കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി... ഓര്‍മ്മകളില്‍ ജോണ്‍സണ്‍ മാസ്റ്റര്‍

മലയാള ചലച്ചിത്ര ഗാനലോകത്തെ സംഗീത സാന്ദ്രമാക്കിയ എണ്‍പത്-തൊണ്ണൂറ് കാലഘട്ടത്തിലെ യൗവനം തുടിക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് ജോണ്‍സണ്‍ വിടപറഞ്ഞത്
ജോണ്‍സണ്‍ മാസ്റ്റര്‍
ജോണ്‍സണ്‍ മാസ്റ്റര്‍
Published on

ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട്, എല്ലാവരാലും വെറുക്കപ്പെട്ട കിരീടത്തിലെ സേതുമാധവന്‍റെ ആത്മസംഘര്‍ഷങ്ങളെ കൈതപ്രം 'കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി'യെന്ന വരികളാക്കി മാറ്റിയപ്പോള്‍ ശ്രോതാവിന്‍റെ ഉള്ളിലുക്കുന്ന ഈണമാക്കി അതിനെ മാറ്റിയ സംഗീത മാന്ത്രികന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്. മലയാള ചലച്ചിത്ര ഗാനലോകത്തെ സംഗീത സാന്ദ്രമാക്കിയ എണ്‍പത്-തൊണ്ണൂറ് കാലഘട്ടത്തിലെ യൗവനം തുടിക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് ജോണ്‍സണ്‍ വിടപറഞ്ഞത്. മെലഡിയില്‍ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി പിറന്ന പാട്ടുകളില്‍ പലതിനും മലയാളികളുടെ പ്ലേ ലിസ്റ്റില്‍ ഇന്നും ഇടമുണ്ട്. അനുരാഗിണി, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം, രാജഹംസമേ, ആകാശമാകെ, പള്ളിത്തേരുണ്ടോ, ആദ്യമായി കണ്ടനാള്‍, ആടിവാകാറ്റേ...അങ്ങനെ പോകുന്നു എണ്ണിയാലൊടുങ്ങാത്ത ജോണ്‍സണ്‍ ഹിറ്റുകള്‍.

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മലയാള സിനിമ സംഗീത ലോകത്ത് എത്തിയ ജോണ്‍സണ്‍, ഗുരുവിന്‍റെ പേരിന് വീണ്ടും വീണ്ടും കീര്‍ത്തി ഉയര്‍ത്തിയ ശിഷ്യനായി. ദേവരാജന്‍ മാസ്റ്ററുടെ അടുത്തെത്താന്‍ ജോണ്‍സണ് വഴിയൊരുക്കിയതാകട്ടെ ഗായകന്‍ പി. ജയചന്ദ്രനും. 1953 മാര്‍ച്ച് 26ന് ബാങ്ക് ജീവനക്കാരനായിരുന്ന ആന്റണിയുടെയും മേരിയുടെയും പുത്രനായി തൃശൂരിലെ നെല്ലിക്കുന്നത്താണ് ജോണ്‍ വില്യംസ് എന്ന മലയാളികളുടെ ജോണ്‍സണ്‍ മാസ്റ്റര്‍ ജനിച്ചത്.


ഇടവകപ്പള്ളിയിലെ കുര്‍ബാനകളില്‍ ഗാനങ്ങൾ അവതരിപ്പിക്കാനും ഗിത്താർ,ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുവാനും അവസരം കൊച്ച് ജോണ്‍സണ് അവസരം ലഭിച്ചു. സ്കൂൾ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാർമോണിയം വായിക്കാനും തുടങ്ങിയ ജോൺസണ്‍ ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ പാട്ട് പാടിയിരുന്നു. 1968ൽ സുഹൃത്തുക്കളുമൊത്ത് "വോയിസ് ഓഫ് തൃശ്ശൂർ" എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോൾ ജോൺസണ് പ്രായം പതിനഞ്ച്. ഇക്കാലയളവിൽ ഹാർമോണിയം, ഗിത്താർ, ഫ്ലൂട്ട് , ഡ്രംസ്, വയലിൻ എന്നീ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ "വോയിസ് ഓഫ് തൃശൂർ" കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി. ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രൻ, മാധുരി എന്നിവരുടെ ഗാനമേളകൾക്ക് പിന്നണിയിലും ജോണ്‍സന്‍റെ കൈകള്‍ ഉണ്ടായിരുന്നു.ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായിരുന്നപ്പോള്‍ തന്നെ എം.കെ അര്‍ജുനന്‍, എ.ടി ഉമ്മര്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 1978ൽ ഭരതന്റെ “ആരവ”ത്തിൽ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു കൊണ്ട് സ്വതന്ത്രസംഗീത സംവിധായകനായി മാറി. മുന്നറോളം സിനിമകളുടെ സംഗീത സംവിധാനത്തിലേക്കുള്ള ഒരു തുടക്കം മാത്രമായിരുന്നു ഇത്.

1982ൽ ഓർമ്മക്കായ്, 1989ൽ മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, 1999ൽ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങൾ ജോൺസണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു. 1993ൽ പൊന്തന്മാടയും 1994ൽ സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡുകളും നേടാൻ കാരണമായി. 1993ലെ പൊന്തന്മാടക്ക് മികച്ച പശ്ചാത്തല സംഗീതത്തിന് പുറമേ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡും നേടി. ചുരുങ്ങിയ സമയത്തിനുള്ളില്‍  റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കുന്നതില്‍ ജോണ്‍സണ്‍ മാസ്റ്ററിനുള്ള മികവ് സംവിധായകര്‍ക്കിടയില്‍ ജോണ്‍സനെ അവരുടെ പ്രിയപ്പെട്ടവനാക്കി. വ്യത്യസ്തങ്ങളായ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അറിവാണ് സംഗീത സംവിധായകൻ എന്നതിന് പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റർ-ഓർഗനൈസർ, ഓർക്കസ്ട്രേഷൻ വിദഗ്ധൻ എന്ന നിലകളിലും ജോൺസനെ പ്രശസ്തനാക്കിയത്.

പത്മരാജൻ,ഭരതൻ,മോഹൻ,സിബി മലയിൽ,ലോഹിതദാസ്, കമൽ എന്നിവരുടെ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോൺസണ്‍,സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയത്. കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ട് മലയാളത്തിലെ എവര്‍ഗ്രീന്‍ കോംബോയായി. തൊണ്ണൂറുകൾക്ക് ശേഷം കുറച്ചുകാലം സംഗീത ലോകത്ത് നിന്നു വിട്ടു നിന്ന മാസ്റ്റർ 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തി. തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിച്ചു. 2011 ഓഗസ്റ്റ് 18ന് തന്റെ അമ്പത്തിയെട്ടാം വയസ്സിൽ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടിൽവച്ച് ആ സംഗീത വിസ്മയം വിടപറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com