കിടപ്പാടം പോലും വിറ്റു.. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് അമിതാഭ് ജി തിരിച്ചുവന്നു; ബച്ചന്‍റെ രണ്ടാംവരവ് ഓര്‍ത്തെടുത്ത് രജനികാന്ത്

ഏത് വെല്ലുവിളികളെയും നേരിടാന്‍ കരുത്തുളള അദ്ദേഹത്തിന്റെ ജീവിതം താനടക്കമുളളവര്‍ക്ക് ഒരു മഹാ മാതൃകയാണെന്ന് രജനി പറഞ്ഞു.
കിടപ്പാടം പോലും വിറ്റു.. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് അമിതാഭ് ജി തിരിച്ചുവന്നു; ബച്ചന്‍റെ രണ്ടാംവരവ് ഓര്‍ത്തെടുത്ത് രജനികാന്ത്
Published on


ഈ പ്രായത്തിലും എന്നാ ഒരിതാ... ഇപ്പോള്‍ സ്ക്രീനിലെത്തിയാലും അത്രത്തോളം ആവേശം കാണികളില്‍ സൃഷ്ടിക്കുന്ന രണ്ടേ രണ്ട് പേരെ ഇന്ന് ഇന്ത്യന്‍ സിനിമയിലുള്ളു, ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും. കരിയറിലുടനീളം നിരവധി വെല്ലുവിളികളെ തരണം ചെയ്ത് മുന്നിലേക്ക് കയറി വന്നവരാണ് ഈ രണ്ട് താരങ്ങളും. വിശ്രമം അനിവാര്യമായ ഈ പ്രായത്തിലും ഇരുവരും സിനിമയോട് പുലര്‍ത്തുന്ന അഭിനിവേശം പുതുതലമുറയിലെ നായകന്‍മാരെ പോലും അതിശയിപ്പിക്കുന്നതാണ്. കല്‍ക്കി 2898 എഡിയില്‍ അശ്വത്ഥാമാവായി ബച്ചന്‍ നടത്തിയ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. അതേപോലെ ജയിലറിലെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെ കാണുമ്പോള്‍ പടയപ്പയിലെ നീലാംബരിയുടെ ഡയലോഗ് ആയിരിക്കും ഓരോ രജനി ഫാന്‍സിനും ഓര്‍മവരുന്നത്. 'വയസ് ആനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലേ'.

വര്‍ഷങ്ങള്‍ക്കിപ്പുറം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലൂടെ ഈ രണ്ട് താരങ്ങളും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുകയാണ്. സിനിമയുടെ റിലീസിന് മുന്‍പ് നടന്ന ഓഡിയോ ലോഞ്ചില്‍ അമിതാഭ് ബച്ചന് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയൊരു പ്രതിസന്ധിയെയും അതിനെ അദ്ദേഹം തരണം ചെയ്തതിനെ കുറിച്ചും രജനികാന്ത് പറഞ്ഞിരുന്നു. ഏത് വെല്ലുവിളികളെയും നേരിടാന്‍ കരുത്തുളള അദ്ദേഹത്തിന്റെ ജീവിതം താനടക്കമുളളവര്‍ക്ക് ഒരു മഹാ മാതൃകയാണെന്ന് രജനി പറഞ്ഞു.

ഒരിക്കല്‍ അതുവരെയുളള സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലായ ഒരു കാലം അമിതാഭ് ബച്ചന്‍റെ ജീവിതത്തിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും വാച്ച്മാനും ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത സ്ഥിതി. എല്ലാം നഷ്ടപ്പെട്ടപ്പോഴും അമൂല്യമായ ഒന്ന് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. ഒന്ന് ആത്മവിശ്വാസവും മറ്റൊന്ന് അമിതാഭ് ബച്ചന്‍ എന്ന ലോകം മുഴുവന്‍ ആരാധിക്കുന്ന, ആദരിക്കുന്ന ഒരു പേരും. അതിനെ മുന്നില്‍ നിര്‍ത്തി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാമെന്ന് അദ്ദേഹം മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ALSO READ : Vettaiyan | വേട്ടയ്യന്‍ 'വേട്ട' തുടങ്ങിയോ ? രജനികാന്ത് ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍

