാസില്‍ സിനിമയിലെ നര്‍മത്തെയും ഡ്രാമയെയും ക്രമീകരിച്ചിരിക്കുന്നത്. അഷ്റഫ് (കുമാര്‍ സുനില്‍) എന്ന കഥാപാത്രം തന്നെ ഉദാഹരണമായി എടുക്കാം. ഇതിനു മുന്‍പും ഇങ്ങനെയുള്ളവരെ ക്രൂരനായോ പരിഹാസ കഥാപാത്രമായോ സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ നര്‍മത്തെ കയ്യൊതുക്കത്തോടെ കൈകാര്യം ചെയ്ത ഫാസില്‍ ഇയാള്‍ക്ക് കാര്‍ട്ടൂണ്‍ സ്വഭാവമാണ് നല്‍കിയിരിക്കുന്നത്. കുമാര്‍ അത് വിദഗ്ധമായി നിര്‍വഹിക്കുകയും ചെയ്തു.
കയ്യൊന്ന് നീട്ടി ഫാനിടാനോ വെള്ളം കുടിക്കാനോ തുനിയാത്ത അഷ്റഫ് എന്ന കഥാപാത്രത്തെ ഈ നടന്‍ കൈകാര്യം ചെയ്ത വിധം രസകരമാണ്. ആവര്‍ത്തനം കൊണ്ട് വിരസമാകാന്‍ സാധ്യതയുള്ള ഇത്തരം സീനുകള്‍ ഷംലയും സുനിലും ഓരോവട്ടവും ചിരിക്കാനുള്ള കാരണങ്ങളാക്കി മാറ്റി. ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസ സിനിമയില്‍ ഉടനീളം മിതത്വത്തോടെയാണ് തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. പെട്ടെന്നൊരു വെളുപ്പാന്‍ കാലത്തല്ല ഫാത്തിമയില്‍ മാറ്റങ്ങള്‍ വരുന്നത്. അതിനു സമയമെടുക്കുന്നുണ്ട്. ആ സമയമത്രയും ഫാത്തിമ കടന്നുപോകുന്ന മനോ വിചാരങ്ങള്‍ അഭിനയത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഷംലയ്ക്ക് സാധിച്ചിട്ടുണ്ട്. അടക്കമുള്ള ഭാര്യയെന്ന വാര്‍പ്പുമാതൃകയില്‍ നിന്നും സ്വയംപര്യാപ്തയായ സ്ത്രീയായുള്ള വളര്‍ച്ചയെ ഗിമ്മിക്കുകളുടെ സഹായമില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചത് ഈ നടിയുടെ മികവ് കൊണ്ടാണ്.
ഇവര്‍ക്കൊപ്പം തന്നെ സിനിമയില്‍ വന്നുപോകുന്ന ഒരോരുത്തരും അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. വിജി വസന്ത് ( സുഹ്‌റ), പുഷ്പ (ഉമ്മ), രാജി മേനോന്‍ (തമിഴത്തി) തുടങ്ങിയവര്‍ സിനിമയുടെ കഥയ്ക്ക് വിശ്വാസയോഗ്യതയും പുതിയൊരു ഭാവവും നല്‍കുന്നു.
എന്താണ് ഈ സിനിമയിലെ ഫെമിനിസം?
സ്ത്രീകളുടെ കഴിവുകളെയും തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തെയും അടുക്കളപ്പണിയില്‍ പരിമിതപ്പെടുത്തുന്ന പ്രവണതയെ തനിക്ക് പരിചിതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുകയാണ് ഫാസില്‍ മുഹമ്മദ്.
'മത്തിവാങ്ങിക്കൊടുത്താല്‍ ഈ പെണ്ണിന് കറിവെയ്ക്കാന്‍ സാധിക്കുമോ?' എന്ന ആര്‍ക്കിട്ടെക്ടായ പെണ്‍കുട്ടിയെ ചൂണ്ടിയുള്ള അഷ്‌റഫ് ഉസ്താദ് ചോദിക്കുന്ന സീന്‍ തന്നെ ഇതിന് ഉദാഹരണമാണ്. മോഡേണായ ഉസ്താദിലൂടെ ഫാസില്‍ തന്നെയാണ് ഈ ചോദ്യത്തിന് മറുപടി കൊടുക്കുന്നത് - ''രണ്ട് സെന്റ് സ്ഥലം കൊടുത്താല്‍ അവള്‍ അവിടെയൊരു വീട് വെക്കും''.
ഈ മറുപടിയാണ് ഫാസിലിന്റെ സിനിമയുടെ രാഷ്ട്രീയം. കഥ നടക്കുന്നത് ഒരു മുസ്ലീം പശ്ചാത്തലത്തിലാണെങ്കിക്കും എല്ലാ വീടകങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് സിനിമയുടെ ആശയം. ശാരീരികമായ പീഡനങ്ങള്‍ക്ക് അപ്പുറം പരോക്ഷമായി ഒരു സ്ത്രീക്ക് ഏതൊക്കെ തരത്തില്‍ ആത്മാവ് നഷ്ടമാകുന്നു എന്ന് സംവിധായകന്‍ കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്.
സമൂഹം സാധാരണീകരിച്ച പല കാര്യങ്ങളിലെയും പ്രശ്നങ്ങളെയാണ് നര്‍മത്തില്‍ പൊതിഞ്ഞ് ഫെമിനിച്ചി ഫാത്തിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം പ്രത്യക്ഷമല്ലാത്ത അടിച്ചമര്‍ത്തലുകള്‍ കഥാപാത്രങ്ങള്‍ മറികടക്കുന്നത് തീര്‍ത്തും സ്വഭാവികമായിട്ടാണ്. അതിനവര്‍ക്ക് ബഹ്യമായ പിന്തുണയെക്കാള്‍ അന്തരികമായ പ്രചോദനമാണ് ശക്തിയാകുന്നത്. ഒറ്റ യാത്രകൊണ്ടോ, കടുകട്ടി സിദ്ധാന്തങ്ങളോ കൊണ്ടല്ലാതെ അനുഭവങ്ങളിലൂടെയുള്ള ഒരു സാധാരണ സ്ത്രീയുടെ പരിണാമം. അതാണ് ഫെമിനിച്ചി ഫാത്തിമ.