തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ച് കൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായതെന്ന് പ്രസ്താവനയില്‍ പറയുന്നു
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്ത്രീപക്ഷ പ്രവര്‍ത്തകരും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
'പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാര ഗർവ്വോടും ധാർഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകൾ കുപ്രസിദ്ധമാണ്. തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ച് കൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായത്'യെന്ന് പ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം
കേരളത്തിലെ ചലച്ചിത്ര മേഖലയുടെ സമഗ്രവികസനത്തിന് കുതിപ്പേകുവാൻ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നാൾ മുതൽ സംവിധായകൻ രഞ്ജിത്തിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ പതിവിന് വിപരീതമായി രഞ്ജിത്തിൻ്റെ ലൈംഗികാതിക്രമത്തിനിരയായ നടി തന്നെ ഇപ്പോൾ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജോഷി ജോസഫ് കോടതിയിൽ സാക്ഷി പറയാമെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. സിനിമയിൽ അഭിനയിക്കാൻ വരുന്ന സ്ത്രീകളെ കാസ്റ്റിംഗ് കൗച്ച് നടത്തുന്നതിനെക്കുറിച്ച് ഹേമ കമ്മറ്റി നടത്തിയ കണ്ടെത്തലുകൾ പുറത്തു വന്നിരിക്കുകയാണ്. വേട്ടക്കാരുടെ പേരുകൾ മറച്ച് വച്ച പ്രസ്തുത റിപ്പോർട്ടിൽ രഞ്ജിത്തിൻ്റെ കുറ്റകൃത്യങ്ങൾ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.
പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗർവ്വോടും ധാർഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകൾ കുപ്രസിദ്ധമാണ്. തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ച് കൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായത്.
കുറ്റവാളിയായ രഞ്ജിത്തിനെ തൽസ്ഥാനത്ത് നിന്ന് നീക്കി, സർക്കാർ അടിയന്തര നിയമ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം കേരളത്തിലെ നീതിബോധമുള്ള സ്ത്രീകൾ അക്കാദമിക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നും ഈയവസരത്തിൽ അറിയിക്കുന്നു.
സംയുക്ത പ്രസ്താവനയിൽ ഒപ്പ് വച്ചവർ
കെ അജിത, ഏലിയാമ്മ വിജയൻ, മേഴ്സി അലക്സാണ്ടർ, ഡോ രേഖ രാജ്, വിധു വിൻസെന്റ്, ഡോ മാളവിക ബിന്നി, വിജി പെൺകൂട്ട്, ഡോ സോണിയ ജോർജ്ജ്, ജോളി ചിറയത്ത്, ശീതൾ ശ്യാം, അമ്മിണി കെ വയനാട്, അഡ്വ കെ നന്ദിനി, എം സുൽഫത്ത്, അഡ്വ ജെ സന്ധ്യ, ശ്രീജ നെയ്യാറ്റിൻകര, എച്ച്മു കുട്ടി, സതി അങ്കമാലി, സീറ്റ ദാസൻ, ഡിംപിൾ റോസ്, അഡ്വ പദ്മ ലക്ഷ്മി, ശരണ്യ മോൾ കെ എസ്, ശ്രീജിത പി വി, രതി ദേവി, അനിത ശാന്തി, ഡോ ധന്യ മാധവ്, അഡ്വ കുക്കു ദേവകി, തൊമ്മിക്കുഞ്ഞ് രമ്യ, അഡ്വ സുജാത വർമ്മ, രാധിക വിശ്വനാഥൻ, മിനി ഐ ജി, ഗാർഗി,
ശരണ്യ എം ചാരു, ചൈതന്യ കെ, സ്മിത ശ്രേയസ്, അമ്പിളി ഓമന കുട്ടൻ, ബിന്ദു തങ്കം കല്യാണി, ഗോമതി ഇടുക്കി, കവിത എസ്, സുജ ഭാരതി, അപർണ ശിവകാമി, സീന യു ടി കെ, മാളു മോഹൻ,
ദിവ്യ ജി എസ്, അഡ്വ ജെസിൻ ഐറിന