
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ആട്ടത്തിലൂടെ മലയാള സിനിമയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടമാണ് ഇക്കുറി ലഭിച്ചത്. തമിഴ് സിനിമയിലെ പ്രകടനത്തിലൂടെ ആണെങ്കിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി നടി നിത്യ മേനോന്‍റെ നേട്ടത്തിലും മലയാളികള്‍ക്ക് സന്തോഷിക്കാം. ധനുഷ് നായകനായെത്തിയ ഫീല്‍ഗുഡ് എന്‍റര്‍ടെയ്നറിലൂടെ ആദ്യ ദേശീയ പുരസ്കാരം നേടിയപ്പോഴും നിത്യ മേനോന് പുരസ്കാരം നല്‍കിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കച്ച് എക്സ്പ്രസ് നായിക മാനസി പരേഖിനൊപ്പമാണ് നിത്യ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടത്.
എന്‍റര്‍ടെയ്നര്‍ സിനിമകളിലെ പ്രകടനങ്ങള്‍ ദേശീയ പുരസ്കാരത്തിനായി സാധാരണ ഗതിയില്‍ പരിഗണിക്കാത്ത രീതി സാധാരണയായി ജൂറികള്‍ക്കിടയില്‍ നിലനില്‍ക്കവെ തിരുച്ചിട്രമ്പലത്തിലെ ശോഭനയ്ക്ക് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ മേനോന്‍ പറഞ്ഞു. അവാര്‍ഡ് നേട്ടം കൊണ്ട് മാത്രമല്ല മറ്റ് ചില കാരണങ്ങള്‍ക്കൊണ്ടും തിരുച്ചിട്രമ്പലവും ശോഭനയും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യ പറഞ്ഞു.
'മികച്ച നടി എന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രകടനമായി കണക്കാക്കപ്പെടുന്ന വേഷമല്ല ശോഭന. എന്നിരുന്നാലും ആ കഥാപാത്രത്തെ അവാര്‍ഡിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ട്. തിരുച്ചിട്രമ്പലം എനിക്ക് ഈ അവാര്‍ഡ് നേടി തന്നതിലൂടെ സംതൃപ്തി തോന്നുന്നു. എന്നെ സന്തോഷിപ്പിക്കുകയും കാണുന്നവര്‍ സന്തോഷപ്പെടുകയും ചെയ്യുന്ന സിനിമകള്‍ എപ്പോഴും ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്‍ സ്വയം കേന്ദ്രീകൃതമായ രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് മറ്റൊരാളെ ചിരിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'- നിത്യ മേനോന്‍ പറഞ്ഞു.
കോമഡി എന്‍റര്‍ടെയ്നര്‍ സിനിമകള്‍ എഴുതുന്നതും അഭിനയിക്കുന്നതും എളുപ്പമല്ല. പക്ഷെ ഡ്രമാറ്റിക് അല്ലെന്ന കാരണത്താല്‍ ഇത്തരം സിനിമകളെ അവാര്‍ഡുകളില്‍ നിന്ന് അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് നിത്യ ചോദിച്ചു. നാടകീയ കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് തിരുച്ചിട്രമ്പലത്തിനും ശോഭനക്കും ലഭിച്ച ഈ അംഗീകാരം തെളിയിക്കുന്നുവെന്നും നിത്യ മേനോന്‍ പറഞ്ഞു.