
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്. ചിത്രവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ഫെബ്രുവരി 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നേരത്തെ ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. ഫെബ്രുവരി 14ഓടെ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
2024 ഡിസംബറിലാണ് ചിത്രം ആദ്യം ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക എന്ന് സത്യന്‍ അന്തിക്കാട് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അതിനിപ്പോള്‍ മാറ്റം വന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണെന്നും സൂചനയുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.
2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.