അഭിനയമോഹികളുടെ പേടിസ്വപ്നമായ ഇരിപ്പിടം; എന്താണ് കാസ്റ്റിങ് കൗച്ച് ?

അവസരങ്ങളുടെ ചുവപ്പു പരവതാനി സ്വപ്നം കണ്ട സിനിമ മോഹികളില്‍ പലരെയും ഒരു കൂട്ടം പേര്‍ ചേര്‍ന്ന് സ്വീകരിച്ചത് അധാര്‍മ്മികതയുടെയും അനീതിയുടെയും ചൂഷണത്തിന്‍റെയും കസേര വലിച്ചിട്ടുകൊണ്ടാണ്
അഭിനയമോഹികളുടെ പേടിസ്വപ്നമായ ഇരിപ്പിടം; എന്താണ് കാസ്റ്റിങ് കൗച്ച്  ?
Published on


സിനിമയുടെ ഗ്ലാമര്‍ ലോകത്തിനപ്പുറം ഇരയാക്കലുകളുടെയും വേട്ടയാടലുകളുടെയും ഇരുണ്ടവശം കൂടി ഉണ്ടെന്ന് പുറം ലോകം അറിഞ്ഞ കാലം മുതല്‍ ഉറക്കെയും പതുക്കെയും കേള്‍ക്കുന്ന വാക്കാണ് കാസ്റ്റിങ് കൗച്ച്. അവസരങ്ങളുടെ ചുവപ്പു പരവതാനി സ്വപ്നം കണ്ട സിനിമ മോഹികളില്‍ പലരെയും ഒരു കൂട്ടം പേര്‍ ചേര്‍ന്ന് സ്വീകരിച്ചത് അധാര്‍മ്മികതയുടെയും അനീതിയുടെയും ചൂഷണത്തിന്‍റെയും കസേര വലിച്ചിട്ടുകൊണ്ടാണ്. എന്താണ് കാസ്റ്റിങ് കൗച്ച് ? എങ്ങനെയാണ് ഇത് സിനിമ മോഹികളുടെ ദുസ്വപ്നമാകുന്നത്.

ഒരു അവസരത്തിനു പകരം ശാരീരികമായ ഉപകാരങ്ങൾ സ്വീകരിക്കുന്ന ഏതൊരു തൊഴില്‍ മേഖലയിലും കാസ്റ്റിങ് കൗച്ച് (CASTING COUCH ) എന്ന വാക്ക് ഉപയോഗിക്കാമെങ്കിലും സിനിമാ വ്യവസായത്തിൽ തന്നെയാണ് ഈ വാക്ക് കൂടുതലും പരിചിതമായത്. സംവിധായകർ, കാസ്റ്റിംഗ് ഏജൻ്റുമാർ, നിര്‍മാതാക്കള്‍ തുടങ്ങിയ സ്വാധീനശേഷിയുള്ള പദവിയിലുള്ളവര്‍ നടി നടന്മാരില്‍ നിന്ന് അധാർമ്മിക ലാഭം നേടുകയും ലൈംഗികതയ്ക്ക് പകരമായി യുവാക്കൾക്ക് സിനിമയിൽ അവസരം നൽകുകയും ചെയ്യുന്ന ആശയമാണ് കാസ്റ്റിംഗ് കൗച്ച്.

സിനിമയിൽ അവസരം കിട്ടാൻ ചിലപ്പോൾ അതുമായി ബന്ധപ്പെട്ടവർക്കു മുന്നിൽ വസ്ത്രങ്ങൾ ഉരിഞ്ഞും , ശരീരം നല്‍കിയും അവര്‍ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വരുന്നതാണ് കാസ്റ്റിങ് കൗച്ചിന്‍റെ പ്രക്രിയ. സിനിമയിൽ അഭിനയിക്കാൻ സാധ്യതകൾ ഇല്ലാതെ പോയവരോ അല്ലെങ്കിൽ ശരീരം നൽകി സിനിമാ മോഹം തിരിച്ചെടുക്കേണ്ടി വന്നവരോ ആണ് പലപ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വരുന്നത്.

കാസ്റ്റിങ് കൗച്ച് എന്ന സംവിധാനം സിനിമയുടെ പ്രാരംഭ കാലം മുതല്‍ സജീവമാണെന്ന വാദം ശക്തമാണ്. ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ഈ വിഷയം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമകൾ ഇതിനെ ബലപ്പെടുത്തുന്നു. സിനിമാമോഹങ്ങളുമായി വന്നു സെക്സ് റാക്കറ്റുകളുടെ പിടിയിലായ സ്ത്രീകള്‍ വരെയുണ്ട്. ചിലര്‍ക്ക് കാസ്റ്റിങ് കൗച്ചിന്റെ ഗുണമെന്നോണം ചില്ലറ വേഷങ്ങൾ ലഭിക്കുന്നു. ഒരിക്കല്‍ അകപ്പെട്ടുപോയാല്‍ പിന്നീട് ഒരു തിരിച്ചുപോക്ക് അസാധ്യമാകുന്ന നിലയും ഉണ്ട്. വലിയൊരു ചൂഷണത്തിന് താൻ ഇരയാക്കപ്പെടുകയാണെന്നു പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ലൈംലൈറ്റിൽ നിൽക്കുന്ന നടിമാർക്കു പോലും കാസ്റ്റിങ് കൗച്ച് വിനയാകുമ്പോള്‍ തുടക്കക്കാരുടെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സിനിമയില്‍ അവസരം നേടാനുള്ള ഏകവഴി കാസ്റ്റിങ് കൗച്ച് ആണെന്ന് പറയാന്‍ സാധിക്കുകയില്ല, എങ്കില്‍പ്പോലും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ നീരാളി കൈകള്‍ ഇവര്‍ക്ക് നേരെ നീണ്ടിരിക്കാം.

