റീ റീലീസിനു ശേഷം ഇന്റര്‍സ്റ്റെല്ലാറിന്റെ ലൈഫ് ടൈം കളക്ഷന്‍ വലിയ തോതില്‍ കൂടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍
ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ പ്രശസ്ത ചിത്രമായ 'ഇന്റര്‍സ്റ്റെല്ലാര്‍' റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. 10-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളില്‍ ചിത്രം റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 6 ന് റിലീസ് ചെയ്യുന്ന ചിത്രം പരിമിതമായ ഷോകളില്‍ മാത്രം ഒരാഴ്ച തിയേറ്ററുകളില്‍ തുടരും. റീ റീലീസിനു ശേഷം ഇന്റര്‍സ്റ്റെല്ലാറിന്റെ ലൈഫ് ടൈം കളക്ഷന്‍ വലിയ തോതില്‍ കൂടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
റിലീസ് ചെയ്ത വര്‍ഷം ചിത്രത്തിന് അഞ്ച് ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നു. അതില്‍ ബെസ്‌ററ് വിഷ്വല്‍ എഫക്ട്‌സിനുള്ള വിഭാഗത്തിന് അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. മാത്യു മക്കോനാഗെ, ആന്‍ ഹാത്വേ, മാറ്റ് ഡാമണ്‍, ജെസീക്ക ചാസ്റ്റിയന്‍, മൈക്കല്‍ കെയ്ന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മാറ്റ് ഡാമനും ടോം ഹോളണ്ടും അഭിനയിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത ചിത്രവും ഐമാക്സ് ഫോര്‍മാറ്റില്‍ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രം ജൂലൈ 17 ,2026 ല്‍ പുറത്തിറങ്ങുമെന്നാണ് നിര്‍മാതാക്കളായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. 'ഇന്റര്‍സ്റ്റെല്ലാര്‍' ന്റെ യുഎസിലെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.