fbwpx
കൂടുതല്‍ വെളിപ്പെടുത്തലുമായി നടിമാര്‍; രാജി വെച്ച് സിദ്ദിഖും രഞ്ജിത്തും, ഇനിയും തുറന്നുപറച്ചിലുകള്‍ക്ക് സാധ്യത
logo

ന്യൂസ് ഡെസ്ക്

Posted : 25 Aug, 2024 11:02 AM

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തി സുരക്ഷിതമായി വാഴാമെന്ന ആണ്‍ അഹങ്കാരം കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞത്

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം നടന്‍ സിദ്ദീഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ്. നടി രേവതി സമ്പത്താണ് നടന്‍ സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പുറമെ നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്. 2017ല്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ദിലീപ് മുതല്‍ പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ വരെ നീണ്ടു നില്‍ക്കുന്ന പുറത്തുവന്ന ചൂഷണങ്ങളുടെ ആരോപണങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത് മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇടമല്ലെന്നാണ്. സെറ്റില്‍ ടോയിലറ്റ് സൗകര്യം ഇല്ലാത്തത് മുതല്‍ റൂമിന്റെ കതകില്‍ നിരന്തരമായി മുട്ടുന്നത് വരെ നീളുന്നു സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍.

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തി സുരക്ഷിതമായി വാഴാമെന്ന ആണ്‍ അഹങ്കാരം കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞത്. അതിന് ഉദാഹരണമാണ് നടന്‍ സിദ്ദീഖിന്റെയും സംവിധായകന്‍ രഞ്ജിത്തിന്റെയും രാജി. AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദീഖും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് സംവിധായകന്‍ രഞ്ജിത്തും രാജി വെച്ചു. നടിമാരുടെ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി. ഇതാദ്യമായല്ല AMMAയില്‍ സ്ത്രീകളുടെ പരാതിയില്‍ രാജി ഉണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട പരാതിയില്‍ AMMAയില്‍ നിന്ന് ആദ്യം രാജി വെക്കുന്നത് നടന്‍ ദിലീപാണ്. അതിന് ശേഷം വിജയ് ബാബുവിന് എതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണത്തിന് പിന്നാലെ രാജി ആവശ്യപ്പെട്ടെങ്കിലും വിജയ് ബാബു എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വീണ്ടും AMMAയില്‍ നിന്ന് രാജി ഉണ്ടായിരിക്കുകയാണ്. അലന്‍സിയര്‍ വിഷയത്തില്‍ ലഭിച്ച പരാതിയിലും AMMAയില്‍ അന്വേഷണം നടന്നിരുന്നു. എന്നാല്‍ മുകേഷിന് എതിരെ നല്‍കിയ പരാതി അന്വേഷിച്ചില്ല. ഇത്തരത്തില്‍ നിരവധി പരാതികളാണ് AMMAയില്‍ സ്ത്രീകള്‍ പല കാലങ്ങളായി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ അതിനൊന്നും തന്നെ തക്കതായ നടപടി സ്വീകരിക്കാന്‍ AMMA തയ്യാറായിരുന്നില്ല. വേട്ടക്കാരെ സംരക്ഷിക്കുക എന്ന നിലപാടാണ് AMMA എന്നും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് ഒരു കളക്റ്റീവ് രൂപീകരിക്കേണ്ടി വന്നത്.


ALSO READ : റിയാസ് ഖാൻ ലൈംഗിക ചുവയോടെ സംസാരിച്ചു, സിദ്ദിഖ് ക്രിമിനലാണ്, രാജിവെച്ചത് സിമ്പതി കിട്ടാൻ; നടി രേവതി സമ്പത്ത്


ഡബ്ല്യു.സി.സിയുടെ രൂപീകരണം മലയാള സിനിമയില്‍ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു. അവരുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കുന്ന മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാര്‍ക്ക് ഒരു തിരിച്ചടി തന്നെയായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം. ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. അതിന് തുടക്കമിട്ടത് ഡബ്ല്യു.സി.സിയാണ്. തുടര്‍ന്ന് മലയാള സിനിമയിലെ സെറ്റുകളില്‍ ഐസിസി (ആഭ്യന്തര പരാതി പരിഹാര സമിതി) നിര്‍ബന്ധമാക്കണം എന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. അതിന് പിന്നിലും ഡബ്ല്യു.സി.സിയുടെ നിരന്തര പരിശ്രമമാണ് ഉണ്ടായിരുന്നത്. ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് പകരം നല്‍കേണ്ടി വന്നത് അവരുടെ തൊഴില്‍ തന്നെയാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മലയാള സിനിമയിലെ ആണുങ്ങളെ തിരുത്താന്‍ ശ്രമിച്ച ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ തൊഴിലാണ്.

മലയാള സിനിമയിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യമാണ്. സുരക്ഷിതമായി തൊഴില്‍ ചെയ്യാന്‍ ഒരിടം വേണമെന്നത്. അത് വളരെ അടിസ്ഥാനപരമായൊരു ആവശ്യമാണ്. അതുപോലും ലഭിക്കുന്നില്ല മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് എന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. സ്ത്രീകള്‍ക്ക് ഇനിയെങ്കിലും ലൈംഗിക അതിക്രമം നേരിടാതെ മലയാള സിനിമയില്‍ തൊഴിലെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതിജീവതമാര്‍ക്ക് തുറന്നുപറച്ചിലുകള്‍ നടത്താനുള്ള ധൈര്യം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നത് വ്യക്തമാണ്. രേവതി സമ്പത്തും ശ്രീലേഖ മിത്രയും നടത്തിയ തുറന്നുപറച്ചിലുകള്‍ ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്ക് മുന്നോട്ട് വരാനുള്ള ധൈര്യം കൂടിയാണ് നല്‍കുന്നത്.

NATIONAL
തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; 7 മരണം
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?