
ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍. ഇവര്‍ പങ്കെടുക്കുന്നത് സിനിമ കോണ്‍ക്ലേവിന്‍റെ വിശ്വാസ്യതയെ ബാധിക്കും. ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്ത നടപടി സ്വാഗതം ചെയ്യുന്നു. പരാതി ലഭിച്ചാല്‍ എത്ര ഉന്നതനായാലും നടപടി വേണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ ലൈംഗിക ആരോപണ പരാതികളിൽ അന്വേഷണം നടത്തുന്ന ഉന്നത പൊലീസ് സംഘത്തിൻ്റെ ആദ്യ യോഗം ഇന്ന് ചേരും. മോശം അനുഭവം തുറന്നു പറഞ്ഞ നടിമാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം ഉന്നയിച്ച എല്ലാവരെയും സമീപിക്കാനാണ് സംഘത്തിൻ്റെ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും. നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം. ഏതൊക്കെ ജില്ലകളിൽ നിന്നും ഏതൊക്കെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തണമെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമാകും. ആദ്യം മൊഴി നൽകിയവർ വീണ്ടും മൊഴികൊടുക്കണോ എന്ന കാര്യവും യോഗം ചർച്ച ചെയ്യും. മൊഴികളിൽ ഉറച്ചു നിൽക്കുന്നവർ നിയമനടപടിക്ക് തയ്യാറാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനം ഉണ്ടാകും.