fbwpx
മാര്‍കേസിന് പ്രചോദനമായ 'പെഡ്രോ പരാമോ' നെറ്റ്ഫ്ലിക്സിലെത്തുമ്പോള്‍

ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷന്റെ നാഴികക്കല്ലായാണ് പെഡ്രോ പരാമോയെ കാണുന്നത്

EXPLAINER


'I came to comala because i was told that my father lived here, a certain Pedro Paramo....'

നിരവധി മെക്‌സിക്കക്കാര്‍ക്ക് ഹുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ എന്ന നോവലിലെ ആദ്യ വരി ഹൃദയത്തില്‍ നിന്ന് പറയാന്‍ സാധിക്കും. ഇപ്പോള്‍ അവര്‍ക്ക് അത് നെറ്റ്ഫ്‌ലിക്‌സിലും കാണാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്. ഗബ്രിയല്‍ ഗ്രാസിയ മാര്‍കേസിനെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എഴുതാന്‍ പ്രചോദനമായ കൃതിയാണിത്. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പെഡ്രോ പരാമോ നെറ്റ്ഫ്‌ലിക്‌സ് സിനിമയായി സ്‌ക്രീനിലെത്തിയിരിക്കുകയാണ്. നവംബര്‍ ആറിനാണ് ചിത്രം നെറ്റഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

മെക്‌സിക്കന്‍ വിപ്ലവത്തിന് 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കഥ നടക്കുന്നത്. നോവലിലെ ആദ്യ വരി പറയുന്ന വ്യക്തി ഹുവാന്‍ പ്രെസിയോഡയാണ്. മരിക്കാന്‍ കിടക്കുന്ന അമ്മയോട് താന്‍ കൊടുത്ത വാക്ക് പാലിക്കാന്‍ ഇറങ്ങി തിരിച്ചവനാണ് ഹുവാന്‍. അങ്ങനെയാണ് അയാള്‍ തന്റെ അച്ഛനെ അന്വേഷിച്ച് കൊമാല എന്ന നഗരത്തിലേക്ക് യാത്ര തിരിക്കുന്നത്. ഒരു ഫ്യൂഡല്‍ പ്രഭുവായ അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും തനിക്ക് അവകാശപ്പെട്ട പണം വാങ്ങിക്കാനാണ് ഹുവാന്‍ കൊമാലയിലേക്ക് പോയത്. എന്നാല്‍ യാത്രാമധ്യേ ഹുവാന് തന്റെ പിതാവ് മരണപ്പെട്ടുവെന്ന് മനസിലാകുകയാണ്. മ്യൂലറ്ററെ എന്ന വ്യക്തിയില്‍ നിന്നാണ് ഹുവാന്‍ ആ സത്യം മനസിലാക്കുന്നത്. പരമോ മുലറ്ററുടെയും പിതാവായിരുന്നു. അധോലോകത്തിലേക്ക് കിടക്കും പോലെ ഹുവാന്‍ കൊമാലയിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്ന് പിന്നീട് കഥ മുന്നോട്ട് പോകുന്നത് ഹുവാനിലൂടെ മാത്രമല്ല മറിച്ച് ഒരു ഗോസ്റ്റ്‌ലി കോറസിലൂടെ കൂടിയാണ്.



പെഡ്രോ പരാമോ എന്ന നോവല്‍ 150 പേജ് പോലുമില്ല. ഹുവാന്‍ റൂള്‍ഫോ പിന്നീട് മറ്റൊരു പുസ്തകവും പൂര്‍ത്തിയാക്കിയിട്ടുമില്ല. പക്ഷെ മെക്‌സിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി അദ്ദേഹത്തെ മാറ്റാന്‍ ഈ ഒരൊറ്റ നോവല്‍ മതിയായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷന്റെ നാഴികക്കല്ലായാണ് പെഡ്രോ പരാമോയെ കാണുന്നത്. സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നാണ് പെഡ്രോ പരാമോ എന്നാണ് ജോര്‍ജ് ലൂയിസ് ബോര്‍ഹസ് പറഞ്ഞത്. തനിക്ക് ആ പുസ്തകം മുഴുവന്‍ കാണാതെ വായിക്കാന്‍ ആകുമെന്നാണ് മാര്‍കേസ് പറഞ്ഞത്.

