നിത്യയൗവ്വനം ചാക്കോച്ചൻ; കൗമാരയുവത്വങ്ങളുടെ ഹരമായി മാറിയ നടന് പിറന്നാളാശംസകൾ

മലയാളി മനസുകളിൽ പ്രണയത്തിന്റെ വസന്തം വാരി വിതറിയ നടനാണ് കുഞ്ചാക്കോ ബോബൻ
നിത്യയൗവ്വനം ചാക്കോച്ചൻ; കൗമാരയുവത്വങ്ങളുടെ ഹരമായി മാറിയ നടന് പിറന്നാളാശംസകൾ
Published on

നിർമാതാവായ തന്റെ അപ്പന്റെ നിർബന്ധം മൂലം സിനിമയിലേക്ക് ചുവട് വെച്ച ഒരു പയ്യൻ. നായകനായ ആദ്യ സിനിമയിലൂടെ തന്നെ മലയാളി കൗമാര യുവത്വങ്ങളുടെ ഹരമായി മാറുന്നു, മലയാള സിനിമാലോകം അന്നേ വരെ കാണാത്ത ഒരു ചോക്ലേറ്റ് നായകന്റെ കാലമാണ് അവിടെ ആരംഭിച്ചത്. മലയാളി മനസുകളിൽ പ്രണയത്തിന്റെ വസന്തം വാരി വിതറിയ നടനാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ, ഒരു അഭിനേതാവെന്ന നിലയിൽ കുഞ്ചാക്കോയുടെ കഥാപാത്രങ്ങൾ വ്യത്യസ്തതയുള്ളതായി മാറിയപ്പോൾ, മലയാളികൾ ഒന്നാകെ അത്ഭുതത്തോടെ അയാളിലെ നടനെ ഉറ്റുനോക്കി. കുഞ്ചാക്കോ ബോബൻ ഇന്ന് 48ആം പിറന്നാൾ ആഘോഷിക്കുകയാണ്.

മലയാളത്തിന് ഒട്ടേറെ സിനിമകൾ സമ്മാനിച്ച ഉദയ സ്റ്റുഡിയോയുടെ സ്ഥാപകനായ കുഞ്ചാക്കോയുടെ കൊച്ചുമകൻ, കുഞ്ചാക്കോ ബോബൻ, ഫാസിലിന്റെ 'ധന്യ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സുധിയും മിനിയുമായി ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ മലയാള സിനിമയിലേക്ക് നായികാനായകന്മാരായി ചുവട് വെച്ച കുഞ്ചാക്കോ ബോബനും ശാലിനിയും പിന്നീട് മലയാളത്തിന്റെ എക്കാലത്തെയും ഓർത്തിരിക്കുന്ന പ്രണയജോഡികളായി മാറുകയായിരുന്നു. അനിയത്തിപ്രാവ് ഇറങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾ ഇന്നും തങ്ങളുടെ പ്രിയപ്പെട്ട പ്രണയസിനിമയെയും പ്രണയജോഡികളെയും നെഞ്ചോട് ചേർത്ത് തന്നെ വെക്കുന്നു. അതിന് ശേഷവും നിറം, പ്രേം പൂജാരി, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോയും ശാലിനിയും ഒരുമിച്ചഭിനയിക്കുകയും, പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തു.

പ്രതാപവും പ്രശസ്തിയുമുള്ള ഒരു കുടുംബത്തിൽ ജനിച്ചിട്ടും, വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കുഞ്ചാക്കോ കടന്നുപോയിരുന്നു. കുഞ്ചാക്കോ ഒരവസരത്തിൽ പറയുന്നത് കുടുംബപ്പേര് പറഞ്ഞാൽ റേഷൻ കിട്ടില്ലല്ലോ, അതിന് പണം തന്നെ വേണ്ടേ എന്നാണ്. നിരന്തരം പ്രണയസിനിമകളിലെ നായകവേഷം ചെയ്തുകൊണ്ടിരുന്ന കുഞ്ചാക്കോയ്ക്ക് ആദ്യമായി ഒരു വ്യത്യസ്ത കഥാപാത്രം ലഭിക്കുന്നത് കസ്തൂരിമാനിലെ സാജൻ ജോസഫ് ആലുക്കയിലൂടെയാണ്. പലപ്പോഴും ആവർത്തനവിരസതയോടെയുള്ള കഥാപാത്രങ്ങൾ ചെയ്ത കുഞ്ചാക്കോ ബോബൻ 2005ഇൽ തന്റെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്നു.

പിന്നീട് ട്വന്റി 20 യിൽ പാട്ടിലെ നൃത്തരംഗത്തിലൂടെയാണ് കുഞ്ചാക്കോ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകൾ തന്നത്. പക്വതയില്ലാത്ത നടനെന്ന് മലയാള സിനിമാലോകം മുദ്രകുത്തിയ ആ നടന്റെ തിരിച്ചുവരവിന് ശേഷം ഇറങ്ങിയ പല സിനിമകളും അമ്പരപ്പോടെയാണ് ഏവരും ഉറ്റുനോക്കിയത്. ട്രാഫിക്, നായാട്ട്, അഞ്ചാം പാതിരാ, വൈറസ് തുടങ്ങി ഓരോ ചിത്രങ്ങളിലും മലയാള സിനിമാലോകം അത്ഭുതത്തോടെ ചോക്ലേറ്റ് നായകൻ എന്ന് വിശേഷിപ്പിച്ചിരുന്ന കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖമാണ് കണ്ടത്. കോമഡി കഥാപാത്രങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളും ഒരേ പോലെ മികച്ചതാക്കുന്നതിൽ ആ നായകൻ വിജയിച്ചു. ഒട്ടേറെ നായകന്മാരോടൊപ്പം കോമ്പിനേഷൻ പാർട്ണർഷിപ് പടുത്തുയർത്താനും കുഞ്ചാക്കോ ബോബൻ എന്ന നടന് സാധിച്ചു. അരവിന്ദസാമിയോടൊപ്പം അഭിനയിച്ച ഫെല്ലിനിയുടെ ഒറ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും കുഞ്ചാക്കോ തന്റെ കാൽവെപ്പ് നടത്തി. സീനിയേഴ്സ്, വേട്ട അടുത്തിടെ പുറത്തിറങ്ങിയ ബോഗൻവില്ല തുടങ്ങിയ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ്റെ നെ​ഗറ്റീവ് പരിവേഷമുള്ള കഥാപാത്രങ്ങൾ ശ്രദ്ധേയമായി.

മലയാള സിനിമയ്ക്ക് ഒട്ടേറെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിക്കുകയും, പ്രണയസിനിമകൾക്ക് ഒരു നിർവ്വചനമായി തീരുകയും ചെയ്ത നടനാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ കാമുകകഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒട്ടനവധി ഗൗരവമേറിയ കഥാപാത്രങ്ങൾ സമ്മാനിക്കാനും കുഞ്ചാക്കോയ്ക്ക് സാധിച്ചു. മലയാളത്തിലെ ഒരിക്കലും പ്രായമാകാത്ത നടൻ, ആരാധകരുടെ ചാക്കോച്ചൻ, ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com