സിനിമയിൽ അഭിനയിക്കുകയെന്ന സ്വപ്നവുമായി നടക്കുന്ന സ്ത്രീകളും , പുരുഷന്മാരും കാസ്റ്റിങ് കൗച്ചിനെ സിനിമയുടെ ഭാഗമായിത്തന്നെ കാണുകയും സഹകരിക്കുകയും ചെയ്യുന്നതോടെ ഇതിലെ അനീതിയും അധാര്‍മ്മികതയും മാറ്റിനിർത്തപ്പെടുന്നു. കാലം മാറിയതിന് അനുസരിച്ച് പല പേരുകളിലും കാസ്റ്റിങ് കൗച്ച് നടന്നുപോകുന്നു. മോഡലിങ് പോലുള്ള ഫാഷന്‍ ലോകത്ത് ഇടം കണ്ടെത്താന്‍ ആഗ്രഹിച്ചെത്തുന്നവര്‍ 'കോംപ്രോ ഷൂട്ട് ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിലൂടെ കടന്നുപോകുന്നു. പേര് മാറിയാലും ഇതും ആത്യന്തികമായി കാസ്റ്റിങ് കൗച്ച് തന്നെ. ഭാഷയും, ദേശവും മാറുന്നതൊഴിച്ചാല്‍ കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. കാസ്റ്റിങ് ഓഫീസുകള്‍ അല്ലെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന ഓഫീസിലെ സോഫകളില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്ക് രൂപപ്പെട്ടത്.

ഒരു സിനിമ നിഘണ്ടുവിലും ഔദ്യോഗികമായി ഈ വാക്ക് അഭിനയിക്കാനുള്ള മാനദണ്ഡമായി മാറിയിട്ടില്ല. നീതിക്ക് നിരക്കാത്ത തുല്യതയില്ലാത്ത വലിപ്പ ചെറുപ്പത്തിന്റെ ഭാഷ കൂടിയാണ് ഈ വാക്ക്. 1910 മുതല്‍ അമേരിക്കന്‍ വിനോദമേഖലയിലെ സ്റ്റുഡിയോ സംവിധാന ത്തിന്റെ തുടക്കം മുതലാണ് കാസ്റ്റിങ് കൗച്ച് ആരംഭിച്ചത്. ഇന്ന് അമേരിക്കയിൽ ഇത് നിയമവിരുദ്ധമാണ്.
അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയം, ഉന്നതര്‍ക്കെതിരെ വിരല്‍ചൂണ്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ചൂഷണത്തിന് ഇരയാകകയാണെന്ന അറിവില്ലായ്മ അങ്ങനെ കാസ്റ്റിങ് കൗച്ചിൽ മൗനം പാലിക്കാനുള്ള കാരണം പലതാണ്. ഇരകളാക്കപ്പെടുന്നവരോട് അതിവിടെ പതിവല്ലേ എന്ന സ്ഥിരപ്പെടുത്തല്‍ മുതല്‍ മൂടിവയ്ക്കലിന്റെ തുടക്കങ്ങളാകും. ഇരയാക്കപ്പെട്ടവരുടെ അവസരം ഇല്ലാതാവല്‍, മാനസികമായുള്ള തകര്‍ച്ച മുതല്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കുന്നത് അഭിനയമോഹവുമായി സിനിമയിലെത്തുന്ന നിരവധി സ്ത്രീകളെയും കൂടിയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നിന്നവരുടെ ശോഭ വെറും കണ്‍കെട്ട് ആയിരുന്നുവെന്നതിന്‍റെ നേര്‍സാക്ഷ്യങ്ങള്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്.

ഇന്ത്യയില്‍ മീടു മൂവ്മെന്‍റ് ശക്തമായത് മുതല്‍ ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിന്‍റെ പലകഥകളും നടിമാര്‍ പുറത്ത് പറഞ്ഞിട്ടുണ്ട്. അഭിനയത്തിൽ മികച്ച പ്രതിഭയുള്ളവർക്കു പോലും അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നത് നിർമാതാവിന്റെയും , സംവിധായകരുടെയും വൻ താരപ്രഭുക്കന്മാരുടെയും ശരീര താൽപര്യങ്ങളാകുമ്പോൾ നിവൃത്തികേടു കൊണ്ട് പലർക്കും പെടാതെ തരമില്ല എന്നുവരുന്നു. ബോളിവുഡിൽ സുലഭമാണ് ഇത്തരം ആശയങ്ങൾ വച്ചുള്ള സിനിമകളും. ഇത്തരം സംഭവങ്ങൾ അഭിനയത്തിന്റെ ഭാഗമായി കാണാൻ അവർ പഠിക്കുകയും ചെയ്തിരിക്കുന്നു. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കാസ്റ്റിങ് കൗച്ച് സത്യമാണ്’ . എന്നാൽ ഇത്തരത്തിലല്ലാതെ പ്രതിഭാശക്തി കൊണ്ട് സിനിമാലോകം പിടിച്ചടക്കിയവരും നിരവധിയുണ്ട്. സിനിമയ്ക്ക് പുറമെ മാധ്യമ, സാഹിത്യ,രാഷ്ട്രീയ രംഗത്തും ഇത്തരം പുഴുക്കുത്തുകള്‍ ഉണ്ടെന്നതും വസ്തുതയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com