
സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപി. സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്റ്റുഡന്‍റ് യൂണിയന്‍ സുരേഷ് ഗോപിക്ക് ഡോ.ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്‍മൂലനം (' Annihilation of caste') എന്ന പുസ്തകത്തിന്റെ കോപ്പി കൈമാറി. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന പരാമര്‍ശം നടത്തിയ തങ്ങളുടെ ചെയര്‍മാന് പ്രതിഷേധമായിട്ടാണ് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പുസ്തകം സമ്മാനമായി നല്‍കിയത്.
പുനര്‍ജന്മത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്‌മണനായി ജനിക്കണമെന്നുമായിരുന്നു സുരേഷ് ഗോപി നേരത്തെ ഒരു പൊതു വേദിയില്‍ വിവാദ പ്രസ്തവന നടത്തിയത്. അവിശ്വാസികളുടെ പൂര്‍ണമായ ഉന്മൂലനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.