
ഇന്ത്യന്‍ 2-ന്‍റെ റിലീസിന് പിന്നാലെ ചര്‍ച്ചയായി സംവിധായകന്‍ ശങ്കറിന്‍റെ പുതിയ സിനിമ. സാമൂഹിക പ്രസക്തിയുള്ള കൊമേഷ്യല്‍ ചിത്രങ്ങളും സയന്‍സ് ഫിക്ഷനുമൊക്കെ അനായാസം കൈകാര്യം ചെയ്ത ശങ്കര്‍ തന്‍റെ കരിയറിലെ ആദ്യ പീരിയോഡിക് ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിപിഎം എംപിയും തമിഴ് നോവലിസ്റ്റുമായ സു. വെങ്കിടേശന്‍റെ 'വേല്‍പാരി'എന്ന നോവലിനെ ആധാരമാക്കിയാണ് ശങ്കര്‍ സിനിമ ഒരുക്കുന്നത്.
'കോവിഡ് കാലത്താണ് ഞാന്‍ വേല്‍പാരി വായിക്കുന്നത്. നേരത്തെ പലരും ഇത് വായിക്കണമെന്നും എനിക്ക് ഇത് സിനിമയാക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഓരോ പേജ് വായിക്കുമ്പോഴും ആ സീനുകൾ എന്റെ മനസിൽ തെളിഞ്ഞുവന്നു. നോവൽ തീര്‍ന്നപ്പോള്‍ ഞാന്‍ പ്രമുഖ സാഹിത്യകാരനും സിപിഎം എംപിയുമായ സു. വെങ്കിടേശനെ വിളിച്ച് അതിന്‍റെ അവകാശം വാങ്ങി. മൂന്ന് ഭാഗങ്ങളായുള്ള സീരീസായി തിരക്കഥ തയ്യാറാക്കി വെച്ചിട്ടുണ്ട്. വലിയ ചിത്രമായതിനാല്‍ ഉടനെ തുടങ്ങാൻ സാധിക്കില്ല, എന്നിരുന്നാലും അത് വരും,' എന്ന് ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആരാണ് വേല്‍പാരി ?
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘകാലത്ത് തമിഴകത്തെ പരമ്പു നാട് എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു വേല്‍പാരി. സംഘകാല കവി കപിലന്‍ വേല്‍പാരിയുടെ അടുത്ത സുഹൃത്തായിരുന്നു. മുന്നൂറിലധികം ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പരമ്പുനാടിന്‍റെ അധികാര സ്ഥാനത്ത് ഇരുന്നുകൊണ്ട് തമിഴ് സാഹിത്യത്തെയും കലാരൂപങ്ങളെയും അദ്ദേഹം സംരക്ഷിച്ചിരുന്നതായി സംഘകാല കൃതികളില്‍ പരാമര്‍ശിക്കുന്നു. വേല്‍പാരിയുടെ സുഹൃത്തും കവിയുമായിരുന്ന കപിലന്‍ പൂറാനാനൂറില്‍ വേല്‍പാരിയെ കുറിച്ച് എഴുതിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂവേന്തര്‍ എന്നറിയപ്പെട്ടിരുന്ന ചേര ചോഴ പാണ്ഡ്യന്മാര്‍ പരമ്പുനാട് പിടിച്ചെടുക്കാന്‍ വേല്‍പാരിയോട് പോരാടി പരാജയപ്പെട്ടിരുന്നു. പിന്നീട് ചതിയിലൂടെ വേല്‍പാരിയെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.
അതേസമയം, കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ 2 നിരാശ സമ്മാനിച്ചു എന്നതാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ഭാഗത്തോട് ഒരു തരത്തിലും ചിത്രം കിടപിടിക്കുന്നില്ലെന്നും ബജറ്റിന്‍റെ ധാരളിത്തം മാത്രമാണ് സ്ക്രീനില്‍ കാണാന്‍ കഴിയുന്നതെന്നുമാണ് വിലയിരുത്തല്‍. സിനിമയുടെ അവസാനം ഇന്ത്യന്‍ മൂന്നാം ഭാഗത്തിന്‍റെ ടീസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വീരശേഖര സേനാപതിയുടെ കഥയാകും മൂന്നാം ഭാഗം പറയുക എന്നാണ് സൂചന.