ചന്തു ചാമ്പ്യൻ എന്ന സ്‌പോർട്‌സ് ചിത്രത്തിലൂടെ കാർത്തിക് ആര്യൻ മികച്ച നടനായി
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ചിത്രം 'ഉള്ളൊഴുക്കി'ലെ പ്രകടനത്തിലൂടെ പാർവതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'പോച്ചർ' സീരീസിലൂടെ നിമിഷ സജയനും പുരസ്‌കാരത്തിന് അർഹയായി. കാർത്തിക് ആര്യൻ, രാം ചരൺ, കിരൺ റാവു, എ ആർ റഹ്മാൻ തുടങ്ങിയവര്‍ക്കും അവാർഡുകൾ ലഭിച്ചു. വിക്രാന്ത് മാസി നായകനായ ചിത്രം 'ട്വൽത്ത് ഫെയിലാ'ണ് മികച്ച ചിത്രം. 'ചന്തു ചാമ്പ്യൻ' എന്ന സ്‌പോർട്‌സ് ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ മികച്ച നടനായത്.
ALSO READ : ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍; മുഖ്യാതിഥിയായി രാം ചരണ്‍
കിരൺ റാവുവിന്റെ സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രം 'ലാപത ലേഡീസ്' മികച്ച ചിത്രത്തിനുള്ള (ക്രിട്ടിക്‌സ് ചോയ്‌സ്) അവാർഡ് നേടി. കൂടാതെ, ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി ഒരുക്കിയ ചിത്രം 'ഡങ്കി'യ്ക്ക് ഇക്വാലിറ്റി ഇൻ സിനിമ അവാർഡ് ലഭിച്ചു. തെലുങ്ക് താരം രാം ചരൺ ഇന്ത്യൻ കലയുടെയും സംസ്കാരത്തിൻ്റെയും അംബാസഡറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എക്സലന്‍സ് ഇന്‍ സിനിമ പുരസ്കാരം നല്‍കിയാണ് എ.ആര്‍. റഹ്മാനെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ആദരിച്ചത്.