നിര്‍മാതാവായ തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമായ സ്ത്രീകള്‍ക്ക് മിണ്ടാന്‍ പോലും പറ്റില്ലെന്നും സാന്ദ്ര പറഞ്ഞു
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവായ സാന്ദ്രാ തോമസിനെ പുറത്താക്കി. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് മുന്നില്‍ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി എന്ന പേരില്‍ സാന്ദ്രയെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന്റെ പേരിലാണ് സാന്ദ്രാ തോമസ് എസ്‌ഐടിക്ക് മുന്നില്‍ പരാതി നല്‍കിയിത്. അത് വ്യക്തമാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും സാന്ദ്രാ തോമസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. നിര്‍മാതാവായ തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമായ സ്ത്രീകള്‍ക്ക് മിണ്ടാന്‍ പോലും പറ്റില്ലെന്നും സാന്ദ്ര പറഞ്ഞു.
ചോദ്യം ചെയ്തതിന്റെ പേരിലാണ് പുറത്താക്കല്‍ നടപടി
എന്നോടുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ ഈ നടപടി മൂലം ഇനി മറ്റ് സ്ത്രീകളും പുറത്തേക്ക് വരാനും പരാതി പറയാനും ഭയക്കും. ആ സ്ത്രീകള്‍ക്കും കൂടിയുള്ള മുന്നറിയിപ്പാണ് എനിക്ക് തന്നിരിക്കുന്ന പുറത്താക്കല്‍ നടപടി. നമ്മള്‍ സിനിമയില്‍ എല്ലാം കണ്ടിട്ടുള്ളത് പോലെ ഒരു ബന്ധവും ഇല്ലാത്ത ആളെ കുറച്ച് ഗുണ്ടകള്‍ വന്ന് അടിക്കുമ്പോള്‍ കണ്ട് നില്‍ക്കുന്നവര്‍ കൂടി ഭയക്കുമല്ലോ. ആ ഭയപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഞാന്‍ തീര്‍ച്ചയായും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. അങ്ങനെയൊന്നും ആരെയും നിശബ്ദരാക്കാന്‍ പറ്റില്ല ഈ കാലഘട്ടത്തില്‍. കാലം മാറി എന്നുള്ളത് ഈ പറയുന്ന നിര്‍മാതാക്കളും മനസിലാക്കണം. നിര്‍മാതാക്കളുടെ സംഘടന എടുത്തിരിക്കുന്നത് പ്രതികാര നടപടിയാണ്. അത് മറ്റുള്ള സ്ത്രീകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഇനി ആരും പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് മുന്നോട്ട് വരരുത്. മുന്നോട്ട് വന്നാല്‍ ഇതായിരിക്കും അവരുടെ അവസ്ഥ. ഒരു നിര്‍മാതാവായ എന്നെ പുറത്താക്കിയെങ്കില്‍, പുറത്താക്കാന്‍ ധൈര്യം അവര്‍ കാണിച്ചെങ്കില്‍ സാധരണ ഒരു നടിക്കോ ഒരു ടെക്‌നീഷ്യനോ അവിടെ വന്ന് ഒരു ദുരനുഭവം ഉണ്ടായാല്‍ മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കും. ഒരുപാട് അങ്ങനത്തെ അവസ്ഥകളുണ്ട്. ഒരുപാട് നടന്നിട്ടുള്ള കാര്യങ്ങള്‍ എനിക്ക് അറിയാവുന്നതുണ്ട്. പലരും അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് തന്നെ പല ദുരനുഭവങ്ങളും മറ്റുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് നിര്‍മാതാക്കളുടെ സംഘടന അസന്‍മാര്‍ഗിക കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അത് നമുക്ക് അറിയാവുന്ന കാര്യമാണ്. അതിനെ ഞാന്‍ ചോദ്യം ചെയ്തതും എന്റെ കയ്യില്‍ അതിന് തെളിവുണ്ടെന്ന് മനസിലാക്കുകയും ചെയ്തതു കൊണ്ടാണ് അവര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. കാര്യം അത് അവര്‍ക്ക് തന്നെ പാരയായി വരുമെന്ന് അവര്‍ക്ക് മനസിലായി.
