
വിജയ് ചിത്രം ദളപതി 69 ല്‍ മലയാളി താരം മമിത ബൈജുവും. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്നറിലാണ് മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളും തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്ഡെയും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് നിര്‍മാതാക്കാളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മലയാളത്തില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ മമിത തമിഴില്‍ ജിവി പ്രകാശ് കുമാറിനൊപ്പം റിബല്‍ എന്ന സിനിമയിലും അടുത്തിടെ അഭിനയിച്ചിരുന്നു. പ്രേമലു കേരളത്തിന് പുറത്തും നേടിയ വിജയം തമിഴ് സിനിമയിലും മമിതയെ ശ്രദ്ധേയയാക്കി.
വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദളപതി 69നായി കാത്തിരിക്കുന്നത്. ലിയോയ്ക്ക് ശേഷം അനിരുദ്ധ് - വിജയ് കോംബോ വീണ്ടും ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെങ്കട് കെ നാരായണയാണ് സിനിമ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസാമിയും ലോഹിത് എന്‍കെയുമാണ് സഹ നിര്‍മാതാക്കള്‍.
ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.