കരിയറിന്റെ കൊടുമുടിയില്‍ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേളയെടുത്ത സമയത്താണ് ഒരു തിരിച്ചടി സംഭവിക്കുന്നത്. തിരികെ വന്ന അദ്ദേഹം അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. നിര്‍ഭാഗ്യവശാല്‍ ആ സംരംഭം വലിയ നഷ്ടമായി. നഷ്ടം പരിഹരിക്കാന്‍ ജുഹുവിലെ പ്രിയപ്പെട്ട വീട് ഉള്‍പ്പെടെ നിരവധി സ്വത്തുവകകള്‍ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു. അമിത്ജിക്ക് ഉണ്ടായ തകര്‍ച്ച കണ്ട് പലരും ആഘോഷിച്ചു. ആരും തകര്‍ന്നു പോയേക്കാവുന്ന നിലയിലേക്ക് അദ്ദേഹവുമെത്തി.

മുന്‍പ് ഉപയോഗിച്ചിരുന്ന ഒരു അംബാസിഡര്‍ കാറില്‍ കയറി സംവിധായകരുടെ വീടുകളില്‍ പോയി തനിക്ക് ജോലി വേണമെന്ന് പറഞ്ഞു. ഒരു ദിവസം മങ്കിക്യാപും ധരിച്ച്  യഷ് ചോപ്രയുടെ വീട്ടിലേക്ക് നടന്നെത്തി. ഡ്രൈവര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അദ്ദേഹം നടന്നുപോയത് യഷ് ചോപ്രയോട് അദ്ദേഹം തൊഴില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ യഷ് ചെക്ക് എഴുതി ഒപ്പിട്ടു നല്‍കി. എന്നാല്‍ ജോലി തന്നാല്‍ മാത്രമേ ഈ ചെക്ക് സ്വീകരിക്കുവെന്ന് അമിതാഭ് ജി പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന് മൊഹബത്തേന്‍ എന്ന ചിത്രം ലഭിച്ചത്. യഷ് ചോപ്രയുമായുള്ള ആ കൂടിക്കാഴ്ച അദ്ദേഹത്തിന് വീണ്ടും നല്ല കാലത്തിലേക്കുള്ള തുടക്കമായി. ബിഗ്ബിയുടെ രണ്ടാം വരവാണ് പിന്നീട് കണ്ടത്.

ആ പ്രായത്തിലും കിട്ടാവുന്ന സിനിമകളിലെല്ലാം അഭിനയിച്ചു. സകലമാന പരസ്യചിത്രങ്ങളും ചെയ്തു. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടിവി ഷോ ചെയ്തു. ദിവസേന 18 മണിക്കൂര്‍ ജോലി ചെയ്തും രാപ്പകല്‍ അധ്വാനിച്ചും നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിച്ചു. വിറ്റുപോയ സ്വത്തുക്കള്‍ അടക്കം തിരിച്ചു വാങ്ങി.

65 -ാം വയസ്സില്‍ എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യന്‍ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിതം തിരിച്ചുപിടിക്കുകയാണ്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും മനസാണ് പ്രധാനമെന്നും അമിത്ജി ലോകത്തെ ബോധ്യപ്പെടുത്തി. തലയ്ക്ക് മീതെ വെളളം വന്നാല്‍ അതിന് മേലെ തോണി എന്നതാണ് അദ്ദേഹത്തിന്റെ നയം. അന്നും ഇന്നും എന്റെ റോള്‍മോഡലാണ് അമിത്ജി. അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കിയെന്ന് രജനികാന്ത് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com