നിലവില്‍ നിത്യ മേനോന്‍ ധനുഷിനൊപ്പം ഇഡ്‌ലി കടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്
ഓഗസ്റ്റില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ സെറ്റുകളിലെ വിവേചനത്തെയും ചൂഷണത്തെയും കുറിച്ച് മലയാളത്തിലെ നിരവധി താരങ്ങളാണ് തുറന്നുപറഞ്ഞത്. സിനിമ സെറ്റിലെ സുരക്ഷിതത്വത്തെ കുറിച്ചിപ്പോള്‍ നിത്യ മേനോനും സംസാരിച്ചിരിക്കുകയാണ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'എനിക്ക് ഒരിടത്തും സുരക്ഷിതയല്ലെന്ന് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ല. ഒരു സിനിമ സെറ്റില്‍ നിങ്ങള്‍ സുരക്ഷിതരാണ്. കാരണം ചുറ്റും ധാരാളം ആളുകള്‍ ഉണ്ടാകും. ധാരാളം സ്ത്രീകളും പുരുഷന്‍മാരും ഉണ്ടാകും. ഞാന്‍ അഭിനയം തുടങ്ങിയ സമയത്ത് സ്ത്രീകള്‍ ഈ മേഖലയില്‍ കുറവായിരുന്നു. അന്ന് സെറ്റില്‍ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളു. അത് ഹെയര്‍ഡ്രെസ്സര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഒരു സിനിമ സെറ്റില്‍ കൂടുതല്‍ സ്ത്രീകളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു', നിത്യ മേനോന്‍ പറഞ്ഞു.
'ആളുകള്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. കൂടാതെ നിങ്ങള്‍ക്ക് അത് വ്യക്തമാക്കുകയും ചെയ്യാം. അത് ചിലപ്പോള്‍ സ്വീകരിക്കപ്പെട്ടോളണമെന്നില്ല. പക്ഷെ അത് പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്', എന്നും നിത്യ മേനോന്‍ വ്യക്തമാക്കി.
ലിംഗത്തിന്റെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവ് വെല്ലുവിളിയാണെന്നും നിത്യ മേനോന്‍ പറഞ്ഞു. 'ലിംഗ വിവേചനവും മതത്തിന്റെ പേരിലുള്ള വേര്‍തിരിവുമെല്ലാം എന്നില്‍ ബുദ്ധിമുട്ടുണ്ടാക്കും. എനിക്ക് അങ്ങനെ വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ല. ഞാന്‍ ആളുകളെ കാണുമ്പോള്‍ എന്തൊരു നല്ല മനുഷ്യര്‍ എന്ന് മാത്രമെ ചിന്തിക്കാറുള്ളൂ. അതില്‍ ലിംഗവിവേചനമൊന്നും ഞാന്‍ നോക്കാറില്ല. എന്റെ മനസ് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ആളുകളുമായി ഇടപഴകുക മാത്രമാണ് ചെയ്യാറുള്ളത്. ഞാന്‍ അവരില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ പ്രതികരിക്കുന്നത് സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല', നിത്യ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നിത്യ മേനോന്‍ ധനുഷിനൊപ്പം ഇഡ്‌ലി കടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതേ കുറിച്ചും താരം സംസാരിച്ചു. 'ധനുഷ് എനിക്ക് അറിയാവുന്ന വ്യക്തിയാണ്. എന്റെ നല്ലൊരു സുഹൃത്താണ്. നമ്മള്‍ എല്ലാവരും ഒരു റോളില്‍ ഒതുങ്ങാത്ത ആളുകളാണെന്ന് ഞാന്‍ കരുതുന്നു. ചിത്രീകരണം വളരെ രസകരമായിരുന്നു', നിത്യ മേനോന്‍ പറഞ്ഞു.