fbwpx
എന്നാലും ജോജു ഇത് വല്ലാത്ത 'പണി'യായി പോയി !

ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്

REVIEW



ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച് സഹനടനായി സിനിമകളില്‍ വന്ന് പിന്നീട് നായകനായി മാറിയ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യം തന്നെ പറയട്ടെ, കാര്‍ത്തിക് സുബ്ബരാജ്, അനുരാഗ് കശ്യപ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ വാനോളം പുകഴ്ത്തിയെങ്കിലും പണി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിക്കോളണമെന്നില്ല.

പണി ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. തൃശൂര്‍ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത് നടന്‍മാരായ സാഗറും ജൂനൈസുമാണ്. അതുപോലെ തന്നെ തൃശൂര്‍ നഗരത്തിന്റെ പള്‍സും തിരക്കും കൃത്യമായി ജോജു സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് പറയാം. സിനിമയുടെ തുടക്കത്തില്‍ ഉള്ള ഏരിയല്‍ ഷോട്ടും ആദ്യം സാഗര്‍ പറയുന്ന ഡയലോഗുമെല്ലാം തൃശൂരിനെ കുറിച്ച് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ തൃശൂരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ പടം.

തൃശൂര്‍ നഗരത്തിലെ ബിസിനസുകാരനായ മംഗലത്ത് ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ഗിരിയുടെ ഭാര്യ ഗൗരിയുടെ വേഷം ചെയ്തിരിക്കുന്നത് അഭിനയയാണ്. സാഗറിന്റെ കഥാപാത്രത്തിന്റെ പേര് ഡോണ്‍ സബാസ്റ്റൈന്‍ എന്നും ജുനൈസിന്റെ കഥാപാത്രത്തിന്റെ പേര് സിജു എന്നുമാണ്. കസിനായ സജി, സുഹൃത്തുക്കളായ കുരുവിള, ഡേവി, ജയ എന്നിവരാണ് ഗിരിയുടെ ടീം. ഒരു കുടുംബം പോലെയാണ് ഗിരിക്കൊപ്പം അവരെല്ലാം കഴിയുന്നത്. അവിടേക്കാണ് ഡോണും സിജുവും അപ്രതീക്ഷിതമായി കടന്നുവരുന്നത്. രണ്ട് ചെറുക്കന്‍മാര്‍ കാരണം തൃശൂരിലെ പവര്‍ഫുള്‍ ആയ ഗിരിയുടെ ജീവിതം എങ്ങനെ മാറി മറയുന്നു എന്നതാണ് പണിയുടെ പ്രധാന ഭാഗം. പിന്നെ അവരോടുള്ള ജോജുവിന്റെ പ്രതികാരവും. ഇതോടെ കഥ തീരും.

എന്നാല്‍ പെട്ടന്ന് പറഞ്ഞു പോകാവുന്ന കാര്യങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അനാവശ്യമായി വലിച്ചുനീട്ടിയിട്ടുണ്ട്. എന്താണ് ഗിരി റിവഞ്ച് എടുക്കാന്‍ വൈകുന്നതെന്ന് നമുക്ക് തോന്നിപ്പോകും വിധത്തിലാണ് കഥയുടെ പോക്ക്. സിനിമയുടെ ഹൈലൈറ്റ് സാഗറും ജുനൈസും തന്നെയാണെന്ന് പറയാം. അവരുടെ ചെയ്തികള്‍ കാരണം പൊറുതിമുട്ടുന്ന ഗിരിയെയാണ് നമുക്ക് സിനിമയില്‍ കാണാന്‍ സാധിക്കുക. അത്രയും പവര്‍ഫുള്‍ ആയ ഒരു വ്യക്തിയുടെ ജീവിതം താറുമാറാക്കാന്‍ വിധത്തിലുള്ള പ്രവൃത്തികളാണ് ജുനൈസിന്റെയും സാഗറിന്റെയും കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്തുവെക്കുന്നത്. ഇതാണ് ബെയിസിക്കലി സിനിമയുടെ കഥ....

എന്താണ് പണി എന്ന് ചോദിച്ചാല്‍ ഉത്തരം സിംപിള്‍. ഒരു കൂട്ടം വെകിളിപിടിച്ച ആണുങ്ങളുടെ കഥ. അതില്‍ അവിടെ ഇവിടെയായി വന്നുപോകുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ട്. അവരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി അവതരിപ്പിക്കാന്‍ ജോജു പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആണ്‍കൂട്ടത്തിന്റെ അതിപ്രസരത്തില്‍ അതെല്ലാം മുങ്ങിപോകുന്നു. അഭിനയയുടെ കഥാപാത്രമായ ഗൗരി, അഭയയുടെ ജയ, സീമയുടെ അമ്മ കഥാപാത്രം, പൊലീസ് ഓഫീസറായി എത്തുന്ന ജോജുവിന്റെ കസിന്‍ ഇത്രയും പേരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. എല്ലാ സിനിമയിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വേണമെന്ന് വാശിപിടിക്കുകയല്ല. പക്ഷെ ജോജു സ്ത്രീകളെ പ്രെസന്റ് ചെയ്ത രീതി അങ്ങനെയാണ്. ജയയെയും സീമയുടെ അമ്മ കഥാപാത്രത്തെയും മാക്സിമം പവര്‍ഫുള്‍ ആക്കാന്‍ ജോജു ശ്രമിച്ചിട്ടുണ്ട്. സിനിമയിലെ ഒരു സീനില്‍ സീമയുടെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്. 'അനുവാദമില്ലാതെ നമ്മുടെ ശരീരത്തില്‍ ഒരാള്‍ തൊടുന്നത് സ്ത്രീകള്‍ക്ക് ഒരിക്കലും സഹിക്കാനാവില്ല. പക്ഷെ അതിനെ സാധാരണ ഒരു ആക്സിഡന്റ് ആയി മാത്രം കണ്ടാല്‍ മതി. കാറോ ബസോ ഇടിച്ച് നമുക്ക് പരുക്ക് പറ്റില്ലേ. അതുപോലെ.....', ജോജു എന്ന രചയിതാവില്‍ നിന്ന് ലഭിച്ച ഏറ്റവും പവര്‍ഫുള്‍ ആയ ഡയലോഗാണിതെന്ന് പറയാവുന്നതാണ്. എന്നാല്‍ ഇത്രത്തോളം മാസായി സീമയെ കാണിക്കുമ്പോഴും ജുനൈസിന്റെയും സാഗറിന്റെയും മുന്നില്‍ അവര്‍ തോറ്റുപോകുന്നുമുണ്ട്.

