ചിത്രം ആഗോളതലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 28ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും. ദീപാവലി റിലീസായ ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.
'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നത്.