"അവസാനം സമ്മര്‍ദ്ദത്തിന് വഴങ്ങി", 10 വര്‍ഷം ഉപയോഗിച്ച കാര്‍ മാറ്റിയതിനെ കുറിച്ച് രാജ്കുമാര്‍ റാവു

ഭൂല്‍ ചുക് മാഫ് എന്ന കോമഡി ചിത്രമാണ് രാജ്കുമാറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്
"അവസാനം സമ്മര്‍ദ്ദത്തിന് വഴങ്ങി", 10 വര്‍ഷം ഉപയോഗിച്ച കാര്‍ മാറ്റിയതിനെ കുറിച്ച് രാജ്കുമാര്‍ റാവു
Published on


ബോളിവുഡ് താരം രാജ്കുമാര്‍ റാവു തന്റെ ലളിതമായ ജീവിത രീതിയിലൂടെയും അഭിനയ മികവുകൊണ്ടുമാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ 10 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന കാര്‍ മാറ്റി വാങ്ങിയതിനെ കുറിച്ച് താരം തുറന്ന് സംസാരിച്ചു. തനിക്ക് ആഗ്രഹമുണ്ടായിട്ടല്ല മറിച്ച് സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് താന്‍ കാര്‍ മാറ്റി വാങ്ങിയതെന്നാണ് രാജ്കുമാര്‍ റാവു പറഞ്ഞത്. ഫിലിമി ഗ്യാനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

"എനിക്ക് സാധനങ്ങളേക്കാള്‍ പ്രധാനം മനുഷ്യ ബന്ധങ്ങളാണ്. ഞാന്‍ 10 വര്‍ഷമാണ് എന്റെ ഓഡി ക്യു7 കാര്‍ ഉപയോഗിച്ചത്. അത് മാറ്റി വാങ്ങാന്‍ എന്റെ കയ്യില്‍ പണം ഇല്ലത്തതുകൊണ്ടല്ല. പക്ഷെ അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല", രാജ്കുമാര്‍ പറഞ്ഞു.

"ലളിതമായ ജീവിതമാണ് എനിക്ക് ഇഷ്ടം. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഞാന്‍ പുതിയ കാര്‍ വാങ്ങിയത്. എല്ലാവരും എന്നോട് പറഞ്ഞിരുന്നു പുതിയ കാര്‍ വാങ്ങാന്‍. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്", എന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭൂല്‍ ചുക് മാഫ് എന്ന കോമഡി ചിത്രമാണ് രാജ്കുമാറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രത്തില്‍ വാമിക ഗബ്ബിയാണ് നായിക. തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരുന്ന ചിത്രം രാജ്യത്തെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് 16ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. സഞ്ജയ് മിശ്ര, രഘുബീര്‍ യാദവ്, സാക്കിര്‍ ഹുസൈന്‍, സീമ പഹ്വ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മാഡോക് ഫിലിംസാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com