ഈ സീന്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ആണുങ്ങളുടെ പോരടിയും പക വീട്ടലും തന്നെ. ആ മെയില്‍ ഗെയ്സ് ചിത്രത്തില്‍ ഉടനീളമുണ്ട്. അതുപോലെ സാഗറിന്റെ കഥാപാത്രത്തിന്റെ കാമുകിയായി എത്തുന്ന പെണ്‍കുട്ടിയെ സ്‌ക്രീനില്‍ ഉടനീളം ഒബ്ജക്റ്റിഫൈ ചെയ്യുന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. അവര്‍ക്ക് ബോധമില്ലേ എന്ന് വരെ നമുക്ക് തോന്നിപ്പോകും.

അത് പറയുമ്പോള്‍ സാഗറിന്റെ ഡോണ്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയാതിരിക്കാനാവില്ല. വില്ലനാണ് സാഗര്‍. കുറ്റകൃത്യങ്ങള്‍ വളരെ നാച്വറലായി ചെയ്തുപോകുന്ന വ്യക്തി. എത്ര പവര്‍ഫുള്‍ ആയ ആളെയും ഒരു കൂസലുമില്ലാതെ ധൈര്യത്തോടെ നേരിടുന്ന വില്ലന്‍ കഥാപാത്രം. സ്ത്രീകളെ മോശം കണ്ണോടെ മാത്രം നോക്കുന്ന ആണ്‍ അഹങ്കാരത്തിന്റെ രൂപം. സിനിമയില്‍ ഇത്രയും വൃത്തിക്കെട്ട ഒരു കഥാപാത്രത്തെ ജോജു അറിയാതെയാണോ എന്ന് അറിയില്ല പക്ഷെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. പണം കൊണ്ടും പിടിപാടുകൊണ്ടും സാഗറിന്റെ ഡോണ്‍ ഒന്നുമല്ല. പക്ഷെ ഗിരിക്കൊപ്പം എത്തുന്നുണ്ട് ആ കഥാപാത്രം. സിനിമയില്‍ ഉടനീളം മാസ് ഡോണ്‍ എന്ന കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്. എവിടെയും തോറ്റുപോകാത്ത നൊട്ടോറിയസ് ക്രിമിനല്‍. അത്തരത്തിലൊരാളെ പോട്ട്രെയ് ചെയ്തപ്പോള്‍ ഗ്ലോറിഫിക്കേഷനിലേക്ക് പോകാതെ ജോജുവിന് നോക്കാമായിരുന്നു എന്ന് നമുക്ക് തോന്നിപ്പോകും.

സിനിമയില്‍ ജോജുവും ജുനൈസിനും സാഗറിനും ഒപ്പം നില്‍ക്കുന്ന മറ്റൊരു ഘടകമാണ് കാര്‍. അതെ കാര്‍ തന്നെ. ജോജുവിനെ ആദ്യമായി കാണിക്കുന്നത് കാറിലാണ്. പിന്നെ അങ്ങോട്ട് കാറില്‍ തന്നെയാണ് ജോജു. ചെയ്സിംഗ് സീനുകളും യാത്രകളും എല്ലാം സിനിമയില്‍ വന്നുപോകുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ സിനിമയാണല്ലോ അപ്പോള്‍ പിന്നെ എന്തായാലും ഒരു കാറ് ചെയ്സ് വേണമല്ലോ. സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് കിട്ടുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് ജോജുവിന്റെ കാര്‍ ഓടിക്കാനുള്ള സ്‌കില്‍. പിന്നെ തൃശൂര്‍പൂരത്തിന് തിടമ്പെടുത്ത് നില്‍ക്കുന്ന ആനയെ പോലെയാണ് ജോജുവിനെ ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. ആ ഗാഭീര്യവും ആണത്തവും എല്ലാം കൃത്യമായി ഗിരി എന്ന കഥാപാത്രത്തിനുണ്ട്. അതിനപ്പുറത്തേക്ക് പണി പ്രേക്ഷകന് എന്തെങ്കിലും നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് മാത്രമാണ് പറയാനുള്ളത്. അതെ ജോജുവിന്റെ പണി അത്രയ്ക്കങ്ങ് ഏറ്റില്ല. ജോജു എന്ന നടന് പണി അറിയാം. എന്നാല്‍ ജോജു എന്ന സംവിധായകന്റെ പണിഅത്രപോര....


KERALA
അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ല; നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ : ധനമന്ത്രി
Also Read
user
Share This

Popular

KERALA
WORLD
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