
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം ടുഡേ വിഭാഗത്തില്‍ ഒരു ഗവേഷക വിദ്യാര്‍ഥിനിയുടെ ചിത്രം കൂടിയുണ്ട്. ശിവരഞ്ജിനി ജെയുടെ വിക്ടോറിയ. മികച്ച പ്രതികരണമാണ് മേളയില്‍ വിക്ടോറിയയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അങ്കമാലി സ്വദേശിനിയായ ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. നാട്ടില്‍ സ്ഥിരം പോകാറുള്ള ഒരു ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് സിനിമയുടെ ആശയം ലഭിച്ചതെന്നാണ് ശിവരഞ്ജിനി പറയുന്നത്.
കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് വിക്ടോറിയ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ്. 'വിക്ടോറിയക്ക്' ഒപ്പമുള്ള യാത്രയെപ്പറ്റി സംവിധായിക ശിവരഞ്ജിനി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
ഐഐടി ടു ഐഎഫ്എഫ്‌കെ
എഞ്ചിനിയറിങ് ആണ് പഠിച്ചത്. അതിനു ശേഷം എന്‍ഐഡിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യൂണിക്കേഷന്‍ എന്ന കോഴ്‌സ് ചെയ്തു. ആ കോഴ്‌സിന്റെ ഭാഗമായി ഡയറക്ഷന്‍, എഡിറ്റിങ്, റൈറ്റിങ് എന്നിവയാണ് അവിടെ പഠിച്ചിരുന്നത്. അതു കഴിഞ്ഞ് രണ്ട് വര്‍ഷത്തോളം ഒരു ഫ്രീലാന്‍സ് എഡിറ്ററായി വര്‍ക്ക് ചെയ്തിരുന്നു. പിന്നീടാണ് ഐഐടിയില്‍ പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്തത്.
പിഎച്ച്ഡി ഫിലിം സ്റ്റഡീസിലാണ്. പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്ത ശേഷം സിനിമ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനു മുന്‍പാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമുകളൊക്കെ ചെയ്തത്. അതെന്നെ നന്നായി ഹെല്‍പ് ചെയ്തിരുന്നു. പ്രാക്ടീസിലൂടെ കിട്ടുന്ന ഇന്‍സൈറ്റ്‌സ് വേറെ ഒന്നിലും കിട്ടില്ലല്ലോ. ഫീച്ചേഴ്‌സ് ഒന്നും ചെയ്യാനുള്ള സാഹചര്യമൊന്നും ഇല്ലാതിരുന്നതു കൊണ്ടാണ് പിഎച്ച്ഡിക്ക് പോയത് തന്നെ. പിന്നീട് കെഎസ്എഫ്ഡിസി ഗ്രാന്റിലൂടെയാണ് അതിനുള്ള അവസരം ലഭിച്ചത്.
റൈറ്റര്‍, എഡിറ്റര്‍, ഡയറക്ടര്‍
എല്ലാം രസമായിരുന്നു. എഡിറ്റിങ്ങും, തിരക്കഥയും, സംവിധാനവും ഒന്നിച്ച് ചെയ്യുന്നതില്‍ അതിന്റേതായ ഗുണങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന് തോന്നുന്നു. നല്ല കാര്യമെന്താണെന്നു വെച്ചാല്‍, നമ്മുടെ സിനിമ എന്താകും എന്ന കാര്യത്തില്‍ ഒരു കണ്‍ട്രോള്‍ ഉണ്ടാകും. എഴുതുന്ന സമയത്ത് തന്നെ അതിന്റെ ഡയറക്ഷന്‍, എഡിറ്റിങ് ഒക്കെ എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ സാധിക്കും. ശരിക്കും പറഞ്ഞാല്‍ എഡിറ്റിങ് അറിഞ്ഞിരുന്നാല്‍ അത് സംവിധാനത്തിലും എഴുത്തിലും ഒരു ക്ലാരിറ്റി നല്‍കും. എനിക്ക് അത് വളരെ സഹായകരമായിരുന്നു. ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ കുറേ നേരം നമ്മുടെ പടത്തിന്റെ എഡിറ്റില്‍ ഇരിക്കുമ്പോള്‍ ക്ലാരിറ്റിയില്ലായ്മയും വരും. ആ സമയത്ത് ഒക്കെ എന്റെ ഫ്രണ്ട്‌സായ എഡിറ്റേഴ്‌സ് വരും, അവര്‍ക്ക് എഡിറ്റ് കാണിച്ചുകൊടുത്ത് അവരുടെ സജഷന്‍സ് എടുത്തിട്ടുണ്ട്. എഡിറ്റേഴ്‌സ് അല്ലാത്തവരുടെ അടുത്തും സിനിമ കാണിച്ച് അഭിപ്രായങ്ങള്‍ വാങ്ങിയിട്ടുണ്ട്. അങ്ങനെയാണ് സിനിമ പൂര്‍ത്തിയാക്കിയത്.
