സെറ്റില്‍ അതിരുവിടുന്നു, മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സുരക്ഷിതരല്ല: സുഹാസിനി

സെറ്റില്‍ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ ഭര്‍ത്താവ് മണിരത്‌നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റില്‍നിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്
സെറ്റില്‍ അതിരുവിടുന്നു, മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സുരക്ഷിതരല്ല: സുഹാസിനി
Published on

മറ്റ് സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമാ മേഖല സുരക്ഷിതമല്ലെന്ന് നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് സുഹാസിനിയുടെ പ്രതികരണം. 'സ്ത്രീ സുരക്ഷയും സിനിമയും' എന്നായിരുന്നു ചര്‍ച്ചാ വിഷയം.

സുഹാസിനി പറഞ്ഞത് :

മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റു മേഖലകളില്‍ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഇരുന്നൂറോ മുന്നൂറോ പേര്‍ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിര്‍ത്തിരേഖകള്‍ മറികടക്കപ്പെടും.

സെറ്റില്‍ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ ഭര്‍ത്താവ് മണിരത്‌നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റില്‍നിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒരു ഗ്രാമത്തില്‍ യാതൊരു നിയമങ്ങള്‍ക്കും വിധേയരാകാതെ 200 പേരുണ്ടെങ്കില്‍ അതിരുകള്‍ മറികടക്കാന്‍ സാധ്യതയുണ്ട്. അവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം.

മലയാള സിനിമയില്‍ പോലും ഇതേ കാര്യം നടക്കുന്നുണ്ട്. തമിഴ് സിനിമയാണെങ്കില്‍ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കില്‍ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കില്‍ ബാംഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ട് അവിടങ്ങളില്‍ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com