എം.ടിയുടെ 'മനോരഥങ്ങള്‍' പ്രേക്ഷകരിലേക്ക്; മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പ്രധാന വേഷങ്ങളില്‍

എം.ടിയുടെ 'മനോരഥങ്ങള്‍' പ്രേക്ഷകരിലേക്ക്; മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പ്രധാന വേഷങ്ങളില്‍

ഒമ്പത് സിനിമകളുടെ സമാഹാരം സി ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓണക്കാലത്ത് റിലീസ് ചെയ്യും
Published on

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന സിനിമാ സമാഹാരം പ്രേക്ഷകരിലേക്ക്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേതാക്കള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഒമ്പത് സിനിമകളുടെ സമാഹാരം സി ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓണക്കാലത്ത് റിലീസ് ചെയ്യും. 'മനോരഥങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രസഞ്ചയത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് എം.ടിയുടെ ജന്മദിനമായ ജൂലൈ 15-ന് കൊച്ചിയില്‍ വെച്ച് നടക്കും.

പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയദര്‍ശനാണ്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരത്തിന് പിന്നിൽ മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. ഇന്ദ്രജിത്തിനെയും അപർണ ബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഒരുക്കിയിരിക്കുന്നു. ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. ആസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

News Malayalam 24x7
newsmalayalam.com