കെഎസ്എഫ്ഡിസി ഫണ്ടിലൂടെ ആദ്യ സ്റ്റെപ്പ്
കെഎസ്എഫ്ഡിസിയുടേത് വളരെ നല്ലൊരു പ്രൊജക്റ്റായിട്ടാണ് തോന്നിയിട്ടുള്ളത്. വരാനിരിക്കുന്ന ഒരുപാട് സംവിധായകര്‍ക്കും അത് ഗുണമായിരിക്കുമെന്ന് വിചാരിക്കുന്നു. കാരണം എനിക്ക് ഇങ്ങനെയൊരു ഗ്രാന്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഫിലം ഇന്‍ഡസ്ട്രിയുമായി അങ്ങനെ കണക്ഷന്‍സോ കോണ്ടാക്ട്‌സോ ഇല്ലാത്തവര്‍ക്ക് ഒരു ഫസ്റ്റ് സ്റ്റെപ്പ് എന്ന നിലയില്‍ സര്‍ക്കാരിന്റെ ഈ സംരംഭം നല്ല സഹായകമാണ്. കെഎസ്എഫ്ഡിസിയുടെ ചിത്രാജ്ഞലി സ്റ്റുഡിയോ അതുപോലെതന്നെ മറ്റ് സൗകര്യങ്ങളൊക്കെ തന്നെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. അത് ഈ പദ്ധതിയുടെ വലിയൊരു ഗുണമാണ്.
എന്റെയും സുഹൃത്തുക്കളുടെയും ആദ്യ സിനിമ
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഈ സിനിമയിലെ ടെക്‌നിക്കല്‍ ക്രൂ. പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രാഫര്‍ ആനന്ദ് രവി, സംഗീത സംവിധായകന്‍ അഭയ്‌ദേവ് പ്രഫുല്‍, ആര്‍ട്ട് ഡയറക്ടര്‍ അബ്ദുള്‍ ഖാദര്‍, സിങ്ക് സൗണ്ട് ചെയ്ത കലേഷ് ലക്ഷ്മണന്‍, ഇവരെല്ലാവരും തന്നെ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഞങ്ങള്‍ എല്ലാവരുടെയും അദ്യ ചിത്രം എന്നു കൂടി ഇതിനെ പറയാം.
'വിക്ടോറിയ' റിലീസ് ഉണ്ടാകും
ഒന്നു രണ്ട് ഫെസ്റ്റിവലുകളിലേക്ക് കൂടി 'വിക്ടോറിയ' അയച്ചിട്ടുണ്ട്. അതിന്റെ ഫലം വരാനായുള്ള കാത്തിരിപ്പിലാണ്. ഇനിയും വരാനിരിക്കുന്ന കുറച്ച് ചലച്ചിത്രമേളകളില്‍ കൂടി ചിത്രം അയക്കണമെന്നുണ്ട്. അതു കഴിഞ്ഞായിരിക്കും റിലീസിന്റെ കാര്യം ആലോചിക്കുക. കെഎസ്എഫ്ഡിസി നിര്‍മിച്ച ചിത്രങ്ങളൊക്കെ തീയേറ്റര്‍ റിലീസിനുള്ളതാണ്. 'വിക്ടോറിയ'യ്ക്കും കേരള റിലീസ് ഉണ്ടാകും. സര്‍ക്കാര്‍ തിയേറ്ററുകളും അല്ലാത്ത വാടകയ്ക്ക് എടുത്ത തിയേറ്ററുകളും ഉള്‍പ്പെടെ 55 തീയേറ്ററുകളിലായി ചെറിയൊരു റിലീസ് ഉണ്ടാകും. ഇതിനു മുന്‍പ് കെഎസ്എഫ്ഡിസി നിര്‍മിച്ച ബി 32 മുതല്‍ 44 വരെ, നിള, നിഷിദ്ധോ, ഡിവോഴ്‌സ് എന്നീ സിനിമകള്‍ക്കൊക്കെ റിലീസുണ്ടായിരുന്നു. അതുപോലെ തന്നെ ഒരു റിലീസ് വിക്ടോറിയയ്ക്കും ഉണ്ടാകും.
നിറഞ്ഞ സദസ്സും നല്ല പ്രതികരണങ്ങളും
നല്ല തിരക്കുണ്ടായിരുന്നു സിനിമ കാണാനായിട്ട്. തിയേറ്ററിനു പുറത്ത് അണ്‍റിസര്‍വഡ് ക്യൂ തന്നെ നല്ലവണ്ണമുണ്ടായിരുന്നു. സീറ്റില്ലാത്തു കൊണ്ട് കുറേ പേര്‍ക്ക് കാണാന്‍ പറ്റിയില്ല. ഇതൊക്കെ കേട്ടിട്ട് ഭയങ്കര അത്ഭുതമായിരുന്നു. ഇത്രയും പേര് വന്നും, ഒരു നിറഞ്ഞ സദസ്സിന് ചിത്രം കാണിക്കാന്‍ സാധിച്ചു എന്നത് വലിയ സന്തോഷമാണ്. സിനിമ കണ്ടിട്ട് ഒത്തരിപേര്‍ വന്ന് നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. അത് വളരെ സന്തോഷമുള്ള കാര്യമാണ്.