ഞാന്‍ പരാതി കൊടുത്തത് പണവും അധികാരവും ഉള്ളവര്‍ക്കെതിരെ
സര്‍ക്കാരിലും പാര്‍ട്ടികളിലും ഒക്കെയുള്ള ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ മുഷ്ടി ചുരുട്ടി എന്റെ നേരെ തിരിഞ്ഞ് നില്‍ക്കുന്നത്. ആന്റോ ജോസഫ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണ്. ജി സുരേഷ് കുമാര്‍ എന്ന് പറയുന്നത് ബിജെപിയുടെ നേതാവാണ്. രാകേഷ് എന്ന് പറയുന്നത് സിപിഐഎമ്മിന്റെ ഒരു നേതാവാണ്. അപ്പോള്‍ ഇവരെല്ലാം എല്ലാ പാര്‍ട്ടികളിലും ബന്ധമുള്ള ആള്‍ക്കാരാണ്. അപ്പോള്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദം എനിക്ക് നേരെയുണ്ട്. ഇവരെല്ലാം ഭയങ്കര ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ ആയിട്ടുള്ള ആളുകളാണ്. അവര്‍ക്ക് പണവും ഉണ്ട് അധികാരവും ഉണ്ട്. ഇങ്ങനെ എല്ലാം ഉള്ള ആള്‍ക്കാര്‍ക്ക് എതിരെയാണ് ഞാന്‍ ഈ പരാതി കൊടുത്തിരിക്കുന്നത്. തീര്‍ച്ചയായിട്ടും അവര്‍ക്ക് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലല്ലോ പ്രതികാര നടപടികളുമായി മുന്നോട്ട് പോകാന്‍. എന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന്റെ പേരിലാണ് ഞാന്‍ എസ്‌ഐടിക്ക് പരാതി കൊടുത്തത്. അതിന് എന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്. അത് ഞാന്‍ എസ്‌ഐടിക്ക് കൈമാറിയിട്ടുമുണ്ട്. അവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. നിലവില്‍ കേസ് എസ്‌ഐടിയുടെ മുന്‍പില്‍ ഉള്ളതിനാല്‍ അതേ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ എനിക്കാവില്ല.
മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു എന്ന് കരുതി സിനിമ മേഖലയിലെ പുരുഷന്‍മാര്‍ ഭയപ്പെട്ടിട്ടില്ല അസ്വസ്തരായിട്ടുമില്ല. കാര്യം പണത്തിന് മേലെ പരുന്തും പറക്കില്ലല്ലോ. അവരുടെ കയ്യില്‍ പണം മാത്രമല്ല അധികാരവും ഉണ്ട്. അപ്പോള്‍ അവര്‍ എന്തിന് ഭയപ്പെടണം? അവര്‍ക്കൊന്നിനെയും ഭയമില്ല. അതുകൊണ്ട് തന്നെയാണല്ലോ അവരുടെ ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞിട്ടും ആ ബോധ്യത്തോട് കൂടി എന്നെ പുറത്താക്കിയത്. മലയാള സിനിമയില്‍ മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിന്റെ മുന്നോടിയായാണ് ഇങ്ങനെ സ്ത്രീകള്‍ മുന്നോട്ട് വരുന്നതും കാര്യങ്ങള്‍ തുറന്നുപറയുന്നതും എല്ലാം. അതിന്റെ ഭാഗമായി തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാകും. അതിന്റെ ഒരു പോസിറ്റീവ് ഔട്ട്കം ആണല്ലോ നയരൂപീകരണ സമിതി എന്ന് പറയുന്നത്, സിനിമ പോളിസി മേക്കിംഗ് എന്ന് പറയുന്നത്. സര്‍ക്കാര്‍ അതില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്നതിന്റെ തെളിവല്ലേ നയരൂപീകരണ സമിതി വന്നത് തന്നെ.