ഹിന്ദു പുരാണത്തെ വളച്ചൊടിച്ചു; കല്‍ക്കി നിര്‍മാതാക്കള്‍ക്കെതിരെ നടന്‍ മുകേഷ് ഖന്ന
കല്‍ക്കി 2898 എഡി സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ മുകേഷ് ഖന്ന. ഹിന്ദു പുരാണത്തെ സിനിമയുടെ അണിയറക്കാര്‍ വളച്ചൊടിച്ചെന്നാണ് മുകേഷ് ഖന്നയുടെ ആരോപണം. താന്‍ സിനിമ ആസ്വദിച്ചെന്നും അതിന്‍റെ മേക്കിങ്ങിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ താരം മഹാഭാരത കഥയെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ള അണിയറക്കാരുടെ തീരുമാനം കുറ്റകാരമാണെന്ന് തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ശക്തിമാന്‍ പരമ്പരയിലെ നായകനായ മുകേഷ് ഖന്ന ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ഭീമന്‍റെ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.
'സിനിമയുടെ തുടക്കത്തില്‍ അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ശിവമണി കൃഷ്ണന്‍ നീക്കം ചെയ്യുകയും ശപിക്കുകയും ചെയ്യുന്ന രംഗമുണ്ട്. ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇവിടെ ഇല്ലാത്തതതൊന്നും മറ്റെവിടയുമില്ലെന്ന് പറഞ്ഞ വ്യാസമുനിയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കെങ്ങനെ അറിയാന്‍ കഴിയുമെന്ന് നിര്‍മാതാക്കളോട് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. അശ്വത്ഥാമാവിന്‍റെ ശിവമണി നീക്കം ചെയ്തത് കൃഷ്ണനല്ല. തന്‍റെ അഞ്ച് മക്കളെയും കൊന്ന അശ്വത്ഥാമാവിന്‍റെ ശിവമണി നീക്കം ചെയ്യണമെന്ന് പാണ്ഡവരോട് നിര്‍ദേശിച്ചത് ദ്രൗപതിയാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും.
അർജ്ജുനും അശ്വത്ഥാമാവും തമ്മിൽ വലിയ യുദ്ധം നടന്നു. അവർ 'ബ്രഹ്മാസ്ത്രം' പ്രയോഗിച്ചു, പക്ഷേ അസ്ത്രം എങ്ങനെ പിന്‍വലിക്കണമെന്ന് അർജുനന് മാത്രമേ അറിയൂ. അശ്വത്ഥാമാവിന് ഇത് സാധിക്കാത്തതിനാൽ, അഭിമന്യുവിൻ്റെ ഭാര്യക്ക് നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായ അവളെ കൃഷ്ണന്‍ സംരക്ഷിച്ചു. കൽക്കി സിനിമയില്‍ ഭാവിയിൽ തന്നെ സംരക്ഷിക്കാന്‍ കൃഷ്ണന് അശ്വത്ഥാമാവിനോട് എങ്ങനെ കൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണ് ഇത്രയും വിശദമായി ഞാൻ ഈ കഥ പറയാൻ കാരണം, "- മുകേഷ് ഖന്ന പറഞ്ഞു.
പ്രഭാസിൻ്റെ മുന്‍ ചിത്രമായ ആദിപുരുഷ് കണ്ടതിന് ശേഷം ഹിന്ദുക്കള്‍ക്കുണ്ടായ അതേവികാരം കല്‍ക്കിയോടും പ്രകടിപ്പിക്കണമെന്ന് മുകേഷ് ഖന്ന പറഞ്ഞു.
“നിങ്ങൾ എടുത്തിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ ക്ഷമിക്കാനാകാത്തതാണ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് നമ്മുടെ പാരമ്പര്യങ്ങളോട് കൂടുതൽ ബഹുമാനമുണ്ടെന്ന് ഞങ്ങൾ കരുതുന്നു, എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത്? പുരാണങ്ങളുമായി ബന്ധമുള്ള സിനിമകളുടെ തിരക്കഥ പരിശോധിച്ച് അംഗീകരിക്കാനോ തള്ളിക്കളയാനോ അധികാരമുള്ള പ്രത്യേക സമിതിയെ സർക്കാർ രൂപീകരിക്കണം "- മുകേഷ് ഖന്ന ആവശ്യപ്പെട്ടു.
സിനിമയുടെ ആദ്യപകുതി തനിക്കും ഒപ്പം വന്നവര്‍ക്കും വളരെ മന്ദഗതിയിലായിരുന്നുവെന്നാണ് അഭിപ്രായം. ഹോളിവുഡ് സിനിമയ്ക്ക് അനുയോജ്യമായ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തന്നോട് ക്ഷമിക്കണം. അവിടെയുള്ള ആളുകൾ നമ്മളേക്കാൾ ബുദ്ധിയുള്ളവരാണെന്നും മുകേഷ് ഖന്ന പറഞ്ഞു. എന്നാൽ ഒഡീഷയിലെയും ബിഹാറിലെയും പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള ചലച്ചിത്രനിർമ്മാണം മനസ്സിലാകാൻ പോകുന്നില്ല. അല്ലാത്തപക്ഷം, ചിത്രത്തിൻ്റെ വ്യാപ്തി, ഇഫക്റ്റുകൾ, പ്രകടനങ്ങൾ എന്നിവയ്ക്ക് 100-ൽ 100 പോയിൻ്റ് നൽകണമെന്നും മുകേഷ് ഖന്ന പറഞ്ഞു.