
സിനിമ തിയേറ്ററുകളിലെ ടിക്കറ്റും സ്‌നാക്ക്‌സുകളും ഉയര്‍ന്ന വിലയില്‍ വില്‍പന നടത്തുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍. സാധാരണക്കാരായ നാലംഗ കുടുംബത്തിന് ഒരു സിനിമ കണ്ടുവരാന്‍ പതിനായിരം രൂപ ചെലവ് വരുമെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.
കരണ്‍ ജോഹര്‍ പറഞ്ഞത്:
ജനങ്ങള്‍ക്ക് സിനിമയ്ക്ക് പോകാന്‍ കഴിയുന്നില്ല. അവര്‍ക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകള്‍ക്ക് പോകണമെന്നുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാന്‍ കഴിയണമെന്നില്ല.
നൂറ് വീടുകളില്‍ നടത്തിയ സര്‍വേയില്‍ 99 വീടുകളിലുള്ളവരും വര്‍ഷത്തിലൊരിക്കല്‍ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവര്‍ക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാന്‍ കഴിയുന്നില്ല. അവര്‍ ദീപാവലിക്കോ, അല്ലെങ്കില്‍ 'സ്ത്രീ 2' പോലുള്ള ഏതെങ്കിലും സിനിമകള്‍ ചര്‍ച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങള്‍ സിനിമ തിയേറ്ററില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികള്‍ പോപ്‌കോണോ ഐസ്‌ക്രീമോ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്.
അതിനാല്‍ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവര്‍ പോകും. വില കൂടുതലായതിനാല്‍ മക്കള്‍ പോപ്‌കോണ്‍ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങള്‍ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാന്‍ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത് കാര്യമാണ്.