1961ല്‍ മാര്‍കേസ് മെക്‌സിക്കോയില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന് പെഡ്രോ പരാമോ എന്ന നോവല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ മാര്‍ക്കേസ് അത് രണ്ട് തവണ വായിച്ചു. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍ പെഡ്രോ പരാമയുടെ പ്രതിഫലനം നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. കഥ തുടങ്ങുമ്പോള്‍ ഉള്ള ആദ്യ വരി മുതല്‍, നോവലിലെ രാഷ്ട്രീയ അക്രമങ്ങളും ശക്തരായ കുടുംബങ്ങളിലും കൊമാല, മക്കോണ്ടോ എന്നീ ഒറ്റപ്പെട്ട നഗരങ്ങളിലും എല്ലാം ആ സാമ്യത കാണാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെ തുടക്കം കുറിക്കുന്നത് പെഡ്രോ പരാമോയിലൂടെയാണ്. പിന്നീട് അത് ഏകാന്തതയുടെ നൂറ് വര്‍ഷത്തിലും നീണ്ടു നിന്നു. പക്ഷെ പെഡ്രോ പരാമോ ശരിക്കും മാജിക്കല്‍ റിയലിസത്തെ കുറിച്ചാണോ എന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

കഥയുടെ മിക്ക ഭാഗങ്ങളും നടക്കുന്നത് മെക്‌സിക്കന്‍ റെവലൂഷനുമായി ബന്ധപ്പെട്ടാണ്. എങ്കിലും ഈ കഥ ഇന്നും പ്രസക്തമാണ്. ഒരു വ്യക്തിയുടെ കൈകളില്‍ മാത്രം വലിയ സമ്പത്ത് നിലനില്‍ക്കുകയാണെങ്കില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്നാണ് പെഡ്രോ പരാമോ പറഞ്ഞുവെക്കുന്നത്. നോവലിലെ എല്ലാ ഫിസിക്കല്‍ സ്ഥലങ്ങളും എവിടെയാണ് എന്നത് ശരിക്കും അവ്യക്തമാണ്. കൊമാല എന്ന നഗരം അപാരമാണെന്ന് തോന്നിക്കും വിധമാണ് അതിന്റെ എഴുത്ത്.



സിനിമയാക്കാന്‍ അത്ര അനായാസം സാധിക്കുന്ന ഒരു കൃതിയല്ല പെഡ്രോ പരാമോ. അതിന്റെ ഇതിവൃത്തം നിരന്തരം ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. കാഴ്ച്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കും. ആഖ്യാനം സമയത്തിന് അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കും. വിചിത്രമായ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ കഥയിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ജീവിതം എന്താണെന്നും സ്വപ്‌നം എന്താണെന്നും പറയാന്‍ കഴിയാതെ വരും. ഈ നോവല്‍ ഐതിഹാസികമായതിനാലും സിനിമയാക്കാന്‍ പ്രയാസമാണ്. മെക്‌സിക്കോയിലെ എല്ലാ സ്‌കൂള്‍ കുട്ടികളും ഈ നോവല്‍ വായിച്ചിട്ടുണ്ടാകും.

ആശയക്കുഴപ്പവും വിഘടനവും ആണ് റൂള്‍ഫോയുടെ അസ്ഥിരമായ സാങ്കല്‍പ്പിക ലോകത്തിന്റെ കേന്ദ്രമായി മാറുന്നത്. നോവലിലെ ആ ആശയക്കുഴപ്പമാണ് സംവിധായകന്‍ റോഡ്രിഗോ പെരിറ്റോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയും പ്രചോദനവുമായി തോന്നിയത്. 'ഈ നോവല്‍ നേരിട്ട് നിങ്ങള്‍ക്ക് സിനിമയാക്കാന്‍ സാധിക്കില്ല. കാരണം ഇതിന്റെ കഥ പറച്ചില്‍ രീതി ലീനിയര്‍ ആണ്. ഇതില്‍ ഭൂതകാലവും വര്‍ത്തമാനകാലവും സംയോജിപ്പിച്ചിരിക്കുന്നു. റൂള്‍ഫോയുടെ പ്രവര്‍ത്തനത്തിന്റെ ഘടനാപരമായ ബോധം നിലനിര്‍ത്തുക എന്നതായിരുന്നു ഇത് സിനിമയാക്കുമ്പോള്‍ ഉള്ള പ്രധാന വെല്ലുവിളി', എന്നാണ് സംവിധായകന്‍ റോഡ്രിഗോ പെരിറ്റോ പറഞ്ഞത്.