50 ശുപാര്‍ശകളാണ് കളക്ടീവ് മുന്നോട്ട് വെച്ചിരിക്കുന്നത്
സിനിമാ നയരൂപീകരണത്തിന് മുന്നോടിയായുള്ള WCCയുടെ സമഗ്ര നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. 50 ശുപാര്‍ശകളാണ് കളക്ടീവ് മുന്നോട്ട് വെച്ചിരിക്കുന്നത്. ലൈംഗിക പീഡനം, വിവേചനം, അധിക്ഷേപം എന്നിവയ്‌ക്കെതിരെ സീറോ ടോളറന്‍സ് പോളിസി അവതരിപ്പിച്ചു. ജോലി സമയവും സ്ഥലങ്ങളും കൃത്യമായി നിര്‍വചിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം, ഭക്ഷണം, ടോയ്‌ലറ്റുകള്‍, ഇരിപ്പിടം, ചേഞ്ചിങ് റൂമുകള്‍ എന്നിവ ഉറപ്പാക്കണം. തൊഴില്‍ കരാര്‍, തുല്യ വേതനം, ഇന്‍ഷൂറന്‍സ് എന്നിവ ഏര്‍പ്പെടുത്തണം. സിനിമാ പ്രൊജക്ടുകള്‍ക്കും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും UID നിര്‍ബന്ധമാക്കണം തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിനിമാ സെറ്റുകളില്‍ ലൈംഗിക ചൂഷണം തടയാന്‍ PoSH ആക്ട് പ്രകാരം ഐസിസികള്‍ പ്രവര്‍ത്തിക്കണം. സെറ്റുകളില്‍ കൃത്യമായ ഓഡിറ്റും പരിശോധനയും വേണം. പോഷ് ആക്ട് പാലിക്കുന്നവര്‍ക്ക് മാത്രമെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ഐസിസികളില്‍ ഉള്‍പ്പെടുത്താന്‍ പുറമെ നിന്നുള്ള സ്വതന്ത്ര അംഗങ്ങളുടെ പട്ടിക തയാറാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാവര്‍ക്കും തുല്യവേതനം എന്ന കാര്യത്തില്‍ സമഗ്ര ചര്‍ച്ച വേണം. സിനിമാ മേഖലയിലെ ലിംഗ വിവേചനവും ചൂഷണവും തടയാന്‍ നടപടികള്‍ വേണം. സിനിമയില്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ പ്രസ്തുത മാനദണ്ഡം പാലിക്കണം. താരനിശകള്‍, സിനിമാ പരിപാടികള്‍ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡം വേണം. സ്ത്രീ പങ്കാളിത്തവും അവസര സമത്വവും ഉറപ്പാക്കാന്‍ ബൃഹദ് പദ്ധതികളും പരിശീലനവും ആവിഷ്‌കരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
അതോടൊപ്പം സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ചിത്രങ്ങളില്‍ 30-50% സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണം. വര്‍ഷം 10 വനിതാ തിരക്കഥാകൃത്തുകള്‍ക്ക് മാനദണ്ഡം നിര്‍ണയിച്ച് സര്‍ക്കാര്‍ ഫണ്ട് നല്‍കണം. കമ്മീഷനിങ് ബോഡികളും നയരൂപീകരണ ബോര്‍ഡുകളും സെലക്ഷന്‍ പാനലുകളും ജൂറികളും 50% ലിംഗസമത്വത്തിൻ്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കണം. കൂടാതെ സിനിമാ റെഗുലേഷന്‍ ആക്ട് രൂപപ്പെടുത്തണം. സിനിമയിലേയും സര്‍ക്കാര്‍ തലത്തിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വയം ഭരണാധികാരമുള്ള കമ്മീഷന്‍ രൂപീകരിക്കണം. 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി പരാതി പരിഹാര സെല്ലും ട്രിബ്യൂണലും സ്ഥാപിക്കണമെന്നും ഡബ്ല്യുസിസി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.