ധൂം 4ല്‍ ശ്രദ്ധ കപൂര്‍ ഉണ്ടോ? വെളിപ്പെടുത്തലുമായി താരം

സ്‌ക്രീന്‍ മാഗസിന്റെ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം
ധൂം 4ല്‍ ശ്രദ്ധ കപൂര്‍ ഉണ്ടോ? വെളിപ്പെടുത്തലുമായി താരം
Published on


യഷ് രാജ് ഫിലിംസിന്റെ ധൂം 4ല്‍ ശ്രദ്ധ കപൂര്‍ നായികയാവുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ശ്രദ്ധ കപൂര്‍ തന്നെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്‌ക്രീന്‍ മാഗസിന്റെ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാന്‍ ഔദ്യോഗികമായി ഒരു സിനിമയും സൈന്‍ ചെയ്തിട്ടില്ല. എവിടെ നിന്നാണ് ഈ റൂമറുകള്‍ വന്നതെന്ന് എനിക്ക് അറിയില്ല. ഞാന്‍ സിനിമ സൈന്‍ ചെയ്തുവെന്നാണ് പകുതി റൂമറുകളും പറയുന്നത്. എന്നാല്‍ എനിക്ക് സത്യത്തില്‍ സിനിമ ഓഫര്‍ ചെയ്തിട്ട് പോലും ഇല്ല', എന്നാണ് ശ്രദ്ധ കപൂര്‍ പറഞ്ഞത്.

എന്നാല്‍ നേരത്തെ തന്നെ ശ്രദ്ധ കപൂര്‍ ആയിരിക്കില്ല ധൂം 4ലെ നായിക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒന്നല്ല രണ്ട് പേരാണ് ധൂം 4ലെ നായികമാരാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കിയാര അദ്വാനിയും ഷര്‍വരിയുമാണ് അവര്‍ എന്നാണ് സൂചന.

വേക്ക് അപ്പ് സിദ്ദ്, ബ്രഹ്‌മാസ്ത്ര എന്നീ ചിത്രങ്ങളുടെ സംവിധായകനായ അയാന്‍ മുഖര്‍ജിയായിരിക്കും ധൂം 4 സംവിധാനം ചെയ്യുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധൂം ഫ്രാഞ്ചൈസിലെ മറ്റ് താരങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എല്ലാ ധൂം സിനിമകളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുവ താരങ്ങളിലെ വലിയ ഹീറോകളായിരിക്കും അവര്‍ക്ക് പകരം സിനിമയില്‍ ഉണ്ടാവുക. ധൂം 4 ധൂം ഫ്രാഞ്ചൈസിലെ ഏറ്റവും വലിയ ചിത്രം മാത്രമായിരിക്കില്ല. ആഗോള നിലവാരത്തിലുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര എന്നിവരായിരുന്നു അവസാനത്തെ ധൂം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ധൂം 4 2025 അവസാനമോ 2026 ആദ്യമോ തിയേറ്ററിലെത്തുമെന്നാണ് സൂചന. നിലവില്‍ ഷര്‍വതി ആല്‍ഫ എന്ന യആര്‍എഫ് പ്രൊജക്ടിന്റെ ചിത്രീകരണത്തിലാണ്. ആലിയയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കിയാര ഡോണ്‍ 3യില്‍ രണ്‍വീര്‍ സിംഗിന്റെ നായികയായി എത്തുമെന്നാണ് സൂചന.









Related Stories

No stories found.
News Malayalam 24x7
newsmalayalam.com