
മമ്മൂട്ടി-വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഈ ചിത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു. രണ്ടാഴ്ചക്കകം മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യും.
ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നവെന്നാണ് വിവരം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കറുപ്പിന്‍റെ സഹ രചയിതാവാണ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്.
കലൂര്‍ ഡെന്നീസിന്‍റെ മകന്‍ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്‍റ് ദ ലേഡീസ് പഴ്സ് എന്ന സിനിമയും മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.